Sunday, June 29, 2008

മോഷണം

ജയിലിലും പുറത്തും കള്ളന്മാരുള്ള കാലം.
പിടിക്കപ്പെട്ട കൊച്ചു കള്ളന്മാര്‍ അകത്തും.
പിടിക്കപ്പെടാത്ത വലിയ കള്ളന്മാര്‍ പുറത്തും.

“വിലയുള്ളതൊക്കെ ലോക്കറിന്‍ സൂക്ഷിക്കണം.“
അവന്‍ അവളെ ഉപദേശിച്ചു.

അവള്‍ പണവും പണ്ടവും കൂടെ ഹൃദയവും ലോക്കറില്‍ വെച്ചു.
കാമുകന്‍ ലോക്കര്‍ തുറന്ന് പണവും പണ്ടവും മോഷ്‌ടിച്ച് നാടുവിട്ടു.

ഒരു പെരും കള്ളന്‍ മോഷ്‌ടിക്കാനായ് വന്നു
തുറന്ന ലോക്കറിനുള്ളീല്‍ ഒരു ഹൃദയമിരുന്ന് കരയുന്നത് കണ്ടു
“ഹൃദയമെങ്കില്‍ ഹൃദയം“
പെരുംകള്ളന്‍ അവളുടെ ഹൃദയം സ്വന്തമാക്കി.

Sunday, June 22, 2008

തലയില്ലാത്ത ചിത്രം

ടൌണ്‍ഹാളിലെ ചിത്രപ്രദര്‍ശനം കാണാന്‍ പോകവെ
ഓടയിലൂടെ പാലും തേനും ഒഴുകുന്നത് കണ്ടു
നേതാക്കള്‍ മുഖത്തു നോക്കുകയും
ചിരിക്കുകയും ചെയ്യുന്നു
ഒരു പൊതുതെരഞ്ഞെടുപ്പുകൂടി ആസന്നമായെന്നറിഞ്ഞു

ചിത്രകാരന്‍ ഹാളിന്റെ മൂലയ്‌ക്കിരുന്ന് ചിത്രം വരയ്‌ക്കുന്നു
കൈയും കാലും ശരീരവും വരച്ചു കഴിഞ്ഞു
തല വരച്ചിരുന്നില്ല
പൂര്‍‌ത്തിയാക്കാത്ത ചിത്രം ചുളു വിലയ്‌ക്ക് വാങ്ങി

തലയില്ലാത്ത ചിത്രവും വാങ്ങിപ്പോകുന്ന കഴുതയെ കണ്ട്
ചിലര്‍ മനസ്സിലെന്തോ പറഞ്ഞ് ചിരിച്ചു
അവര്‍ക്ക് അറിയില്ലല്ലോ
ഇത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രമാണെന്ന്

Sunday, June 15, 2008

റോഡ് മുറിച്ച് കടക്കുമ്പോള്‍...

റോഡിന്റെ ഇരു വശത്തേക്കും നോക്കി വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ റോഡ് മുറിച്ചു കടക്കാന്‍ പാടുള്ളൂ എന്ന് ചെറിയ ക്ലാസ്സില്‍ പഠിക്കുന്നതാണ്.

ആ വൃദ്ധന്‍ അതൊന്നും ശ്രദ്ധിച്ചിരിക്കില്ല.

ആരൊക്കെയാ വണ്ടിക്കു മുന്‍‌പില്‍ വന്നു പെടുന്നതെന്ന് കാണാന്‍ വാഹനത്തിന്‍ കണ്ണില്ലല്ലോ !

അത് ഓടിക്കുന്ന ഡ്രൈവറുടെ കാഴ്‌ചയില്‍ നിശ്ചിതസമയത്തിനുള്ളില്‍ ഓടിയെത്തേണ്ട ലക്ഷം മാത്രമാണുള്ളത്.

വണ്ടിയിലെ യാത്രക്കാര്‍ ഉറക്കത്തിന്റെ ആലസ്യത്തിലാണ്. മിക്കവരും കണ്ണുകള്‍ പൂട്ടി ഉറക്കം നടിക്കുകയാണ്. വടിയും കുത്തിപ്പിടിച്ച് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച വൃദ്ധനെ ഇടിച്ചു തെറിപ്പിച്ചതൊന്നും അവര്‍ അറിയുന്നില്ലെന്നു നടിച്ചു, കാരണം അവരാരും അല്ലല്ലോ ആ വൃദ്ധന്‍.

കണ്ടക്‌ടര്‍ തലപുറത്തേക്കൊന്നിട്ടു നോക്കി, ലക്ഷ്യത്തിലേക്ക് ഡബിള്‍‌ ബെല്ലു കൊടുത്തു. ബസ്സ് പൊടി പറത്തി യാത്ര തുടര്‍‌ന്നു.

തിരക്കുള്ള ജനം വണ്ടിയിടിച്ച് മരിച്ചു കിടക്കുന്ന വൃദ്ധനെ നോക്കി – കാണാതെ തിരക്കില്‍ ലയിച്ചു.

കാവല്‍ നിന്ന പോലീസുകാരന്‍ ഡ്യൂട്ടി കഴിയാറായിട്ടും അവകാശികളെത്താത്തതില്‍ പരിഭവിച്ച് ജഡം ഓടയിലെ ശക്‌തിയുള്ള ഒഴുക്കിലേക്ക് തള്ളി ഫയല്‍ ക്ലോസ്സു ചെയ്‌തു. ഓടവെള്ളം ചെന്ന് ചേരുന്നതും ഗംഗ പോലൊരു നദിയിലാണല്ലോ. കടലിലെത്തിലെങ്കിലും വിശ്രമിക്കട്ടെ ആര്‍‌ക്കും വേണ്ടാത്ത ജന്മം.

പത്രത്തിന്റെ ചരമപേജില്‍ സ്വന്തം മുഖം തിരയുന്നവര്‍ അന്യന്റെ മുഖമെങ്ങനെ കാണാന്‍ !

വിലയില്ലാത്ത വാര്‍‌ത്തകള്‍ വിലയുള്ള ചാനല്‍ കാണുമോ ?

ആ വൃദ്ധനായ കണ്ണുപൊട്ടന്‍ ഒരിക്കലെങ്കിലും വണ്ടിയെ തൊട്ടറിഞ്ഞല്ലോയെന്ന് നമുക്കാശ്വസിക്കാം.

Saturday, June 14, 2008

ഇടവേളയില്‍ തുടങ്ങിയത്

അവളുടെ അര്‍‌ദ്ധനഗ്‌ന മേനിയൊ മുഖ സൌന്ദര്യമോ ആയിരുന്നില്ല, ആ മുഖത്ത് വിരിഞ്ഞ ആരെയും മയക്കുന്ന ചിരിയായിരുന്നു അവനെയും ആകര്‍ഷിച്ചത്.

അവളില്ലാതൊരു ജീവിതം അസാധ്യമാണെന്ന് അറിയുകയായിരുന്നു.

ആ ചിരി ജീവിതസന്ധ്യകളില്‍ ആശ്വാസമാകുമെന്നു ചിന്തിച്ച്, ഒന്നിച്ച് ജീവിതം തുടങ്ങി.

കൈ പിടിച്ചു നടന്നത് സ്വര്‍‌ഗ്ഗത്തിലൂടെയാണെന്ന് നിനച്ചു.

ആര്‍‌ഭാടങ്ങള്‍ വിലകൊടുത്ത് വാങ്ങുമ്പോള്‍ പോക്കറ്റ് കാലിയാകുന്നത് അറിയുന്നുണ്ടായിരുന്നുവോ ?

കടം വാങ്ങി ചിലവാക്കുമ്പോഴും അവള്‍ കൈയില്‍ മുറികെ പിടിച്ചിട്ടുണ്ടായിരുന്നു.

കാലം ചവച്ചു തുപ്പിയ ചണ്ടി...
കടം കയറി മുടിഞ്ഞവന്‍....
അവളുടെ മുന്‍‌പില്‍ ഫാനില്‍ തൂങ്ങി ആടുമ്പോഴും....

അവള്‍ സ്‌ക്രീനില്‍ ചിരിച്ചുകൊണ്ട് പുതിയ ഇരകള്‍‌ക്ക് വേണ്ടി വല വീശുകയായിരുന്നു.

Monday, June 9, 2008

പ്രതിഷേധിക്കുന്നു.......



കേരള്‍സിന്റെ തെറ്റായ നടപടികളില്‍ പ്രതിക്ഷേധിച്ച്
ബൂലോകം ആചരിക്കുന്ന കരിവാരത്തോട്
ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.....
മോഷണത്തിനും ബൂലോകര്‍‌ക്കെതിരെയുള്ള
ഭീഷണിക്കും എതിരെ പ്രതിഷേധിക്കുന്നു.......