Monday, November 26, 2007

തകരുന്ന പാലങ്ങളും കാരണങ്ങളും

ഈ പാലത്തിന് അന്‍‌പതു വര്‍‌ഷത്തിന്മേല്‍ പ്രായമുണ്ട്. വല്ല ബലക്ഷയവും.
ചാനല്‍ ക്യാമറയ്‌ക്ക് പാലത്തിലൂടെ പോകുമ്പോള്‍ വെറുതെ തോന്നിയ സംശയം.
അടുത്ത അന്വേഷണ റിപ്പോര്‍‌ട്ട് ഇതു തന്നെയാകട്ടെ.
“തകരുന്ന പാലങ്ങളും കാരണങ്ങളും”

ക്യാമറക്കണ്ണുകള്‍ പാലത്തിനു മുകളില്‍ നിന്ന് പലദൃശ്യങ്ങള്‍ പകര്‍‌ത്തി.
ഇരു കരയിലും നിറഞ്ഞ പച്ചപ്പ്.
ഒഴുക്കിന്റെ കള കളാരവം ശ്രദ്ധിച്ചാല്‍ കേള്‍ക്കാം.
വിദേശ നിര്‍‌മ്മിതകാറുകള്‍ പാലത്തിലൂടെ പോകുന്നു.
വലിയ ചരക്കുലോറികള്‍ പോകുമ്പോള്‍ പാലം കുലുങ്ങുന്നുണ്ട്.

പാലത്തിന്റെ അടിയില്‍ പോയി നോക്കണം.
അവിടെ മുന്‍‌പ്‌ കുട്ടികള്‍ ചീട്ടുകളിച്ചിരുന്നു.
ഇന്ന് ആരും അങ്ങോട്ടു പോകാറില്ല.
അവിടെ മുഴുവന്‍ കാടുപിടിച്ചു കിടക്കുകയാണ്.

പാലത്തിന്റെ ഒരരുകിലുള്ള ഇടവഴിയിലൂടെ പാലത്തിന്റെ അടിയിലെത്തി.
പാലത്തിന് ബലക്ഷയം ഉണ്ട്.
പലതാണ് കാരണം.
മണ്ണുവാരല്‍ മൂലം തൂണുകളുടെ അടിഭാഗം വളരെ താണിരിക്കുന്നു.
സിമെന്റു പൊട്ടി തുരുമ്പിച്ച കമ്പികള്‍ പുറത്തേക്കുന്തി നില്‍ക്കുന്നു.

ഗവണ്മെന്റ് കോണ്‍‌ട്രാക്‌ടറും മുന്‍‌സിപ്പല്‍ കൌണ്‍‌സിലിലെ വനിതാമെമ്പറും പാലത്തിനടിയില്‍ നില്‍ക്കുന്നത് ക്യാമറക്കണ്ണുകള്‍ കണ്ടു.
ഇവര്‍ ഇവിടെ എന്തെടുക്കുകയാണ് ?
സംശയകരമായ സാഹചര്യത്തില്‍ ക്യാമറ അവരെ കാണുവാന്‍ പാടില്ലായിരുന്നു.

എങ്കിലും പാലം തകരുന്നതിനുള്ള യഥാര്‍‌ത്ഥ കാരണം കണ്ടെത്തുവാനായി.
അധികാരികളും കോണ്‍‌ട്രാക്‌ടര്‍‌മാരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടുമൂലമാണ് പാലങ്ങള്‍ തകരുന്നത്.

അത്രയും റെക്കോര്‍‌ഡു ചെയ്‌ത കാസ്സറ്റ് കോണ്‍‌ട്രാക്‌ടറെ ഏല്‍‌പ്പിച്ച് പതിനായിരത്തിന്റെ ചെക്കും വാങ്ങിപോരുമ്പോള്‍, ക്യാമറ പല പ്രാവശ്യം പറഞ്ഞ് സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചു.
“ പാലത്തിന്റെ ബലക്ഷയത്തെപ്പറ്റി പഠിക്കാനാണ് അവര്‍ വന്നത്”

Thursday, November 22, 2007

സ്‌പെയര്‍ പാട്‌സ്

ആറ് ആണ്‍‌മക്കളും മൂന്ന് പെണ്‍‌മക്കളും ഉള്ള അപ്പച്ചന്‍ ആശുപത്രിയില്‍ മരിക്കുമ്പോള്‍ കരയാനും പതം പറയാനും മക്കളും ബന്ധുക്കളും ആരും ഉണ്ടായിരുന്നില്ല.
മക്കളെല്ലാം വിദേശത്താണ്, വളരെത്തിരക്കിലും......

അടുത്തുനിന്ന നേഴ്‌സുപെണ്ണു മാത്രം കരഞ്ഞു.
“അയ്യോ........, അപ്പച്ചന്‍ ഇത്ര വേഗം മരിച്ചുവോ ........!”
ദിവസങ്ങള്‍ മാത്രം പരിചരിച്ച നേഴ്‌സ്‌പെണ്ണിന് അപ്പച്ചനോട് ഇത്ര അടുപ്പമോ?
അപ്പച്ചന്റെ ഡെഡ് ബോഡി മറവുചെയ്യാനായി മുന്‍‌സിപ്പാലിറ്റിക്കാര്‍ കൊണ്ടു പോകുമ്പോഴും അവള്‍ കരയുകയായിരുന്നു.
അവള്‍ കരയുന്നതിനുള്ള കാരണം തിരക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല.

വൈകിട്ട് അവള്‍ ഡയറിയില്‍ എഴുതി..“ഇന്നു മരിച്ച അപ്പച്ചന്റെ സ്‌പെയര്‍ പാട്‌സ് എടുക്കുവാനുള്ള സമ്മതപത്രത്തില്‍ മരിക്കുന്നതിനു മുന്‍‌പ്‌ അപ്പച്ചന്റെ ഒപ്പു വാങ്ങിക്കാഞ്ഞതില്‍ ഡോക്‌ടര്‍ തന്നെ ഒത്തിരി വഴക്കു പറഞ്ഞു അതിനാല്‍ എനിക്ക് സങ്കടംവന്ന് ഞാന്‍ കരഞ്ഞു”

Friday, November 16, 2007

ചതിയന്‍ കാമുകന്‍

നാല്‍പ്പത്തി രണ്ടാം നമ്പര്‍ റൂമില്‍ ആദ്യമായാണ് കയറുന്നത്.
"നീ ഇവിടെ എത്തിയതെങ്ങനെയാണ്"
ഒരു തുടക്കത്തിനായ് വെറുതെ ലോഹ്യം ചോദിച്ചതാണ്
"എന്റെ കാമുകന്‍ ചതിച്ചതാണ്"
അവളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.
ഇത് അവള്‍ത്തന്നെ...........
പണം കൊടുത്ത് ഇറങ്ങി ഓടി......
അവള്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ ?

Friday, November 9, 2007

അന്വേഷണം

അന്വേഷണം
അത് അനന്തമായ പ്രക്രീയ.

ആത്‌മാര്‍‌ത്ഥത മരിച്ചിട്ടെത്ര നാളായി?
എടുത്തു വെച്ച പടങ്ങളൊന്നുമില്ല.
ഓര്‍മ്മയില്‍ പോലുമില്ല

ജനനവും മരണവും എല്ലാം ചടങ്ങുകള്
‍നേര്‍ വരയിലൂടെ തിരക്കഥ തെറ്റാത്ത ജീവിതം
പുഞ്ചിരിയും പ്രണയവും എല്ലാം യാന്ത്രികം

ഒരു തിരിച്ചു പോക്ക്
തനിമയിലേക്ക്,
സ്വഭാവികതയിലേക്ക്.
ഒരു തിരിച്ചു പോക്ക്
അതുണ്ടാകുമോ ?

പവര്‍ ഡിസ്‌ക്കണക്‌ടു ചെയ്‌തു.
ഒരു യന്ത്രം ഇതില്‍ക്കൂടുതല്‍
ആലോചിക്കരുത്.

Tuesday, November 6, 2007

കുഞ്ഞനും മാലാഖയും

ഒരു മാലാഖ യാദൃശ്‌ചിഛികമായി ഭൂമിയില്‍ വന്നു.

കുഞ്ഞന്‍ ആദ്യമായാണ് മാലാഖയെ കാണുന്നത്.
നല്ല ശുഭ്രവസ്‌ത്രം ധരിച്ച, തിളങ്ങുന്ന കണ്ണൂകളുള്ള മാലാഖ.
കണ്ണുകള്‍‌ക്കെന്തൊരു വശ്യ ശക്‌തി,
മാലാഖ ചിരിക്കുമ്പോള്‍ പവിഴം പൊഴിയും
ആറു ചിറകുകളും ഒന്നിനൊന്നു മെച്ചം,
ശിരസ്സിനു ചുറ്റുമുള്ള ദിവ്യപ്രഭ മാലാഖയെ കൂടുതല്‍ മനോഹരിയാക്കുന്നു.

“ നീ എവിടെ നിന്നു വരുന്നു “ കുഞ്ഞന്‍ ചോദിച്ചു
“ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വരുന്നു” മാലാഖ പറഞ്ഞു.
“സ്വര്‍ഗ്ഗമോ അതെവിടെയാ” കുഞ്ഞന്‍ ആദ്യമായാണ് സ്വര്‍ഗ്ഗത്തെപ്പറ്റി കേള്‍ക്കുന്നത്.

മാലാഖ ഒന്നര മണിക്കൂര്‍ കൊണ്ട് സ്വര്‍ഗ്ഗത്തെപ്പറ്റി ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ചു.

സ്വര്‍ഗ്ഗത്തില്‍ എല്ലാവരും സന്തോഷവാന്മാരാണെന്നു കേട്ടപ്പോള്‍ കുഞ്ഞനും സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹം തോന്നി.

സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹമില്ലാത്തവര്‍ ആരെങ്കിലും ഉണ്ടോ?

കുഞ്ഞനെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടു പോകാമെന്ന് മാലാഖ സമ്മതിച്ചു.

“സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ മരിക്കണം. ഇപ്പോള്‍ മരിച്ചവര്‍ക്കു മാത്രമെ സ്വര്‍‌ഗ്ഗത്തില്‍ പ്രവേശനമുള്ളൂ” മാലാഖ പറഞ്ഞു.

സ്വര്‍ഗ്ഗത്തില്‍ പോകാന്‍‌വേണ്ടി മരിക്കാനും കുഞ്ഞന്‍ തയ്യാറായിരുന്നു.

മരിക്കുന്നതിനു മുമ്പ് കുഞ്ഞന്‍ അവസാനത്തെ ആഗ്രഹം ഒരു സംശയമായിരുന്നു.

“സ്വര്‍ഗ്ഗത്തില്‍ ബ്ലോഗ്ഗുണ്ടൊ ?” കുഞ്ഞന്‍ ചോദിച്ചു.

“ എന്താ ഈ ബ്ലോഗ്ഗ് “ മാലാഖയ്‌ക്ക് ബ്ലൊഗ്ഗിനെപ്പറ്റി അറിയില്ലായിരുന്നു.
കുഞ്ഞന്‍ മാലാഖയ്‌ക്ക് രണ്ടര മണിക്കൂര്‍ ബ്ലോഗ്ഗിനെപ്പറ്റി ക്ലാസ്സെടുത്തു.

“ബ്ലോഗ്ഗു നല്ലതാണ് പക്ഷേ സ്വര്‍ഗ്ഗത്തില്‍ ബ്ലോഗ്ഗില്ല” മാലാഖ പറഞ്ഞു.

കുഞ്ഞന്റെ മറുപടി ഉടന്‍ ഉണ്ടായി.
“നമുക്കിവിടെ വെച്ച് പിരിയാം ബ്ലോഗ്ഗില്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക് ഞാനില്ല, ഗുഡ് ബൈ”