Wednesday, December 9, 2009

പുസ്‌തക പ്രകാശനം

പുസ്‌തക പ്രകാശനം - ബാജിയുടെ കഥകള്‍ - ബെന്യാമിന്‍, ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്,
എന്‍. കെ. മാത്യു, ബിജു കെ. നൈനാന്‍, വിനോദ് കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സമീപംശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്
സുധീഷ് മാഷ്
രാജു ഇരിങ്ങല്‍
സദസ്സ് - മുന്‍‌നിര
അനില്‍ വേങ്കോട്, ബിജു അഞ്ചല്‍, ഫിറോസ് തിരുവത്ര, മണി ചാവക്കാട്, എം. കെ. നമ്പ്യാര്‍, ബാലചന്ദ്രന്‍ കൊന്നക്കാട്, ടി എസ്. നദീര്‍ തുടങ്ങിയവര്‍
സദസ്സ് - ഒരു വശം
സമ്പന്നമായ സദസ്സ്

Friday, November 13, 2009

പെറ്റു പെരുകുന്ന മയില്‍പ്പീലി

മലയാളം മാഷ് വെടിയേറ്റു മരിച്ചു. ആറാം ക്ലാസ്സിലെ അബ്‌ദുവിനെ പോലീസ് അറസ്‌റ്റു ചെയ്‌തു. ആറാം ക്ലാസ്സില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവം.പുറം തിരിഞ്ഞ് ബോര്‍ഡില്‍ എന്തോ എഴുതുകയായിരുന്നു മാഷ്. പെട്ടെന്ന് വലിയ ശബ്‌ദത്തില്‍ വെടി പൊട്ടുന്നത് എല്ലാവരും കേട്ടു.മാഷ് “അമ്മേ “ യെന്ന് വിളിച്ച് നിലത്തു വീണു.

കുട്ടികളില്‍ നിന്നെല്ലാം വലിയ വായില്‍ നിലവിളി ഉയര്‍ന്നു. പ്രധാന അദ്ധ്യാപകനും മറ്റ് അദ്ധ്യാപകരും ബഹളം കേട്ട് ഓടിയെത്തി. രക്തത്തില്‍ കുളിച്ച് പിടഞ്ഞു വീഴാന്‍ നിമിഷങ്ങളേ വേണ്ടി വന്നുള്ളു.

വെടി വെച്ചത് പുറത്തു നിന്നുള്ളവരാകാന്‍ വഴിയില്ല. ഗുരുവിന്റെ നേരെ വെടിയുതിര്‍ത്ത പാപി ആരാണ് ?

പോലിസ് എത്തി. എല്ലാ കുട്ടികളേയും ചോദ്യം ചെയ്‌തു. ആരാണിത് ചെയ്‌തതെന്ന് ആര്‍ക്കും അറിയില്ല. പോലീസ് ക്ലാസ്സ് മുഴുവന്‍ പരിശോദിച്ചു. അബ്‌ദുവിന്റെ പാഠപുസ്‌തകത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്ന തൊണ്ടി കണ്ടെത്തി. ഒരു തോക്കിന്റെ ചിത്രം.

തന്നെ എന്തിനാണ് പോലീസ് ജീപ്പില്‍ കയറ്റിയിരിക്കുന്നതെന്ന് അബ്‌ദുവിനു മനസ്സിലായില്ല.അവന്റെ പേര് അബ്‌ദുവെന്നായത് ഒരിക്കലും അവന്റെ കുറ്റം കൊണ്ടല്ല. അവിടെ ഇരിക്കുമ്പോഴും അവന്‍ മയില്‍പ്പീലിയുടെ ലോകത്തായിരുന്നു.മയില്‍പ്പീലികള്‍ പുസ്‌തകത്താളുകളില്‍ വെച്ചാല്‍ പെറ്റുപെരുകുമെന്ന് പറയുന്നത് വെറുതെയല്ലാ. പത്രത്തില്‍ നിന്ന് വെട്ടിയെടുത്ത് പുസ്‌തക്ത്തിനുള്ളില്‍ സൂക്ഷിച്ചുവെച്ചിരുന്ന തോക്കിന്റെ ചിത്രം പെറ്റുപെരുകുകയായിരുന്നു.

Saturday, June 27, 2009

വിഷമുള്ള പാമ്പ് - സൂക്ഷിക്കുക

നാല്‍ക്കവലയിലെ നിറം മങ്ങിയ പ്രതിമയുടെ ചുവട്ടിലൂടെ ഒരു പാമ്പ് ഇഴഞ്ഞു നീങ്ങുന്നു.
ലാത്തിയുമായ് നിന്ന നിയമപാലകന്‍ ചുറ്റും നോക്കി
എറിയാനൊരു കല്ലൊ അടിക്കാനൊരു വടിയോ അടുത്തെങ്ങുമില്ല.
പരിപാവനമായ ലാത്തികൊണ്ട് പാമ്പിനെ തല്ലാമോ ?
ആലോചിച്ചു നിന്നപ്പോഴേക്കും പാമ്പ് പ്രതിമയുടെ ചുവട്ടിലുണ്ടായിരുന്ന പോട്ടിലൊളിച്ചു
നിയമപാലകനു കലി കയറി.
പാമ്പിന്‍ വിഷത്തിന്‍ നല്ല വിലയുണ്ട്.
പ്രതിമയുടെ കൈയില്‍ വടിയും ഉണ്ട്.
പാമ്പിനേയും വടിയേയും കൂട്ടിവായിച്ച നിയമപാലകന്‍
അര്‍ദ്ധ നഗ്നനെ കൈവിലങ്ങു വെച്ചു.