എഴുത്തുകാരന്റെ പക്ഷം ഏതായിരിക്കണം. അവന്‍ നീതിയുടേയും ന്യായത്തിന്റെയും പക്ഷത്തായിരിക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. അവന്റെ പക്ഷം ജനപക്ഷമാകണം. ജനം തെറ്റിലേക്കു നീങ്ങുമ്പോള്‍ മുന്നറിയിപ്പു നല്‍കേണ്ട പ്രവാചക ദൌത്യവും അവനുതന്നെയാണ്‍.
കണ്ണില്ലാത്തവന്റെ കണ്ണാവുക. ചെവിയില്ലാത്തവന്റെ ചെവിയാകുക. ശബ്‌ദമില്ലാത്തവന്റെ ശബ്‌ദമാകുക. ചൂഷണത്തിനിരയാകുന്നവനോടൊപ്പം നില്കേണ്ടവനാണ്‍ എഴുത്തുകാരന്‍. ഇരകളുടെ പക്ഷത്താകണം അവന്‍.
എല്ലാവരും കാണുന്നത് കാണുകയല്ല. എല്ലാവരും പറയുന്നത് പറയുകയല്ല. ആരു കാണാതെയും പറയാതെയും ഇരിക്കുന്നവ, കാഴ്‌ചകള്‍ക്ക് അഗോചരമായവ കണ്ടെത്തുകയാണ്‍ അവന്റെധര്‍മ്മം. എഴുത്തുകാരന്‍ ധീരനായിരിക്കണം. ഒരു ധീരനുമാത്രമേ നീതിക്കുവേണ്ടിയും ന്യായത്തിനു വേണ്ടിയും പോരാടാനും പോരാട്ടത്തിന്‍ ശക്തിപകരാനും സാധിക്കുകയുള്ളൂ. മാനവമോചനത്തെക്കുറിച്ചുള്ള സങ്കല്‌പം കാത്തു സൂക്ഷിക്കുന്നവനാകണം അവന്‍.
സാഹിത്യം ദര്‍ശനമാണ്‍, വിഭജനമില്ലാത്ത അവസ്ഥയെക്കുറിച്ചുള്ള ദര്‍ശനം. വിഭജിച്ചിരിക്കുന്നതിനെ ഒന്നിപ്പിച്ചാലും അത് സാഹിത്യമാകും. അനുരഞ്ജനത്തിന്റെ ശുശ്രൂഷകനാണവന്‍. എഴുത്തുകാരന്‍ ദര്‍ശനമുള്ളവനാകണം. ഇന്നിനേക്കാള്‍ ഒരുപടിയെങ്കിലും മെച്ചപ്പെട്ട നല്ല നാളെയെ കിനാവുകാണുകയും അതിനായ് വാക്കുകളെ ഞാണിന്മേല്‍ തൊടുക്കുന്നവനുമാകണം.
അക്ഷരങ്ങളുടെ, അതുകൊണ്ട് ഉണ്ടാക്കുന്ന വാക്കുകളുടെ, വാചകങ്ങളുടെ ശക്തി പറഞ്ഞറിയിക്കേണ്ടതില്ല. വാക്കാകുന്ന ആയുധം സൂക്ഷിച്ചുപയോഗിക്കണം. മൂര്‍ച്ചയുള്ള വാക്കുകള്‍ക്കൊണ്ട് വായനക്കാരന്റെ ഹൃദയത്തെ സ്‌പര്‍ശിക്കാനാവും. ഹൃദയ ശസ്‌ത്രക്രീയ നടത്താനാവും. മനസ്സിന്റെയും അതിലൂടെ ശരീരത്തിന്റെയും കേടുപാടുകള്‍ പരിഹരിക്കാനാവും. ധീരതയോടെ മുന്നേറുക, വായനക്കാരെ നാളെയിലേക്ക് നയിക്കുക.
Thursday, January 24, 2013
Subscribe to:
Post Comments (Atom)
1 comment:
ശരി തന്നെ.
Post a Comment