Monday, December 24, 2007

എയ് ആശാരി ചെക്കാ.......

രണ്ടായിരം വര്‍‌ഷങ്ങള്‍‌ക്കു ശേഷവും ഞങ്ങള്‍‌ ക്രിസ്‌തുമസ് ആഘോഷിക്കുകയാണ്.

നീ അന്നു ഞങ്ങള്‍‌ വില്‍‌പ്പനക്കാരെ പള്ളിയില്‍‌ നിന്നും ചാട്ടവാറുകൊണ്ട് അടിച്ച് പുറത്താക്കിയപ്പോയെ ഞങ്ങള്‍‌ മനസ്സില്‍‌ തീരുമാനിച്ചുറപ്പിച്ച മധുരമായ പ്രതികാരം. ഇന്ന് പള്ളികളില്‍‌ മാത്രമല്ല ലോകം മുഴുവന്‍‌ നിന്നെ ഞങ്ങള്‍‌ വില്‍‌ക്കുകയാണ്. ചൈനക്കാര്‍‌ക്കും പോലും നിന്നെ ഇന്ന് അറിയാം അവരാണ് വളരെ വിലക്കുറവില്‍‌ നിന്നെ വില്‍‌ക്കുന്നത്. നീയും നിന്റെ കൂട്ടുകാരായ മീന്‍‌ പിടുത്തക്കാരും ചേര്‍‌ന്ന് എന്തൊക്കെയാ ഇവിടെ ചെയ്‌തതെന്ന് ഓര്‍‌മ്മയുണ്ടോ ? മൂന്നര വര്‍‌ഷം കൊണ്ട് കുരിശില്‍‌ കയറേണ്ട വല്ലകാര്യവും ഉണ്ടായിരുന്നോ ?രണ്ടായിരം വര്‍‌ഷങ്ങള്‍‌ക്കു ശേഷവും നിന്നെ ഞങ്ങള്‍‌ വില്‍‌ക്കുന്നു.
ക്രിസ്‌തുമസെന്നാല്‍‌ സാന്താക്ലോസ്സിന്റെ ജന്മദിനമാണെന്നാണ് കുട്ടികളെ പഠിപ്പിക്കാറുള്ളത്.
ക്രിസ്‌തുമസ്സെന്നാല്‍‌ രാവെളുക്കോളമുള്ള പാടി പിരിവാണ്.
ക്രിസ്‌തുമസ്സെന്നാല്‍ ഗായക സംഘ മത്‌സരമാണ്.
ക്രിസ്‌തുമസ്സെന്നാല്‍ ക്രിസ്‌തുമസ് ട്രീയാണ്.
ക്രിസ്‌തുമസ്സെന്നാല്‍‌ പല നിറത്തിലുള്ള വലുപ്പത്തിലുള്ള നക്ഷത്രമാണ്.
ക്രിസ്‌തുമസ്സെന്നാല്‍ പല രുചിയിലുള്ള പല ആകൃതിയിലുള്ള കെയിക്കാണ്.
ക്രിസ്‌തുമസ്സെന്നാല്‍ തലെന്നാള്‍‌ വാങ്ങിവെച്ച മദ്യകുപ്പികളാണ്.
ക്രിസ്‌തുമസ്സെന്നാല്‍ പടക്കമാണ്.
ക്രിസ്‌തുമസ്സെന്നാല്‍ പുതിയ വസ്‌ത്രങ്ങളാണ്.
ക്രിസ്‌തുമസ്സെന്നാല്‍ പരീക്ഷയ്‌ക്കു ശേഷമുള്ള അവധി ദിനങ്ങളാണ്.
ക്രിസ്‌തുമസ്സെന്നാല്‍ ചാനലുകളില്‍‌ പുതിയ സിനിമയാണ്.
ക്രിസ്‌തുമസ്സെന്നാല്‍........
ക്രിസ്‌തുമസ്സെന്നാല്‍........
ക്രിസ്‌തുമസ്സെന്നാല്‍........
ലോകസമാധാനത്തിനു വേണ്ടി ഇനിയും നീ പിറക്കുകയാണെങ്കില്‍‌ ......
നല്ല കുലത്തില്‍‌ പിറക്കണം. ( ആശാരി ചെക്കനായി പിറക്കരുത്.)

ലോകത്തിന്റെ ഏതുമൂലയിലും നിന്റെ പേരില്‍‌ വസ്‌തുവും ബഹുനില ബില്‍‌ഡിഗുംകളും ഉണ്ട്. (പശുവിന്റെ എരുത്തിലില്‍‌ പിറക്കരുത്.)

നിനക്കു പഠിക്കുവാനായി സഭ നടത്തുന്ന സ്‌ക്കൂളും കോളേജും ഉണ്ട്. ( സഭ പറയുന്നത് മാത്രം പഠിക്കുക പഠിപ്പിക്കുക)

അധികാരികളോട് മത്‌സരിക്കരുത് ( മൂന്നരവര്‍‌ഷവും കുരിശും മൂന്നരദിവസവും കുരിശുമാക്കും)

പിന്നെ പ്രധാനകാര്യം ഞങ്ങള്‍‌ വില്പനക്കാരോട് സഹകരിക്കുക നമുക്ക് എല്ലാം നല്ല ലാഭത്തില്‍‌ വില്‍‌ക്കാം...

ഹാപ്പി ക്രിസ്‌തുമസ്...............
ബാജി ഓടംവേലി & ഡാന്‍ മോന്‍

Tuesday, December 18, 2007

ഓര്‍‌മ്മകള്‍‌ വേട്ടയാടുന്നു

വലിയ വീട്ടിലെ പുതുമുതലാളി
ഉമ്മറത്തെ ചാരുകസേരയില്‍
കാലും നീട്ടിയിരിക്കുമ്പോള്‍
ഓര്‍‌മ്മയില്‍ തീ കോരിയിട്ട്
ഗെയിറ്റിംങ്കല്‍ ആ പിച്ചച്ചെക്കന്‍ വീണ്ടും വന്നു
ഒട്ടിയവയറും
കീറിയ വള്ളിനിക്കറും
അതേ മുഖവും
ചെക്കന്റെ മുഖത്തു നോക്കാതെ
ഒരു നാണയത്തുട്ടെറിഞ്ഞു കൊടുത്തു
അവന്‍ പോയില്ല.
വാച്ചുമാനെ വിട്ടോടിച്ചു
പട്ടിയെ തുറന്നുവിട്ടു
എന്നിട്ടും ആ പിച്ചച്ചെക്കന്‍ പോയില്ല.
കണ്ണാടിയില്‍ നോക്കുമ്പോളൊക്കെ കാണാം
ഒരല്പം പ്രായം കൂടിയിട്ടുണ്ട്‌
കുടവയറും കഷണ്ടിയും ഉണ്ട്
എങ്കിലും അതേ മുഖം
ഭിത്തിയില്‍ നിന്നും നിറതോക്കെടുത്ത് വെടിയുതിര്‍‌ത്തു
പിച്ചച്ചെക്കന്‍ മരിച്ചു വീണു.

Monday, December 17, 2007

നക്ഷത്ര പെണ്‍‌കുട്ടിയുടെ വിലാപം

തൂക്കുമരത്തിലേക്കു പോകുന്ന
നിന്നെ നോക്കി ഒരു നക്ഷത്രം പറയുന്നു
നീയെനിക്കായൊന്നു പുഞ്ചിരിക്കുമെങ്കില്‍
ഞാന്‍ മറക്കാം... എല്ലാം മറക്കാം... ക്ഷമിക്കാം...

സ്‌നേഹത്തിന്‍ കെണിയില്‍ വീഴ്‌ത്തിയതും
അമ്മയുടെ പ്രതീക്ഷകള്‍ കാറ്റില്‍ പറത്തിയതും
അച്‌ഛന്റെ ചില്ലുകൊട്ടാരം തട്ടിയുടച്ചതും
എന്നെ ഞാന്‍ നിനക്കായ് വിലപറയാതെ തന്നതും

നിന്നുയര്‍‌ച്ചക്കുവേണ്ടി ഞാന്‍
നിശബ്‌ദയായിരുന്നതും കിടന്നതും
നീയെന്നെ നാടും നഗരവും കൊണ്ടു നടന്നതും

നിന്റെ ആയിരം വിരലുകള്‍
എന്റെ കഴുത്തു ഞെരിച്ചതും

ആരോരും അറിയാതെ പാളത്തില്‍ തള്ളി
ട്രെയിനിന്റെ ശബ്‌ദത്തില്‍ ഓടി ഒളിച്ചതും

ഞാന്‍ മറക്കാം... എല്ലാം മറക്കാം... ക്ഷമിക്കാം...
നീയെനിക്കായൊന്നു പുഞ്ചിരിക്കുമെങ്കില്‍...

എങ്കിലും ഞാനൊന്നു ചോദിക്കട്ടെ
നീയെന്നെ സ്‌നേഹിച്ചിരുന്നുവോ ?
നിനക്കാരെയെങ്കിലും സ്‌നേഹിക്കാനാവുമോ ?