ശിഷ്യന്‍ : ഗുരോ... , തൊഴിലാളികളാണോ മുതലാളിമാരാണോ ആദ്യം ഉണ്ടായത് ?
ഗുരു : നല്ല ചോദ്യം, കോഴിയും മുട്ടയും പോലെ - മാങ്ങയും മാങ്ങാണ്ടിയും പോലെ ആദിയില്‍ അവര്‍ ഒന്നിച്ചായിരുന്നു.
ശിഷ്യന്‍ : ഗുരോ..., അവര്‍ പരസ്‌പര പൂരകങ്ങളല്ലേ, പിന്നെ എന്തേ എല്ലാ കഥയിലും മുതലാളിമാര്‍ക്ക് ക്രൂരതയുടെ മുഖം ?
ഗുരു : നിന്റെ ചോദ്യത്തില്‍ തന്നെ ഉത്തരം ഉണ്ട്. എങ്കിലും ഞാന്‍ വിശദീകരിക്കാം.
( ഗുരു മലമുകളിലെ പാറപ്പുറത്ത് കയറി കുന്തിച്ചിരുന്ന് മൊഴിഞ്ഞതെന്തെന്നാല്‍)
ഒരു അറബിനാട്ടില്‍ ഒരു മുതലാളിയും നാലു തൊഴിലാളികളും ജീവിച്ചിരുന്നു. മരുഭൂമിയുടെ നടുവിലുള്ള നീരൊഴുക്കുള്ള താഴ്‌വര മുതലാളിക്ക് സ്വന്തമായിരുന്നു. തൊഴിലാളികള്‍ രാവെളുക്കുവോളം വിശ്രമമില്ലാതെ അറബിയുടെ കൃഷിയിടം ഉഴുതു മറിച്ച്, വിത്തു പാകി, വെള്ളം നനച്ച്, കള പറിച്ച്, വളം ഇട്ട്, വിള വെടുക്കും. മുതലാളി അത് പട്ടണത്തില്‍ കൊണ്ടു പോയി വില്‍ക്കും. എന്നും വൈകിട്ട് മുതലാളി തന്നെയാണ് തൊഴിലാളികള്‍ക്ക് ഖുബ്ബൂസ് കൊടുക്കുന്നത്, അരുവിയില്‍ നിന്നും വെള്ളം ധാരാളമായി കുടിക്കാനും മുതലാളി അനുവദിച്ചിരുന്നു.
അങ്ങനെ മുതലാളിയും തൊഴിലാളിയും സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് സാത്താന്‍ തൊഴിലാളികളുടെ മനസ്സില്‍ ഉത്തേജകമരുന്ന് കുത്തി വെച്ചത് അവിടെ മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
തൊഴിലാളികള്‍ തിരിച്ചറിഞ്ഞു തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണ്. എത്ര വര്‍ഷമായി ലീവിനു പോയിട്ട്, ശമ്പളം കിട്ടിയിട്ട് മാസങ്ങളാകുന്നു, ഒരു നേരത്തെ ഭക്ഷണം കഴിച്ച് തങ്ങള്‍ പട്ടിണിക്കോലങ്ങളായി മാറിയിരിക്കുന്നു. തങ്ങളുടെ അദ്ധ്വാനം വിറ്റ് മുതലാളി തടിച്ച് കൊഴുത്ത് ആനപോലെ വളരുന്നു. മുതലാളിയുടെ ആര്‍ഭാട ജീവിതത്തിന്‍ തങ്ങള്‍ വളമാകുകയായിരുന്നു. ഇനിയും ഈ അനീതി അനുവദിച്ചു കൂടാ.
തൊഴിലാളികള്‍ സംഘടിച്ചു, മരത്തണലില്‍ ഒന്നിച്ചു കൂടി ആലോചിച്ചു. മുതലാളിയെ അപായപ്പെടുത്തുവാനും സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് ഓടി രക്ഷപെടുവാനും കൂട്ടായ തീരുമാനം എടുത്തു. മുതലാളി വരുന്ന വഴിയില്‍ ഒരു കിടങ്ങുണ്ടാക്കി അതില്‍ ചാടിച്ച് കൊല്ലുവാന്‍ ഉറച്ചു.
പിറ്റേ ദിവസം തന്നെ മുതലാളി വരുന്ന വഴിയില്‍ നാലു പേരും ചേര്‍ന്ന് വൃത്താകൃതിയില്‍ കിടങ്ങ് കുഴിക്കാന്‍ തുടങ്ങി. മുതലാളിയോടുള്ള വാശി കിടങ്ങിന്റെ ആഴത്തില്‍ നിന്ന് അളക്കാം.
കിടങ്ങിന്റെ പണിതീരും മുമ്പേ മുതലാളി എത്തി. കിടങ്ങില്‍ പണിയെടുക്കുന്ന അസ്ഥികൂടങ്ങള്‍ക്ക് മുകളിലേക്കാണ്‍ ആന പോലെ വീണത്. നാല്‍ തൊഴിലാളികളും ഒടിഞ്ഞു വീണ് തല്‍ക്ഷണം ചത്തു. മുതലാളി അവിടെക്കിടന്ന് വിശപ്പിന്റെ വിലയറിഞ്ഞ് മണ്ണുവാരി തിന്ന് വയറു പൊട്ടി മരിച്ചു.
അങ്ങനെ മുതലാളി വീണാല്‍ മുതലാളിയും തൊഴിലാളിയും ഇല്ലാതാകുമെന്ന ചൊല്ല് അറബിനാട്ടില്‍ പാട്ടായി.
ശിഷ്യന്‍ : ഗുരോ.., ഞാന്‍ ആലോചിക്കുകയായിരുന്നു... ശിഷ്യനുണ്ടായതുകൊണ്ടല്ലേ ഗുരു ഗുരുവാകുന്നതെന്ന്. എന്നിട്ടും എന്തേ എനിക്കൊരു വിലയുമില്ലാത്തത് ?
(ഗുരുവിനെ നേരിട്ട് ബാധിക്കുന്ന ചോദ്യം കേട്ട് ഗുരുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ശിഷ്യന്‍ താഴ്‌വാരത്തിലേക്ക് ഓടി രക്ഷപെട്ടതു കൊണ്ട് സംവാദം അവിടെ അവസാനിച്ചു.)
Tuesday, April 21, 2009
Subscribe to:
Posts (Atom)