Monday, February 11, 2013

കാവലാളാകുക

       നിന്റെ സഹോദരന്‍ എവിടെ? എന്ന ചോദ്യം അനാദികാലം മുതലെ അലയടിക്കുകയാണ്‍. എന്റെ സഹോദരന്റെ കാവലാളാണോ ഞാന്‍? എന്ന മറു ചോദ്യമെറിഞ്ഞ് ആ ചോദ്യത്തെ നാം ഇന്നും പ്രതിരോധിക്കുന്നു. എന്റെ സഹോദരന്റെ കാവല്ക്കാരനാകാന്‍ എനിക്കായില്ലെങ്കില്‍ പിന്നെ എന്തിനാണ്ഇങ്ങനെയൊരു ജീവിതം? എന്റെ അമ്മയുടെ ഉദരം പങ്കിട്ടവന്‍ മാത്രമല്ല എന്റെ സഹോദരന്‍. ഈ ഭൂമിയിലെ സര്‍വ്വചരാചരങ്ങളേയും സാഹോദര്യ മനോഭാവത്തോടെ കാണാനാകണം. അവയുടെ കാവലാളാകാന്‍ സാധിക്കണം.            തമിഴില്‍ പോലീസിന് 'കാവല്‍' എന്നാണ്‌ പറയുന്നത്. ഒരു പോലീസ്‌ എന്താകണോ അതാണു 'കാവല്‍'. പോലീസുകാരെ 'കാവലാള്‍' എന്നു വിളിക്കാന്‍ തോന്നിപ്പോകുന്നു. അതിനൊരു ശാലീനതയുണ്ട്‌, ഗൌരവവുമുണ്ട്‌. ആണ്‍പെണ്‍ ഭേദമില്ല, ആര്‍ഭാടത്തിനും കുറവില്ല. നല്ല സ്നേഹവും സൌഹൃദവും അനുഭവപ്പെടും.           മനുഷ്യന്റെ ഭൌതിക സൌകര്യങ്ങള്‍ ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നു. അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്എല്ലാ മേഖലയിലും കഴിഞ്ഞ നാളുകളില്‍ നാം നേടിയത്. ഉള്ള നന്മകളെ നശിപ്പിച്ചാകരുത് പുതിയ നേട്ടങ്ങള്‍. നമുക്കുണ്ടായിരുന്നതിനൊക്കെ, നേടിയതിനൊക്കെ കാവാലാളാകേണ്ടവരാണ്നാം. ഇതൊക്കെയും അടുത്തൊരു തലമുറയ്‌ക്കായ് കാത്തു സൂക്ഷിക്കുന്നൊരു നല്ല കാവലാളാകുക നാം.
             ഭൂമിയും പ്രകൃതിയും ദൈവം തന്ന കളിപ്പാട്ടമായി കാണരുത്. പെറ്റുവീണ മണ്ണിന്റെ പെറ്റമ്മയായ ഭൂമിയുടെ പ്രകൃതിയുടെ നാടിന്റെ കാടിന്റെ പുഴയുടെ കാറ്റിന്റെ പച്ചപ്പിന്റെ കാവലാളാകുക. ദേശത്തിന്റെ ദേശീയതയുടെ സ്വാതന്ത്ര്യത്തിന്റെ അഴിമതിയില്ലാത്ത സത്യസന്ധമായ ആദര്‍ശ രാഷ്‌ട്രീയത്തിന്റെ നവോത്ഥാനമൂല്യങ്ങളുടെ കാവലാളാകുക. ദുഃഖങ്ങളും സങ്കടങ്ങളും കേള്‍ക്കാനൊരു ചെവിയാണിന്നിന്റെ ആവശ്യം. ഒരു ചെവിയാകുക ആശ്വാസമേകുക. ഹൃദയത്തിന്റെ ഹൃദയരഹസ്യങ്ങളുടെ കാവലാളാകുക.                അക്ഷരങ്ങള്‍ക്ക്, വാക്കുകള്‍ക്ക്, വാക്കുകളിലെ ദര്‍ശനങ്ങള്‍ക്ക്, കനവുകള്‍ക്ക്, നന്മയുടെ ചെറുതിരികള്‍ക്ക്, ഒഴുകുന്ന കാലത്തിനും, അനിവാര്യമായ മാറ്റങ്ങള്‍ക്കും കാവലാളാകുക. നമ്മള്‍ കാവലാള്മാത്രമാണെന്നോര്‍ക്കുക വിളനിലങ്ങളൊക്കെ ഉടയോന്‍ കൊയ്‌തെടുത്തോട്ടെ നമുക്ക് അര്‍ഹതപ്പെട്ട കൂലി കിട്ടും. അതു മാത്രമേ നമുക്ക് അവകാശപ്പെട്ടതായുള്ളൂ.
             നീതിയും നിയമവും രണ്ടാണെന്നും മനസിലാക്കാം. നിയമ പോരാട്ടങ്ങളിലേര്‍പ്പെടാം എങ്കിലും നിയമം കൈയിലെടുക്കേണ്ടവരല്ല നമ്മള്‍. നിയമത്തിന്റെ കാവലാളുകളാണ്ചുമതലപ്പെട്ടവരുണ്ട് അവര്‍ അവരുടെ ജോലി ചെയ്യട്ടെ. നമുക്ക് നീതിയുടെ കാവലാളാകം. നീതിയുടെ ദേവതയായ തേമിസിന്റെ കണ്ണുകളിലെ കെട്ടഴിക്കാം.
            നാം കാവല്‍ക്കാരനാകുക കാവല്‍ക്കാരിയാകുക. കാവലാളിനും കാവലാളാകുക. സമരസൂര്യന്കാവലാളാകുക.