Monday, February 11, 2013

കാവലാളാകുക

       നിന്റെ സഹോദരന്‍ എവിടെ? എന്ന ചോദ്യം അനാദികാലം മുതലെ അലയടിക്കുകയാണ്‍. എന്റെ സഹോദരന്റെ കാവലാളാണോ ഞാന്‍? എന്ന മറു ചോദ്യമെറിഞ്ഞ് ആ ചോദ്യത്തെ നാം ഇന്നും പ്രതിരോധിക്കുന്നു. എന്റെ സഹോദരന്റെ കാവല്ക്കാരനാകാന്‍ എനിക്കായില്ലെങ്കില്‍ പിന്നെ എന്തിനാണ്ഇങ്ങനെയൊരു ജീവിതം? എന്റെ അമ്മയുടെ ഉദരം പങ്കിട്ടവന്‍ മാത്രമല്ല എന്റെ സഹോദരന്‍. ഈ ഭൂമിയിലെ സര്‍വ്വചരാചരങ്ങളേയും സാഹോദര്യ മനോഭാവത്തോടെ കാണാനാകണം. അവയുടെ കാവലാളാകാന്‍ സാധിക്കണം.            തമിഴില്‍ പോലീസിന് 'കാവല്‍' എന്നാണ്‌ പറയുന്നത്. ഒരു പോലീസ്‌ എന്താകണോ അതാണു 'കാവല്‍'. പോലീസുകാരെ 'കാവലാള്‍' എന്നു വിളിക്കാന്‍ തോന്നിപ്പോകുന്നു. അതിനൊരു ശാലീനതയുണ്ട്‌, ഗൌരവവുമുണ്ട്‌. ആണ്‍പെണ്‍ ഭേദമില്ല, ആര്‍ഭാടത്തിനും കുറവില്ല. നല്ല സ്നേഹവും സൌഹൃദവും അനുഭവപ്പെടും.           മനുഷ്യന്റെ ഭൌതിക സൌകര്യങ്ങള്‍ ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നു. അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്എല്ലാ മേഖലയിലും കഴിഞ്ഞ നാളുകളില്‍ നാം നേടിയത്. ഉള്ള നന്മകളെ നശിപ്പിച്ചാകരുത് പുതിയ നേട്ടങ്ങള്‍. നമുക്കുണ്ടായിരുന്നതിനൊക്കെ, നേടിയതിനൊക്കെ കാവാലാളാകേണ്ടവരാണ്നാം. ഇതൊക്കെയും അടുത്തൊരു തലമുറയ്‌ക്കായ് കാത്തു സൂക്ഷിക്കുന്നൊരു നല്ല കാവലാളാകുക നാം.
             ഭൂമിയും പ്രകൃതിയും ദൈവം തന്ന കളിപ്പാട്ടമായി കാണരുത്. പെറ്റുവീണ മണ്ണിന്റെ പെറ്റമ്മയായ ഭൂമിയുടെ പ്രകൃതിയുടെ നാടിന്റെ കാടിന്റെ പുഴയുടെ കാറ്റിന്റെ പച്ചപ്പിന്റെ കാവലാളാകുക. ദേശത്തിന്റെ ദേശീയതയുടെ സ്വാതന്ത്ര്യത്തിന്റെ അഴിമതിയില്ലാത്ത സത്യസന്ധമായ ആദര്‍ശ രാഷ്‌ട്രീയത്തിന്റെ നവോത്ഥാനമൂല്യങ്ങളുടെ കാവലാളാകുക. ദുഃഖങ്ങളും സങ്കടങ്ങളും കേള്‍ക്കാനൊരു ചെവിയാണിന്നിന്റെ ആവശ്യം. ഒരു ചെവിയാകുക ആശ്വാസമേകുക. ഹൃദയത്തിന്റെ ഹൃദയരഹസ്യങ്ങളുടെ കാവലാളാകുക.                അക്ഷരങ്ങള്‍ക്ക്, വാക്കുകള്‍ക്ക്, വാക്കുകളിലെ ദര്‍ശനങ്ങള്‍ക്ക്, കനവുകള്‍ക്ക്, നന്മയുടെ ചെറുതിരികള്‍ക്ക്, ഒഴുകുന്ന കാലത്തിനും, അനിവാര്യമായ മാറ്റങ്ങള്‍ക്കും കാവലാളാകുക. നമ്മള്‍ കാവലാള്മാത്രമാണെന്നോര്‍ക്കുക വിളനിലങ്ങളൊക്കെ ഉടയോന്‍ കൊയ്‌തെടുത്തോട്ടെ നമുക്ക് അര്‍ഹതപ്പെട്ട കൂലി കിട്ടും. അതു മാത്രമേ നമുക്ക് അവകാശപ്പെട്ടതായുള്ളൂ.
             നീതിയും നിയമവും രണ്ടാണെന്നും മനസിലാക്കാം. നിയമ പോരാട്ടങ്ങളിലേര്‍പ്പെടാം എങ്കിലും നിയമം കൈയിലെടുക്കേണ്ടവരല്ല നമ്മള്‍. നിയമത്തിന്റെ കാവലാളുകളാണ്ചുമതലപ്പെട്ടവരുണ്ട് അവര്‍ അവരുടെ ജോലി ചെയ്യട്ടെ. നമുക്ക് നീതിയുടെ കാവലാളാകം. നീതിയുടെ ദേവതയായ തേമിസിന്റെ കണ്ണുകളിലെ കെട്ടഴിക്കാം.
            നാം കാവല്‍ക്കാരനാകുക കാവല്‍ക്കാരിയാകുക. കാവലാളിനും കാവലാളാകുക. സമരസൂര്യന്കാവലാളാകുക.

Saturday, January 26, 2013

ആത്മകഥ

          ഒരു വ്യക്തി സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചെഴുതുന്ന കൃതിയാണ്‌ ആത്മകഥ. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ ഇംഗ്ലീഷ്‌ സാഹിത്യത്തിലും, പത്തൊന്‍പതാം നൂറ്റാണ്ടില്‍ മലയാളത്തിലും ആത്മകഥകള്‍ എഴുതപ്പെട്ടു തുടങ്ങി. സങ്കീര്‍ണ്ണവും ത്യാഗപൂര്‍ണ്ണവുമായ അനുഭവങ്ങളുടെ സത്യസന്ധമായ പ്രകാശനമാണ് ആത്മകഥാ സാഹിത്യം. അല്ലെങ്കില്‍ അങ്ങനെയേ ആകാവൂ എന്നാണ്തത്വം.               
                  ഇന്നലെകളില്‍ ലോകം വായിച്ചത് മഹാന്മാരുടെ ആത്മകഥകളാണ്. മുഗൾ സാമ്രാജ്യം സ്ഥാപിച്ച ബാബര്‍ ചക്രവർത്തിയുടേയും, മഹാത്മാ ഗാന്ധിയുടേയും , ജവഹര്‍ലാല്‍ നെഹ്രുവിന്റെയുമൊക്കെ ആത്മകഥകള്‍ ചരിത്രഗ്രന്ഥങ്ങള്‍ കൂടിയാണ്. മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ വിവിധ ഭാഷകളില്‍ നന്നായി ഇന്നും വായിക്കപ്പെടുന്നു. വി. ടി. ഭട്ടതിരിപ്പാട്, . എം . എസ് തുടങ്ങിയവരുടെ ആത്മകഥകള്‍ കാലത്തെ രാഷ്ട്രീയ ഗതിവിഗതികളിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. എന്നാല്‍ സാഹിത്യകാരന്മാര്‍ ആത്മകഥകള്‍ എഴുതുമ്പോള്‍ അവരുടെ നിര്‍ണ്ണയാതീതമായ മനോവ്യാപാരത്തില്‍ കൂടിയും വായനക്കാരന് കടന്നു പോകാനാകും.
                 എല്ലാ ജീവിതങ്ങള്‍ക്കും ഒരു ആത്മകദനം സാധ്യമാണ്. ലൈഗികത്തൊഴിലാളിയും കന്യാസ്‌ത്രീയും കള്ളനും എക്‌ട്രാ നടിയും മലയാളി ഹിജഡയും പറഞ്ഞുകൊടുത്തിട്ടാണെങ്കിലും ആത്മകഥകളെഴുതി പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ആത്മകഥ എന്നാല്‍ വലിയ മഹാന്മാര്‍ മാത്രം എഴുതുന്നതാനെന്ന തെറ്റിധാരണ തിരുത്തിക്കൊണ്ട് ഒരു മദ്യപാനിയുടെ ആത്മകഥയും പുറത്തിറങ്ങി. മരുഭൂമിയുടെ ആത്മകഥയും പുസ്‌തകരൂപത്തിലുണ്ട്. എഴുതിയതിലും വലിയ കഥകളാവും എഴുതപെടാതെ പോയിട്ടുണ്ടാവുക.
                 മരുഭൂമിയിലെ അനേകം ജീവിതങ്ങള്‍ ആത്മകഥകളാകേണ്ടതുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ജോലി ചെയ്യുകയും പിന്നെ ടി.വി. യ്‌ക്ക് മുന്നിലിരിക്കുകയും ഉറങ്ങുകയും മാത്രം പതിവായി ചെയ്യുന്ന എനിക്ക് എന്തുകഥയെന്ന് വിചാരിക്കുന്നവരും ഉണ്ടാകാം. നാളെയൊരിക്കല്‍ ഒരു ആത്മകഥ എഴുതേണ്ടി വന്നാലോ എന്ന ചിന്തയിലെങ്കിലും സാമൂഹ്യമായി സാംസ്‌കാരികമായി സമ്പന്ന ജീവിതം നയിക്കേണ്ടിയിരിക്കുന്നു.
                 നിന്നേപറ്റി എഴുതിവെച്ചില്ലെങ്കില്‍ നാളെ നീ അറബിയെ പറ്റിച്ച് കാശുകാരനായ കള്ളനൊ, അറബിപ്പൊന്ന് തട്ടിയെടുക്കാന്‍ വന്ന കൊള്ളക്കാരനോ, അടിച്ചമര്‍ത്താന്‍ വന്ന അധിനിവേശക്കാരനോ ആയി ചിത്രീകരിക്കപ്പെട്ടേക്കാം. നിന്റെ അദ്ധ്വാനത്തിന്റെ, വിയര്‍പ്പിന്റെ, കഷ്‌ടപ്പാടിന്റെ ചുട്ടുപൊള്ളുന്ന യാഥാര്‍ത്ഥ്യമൊന്നും ആരും ഓര്‍ക്കണമെന്നില്ല.
                 ജീവിതത്തെ നോക്കിക്കാണുന്ന രീതിയും ദര്‍ശനത്തിന്റെ പ്രത്യേകതകളും എഴുത്തിനെ സ്വാധീനിക്കാം. ആത്മകഥകള്‍ എല്ലാവരും എഴുതട്ടെ. അറിയപ്പെട്ടവരേക്കാള്‍ എത്രയോ കൂടുതല്‍ അനുഭവതലങ്ങളിലൂടെ കടന്നു പോയവാരായിരികും അറിയപ്പെടാത്തവര്‍.
                ഒരു ജീവിതവും നിസ്സാരമല്ല. എല്ലാത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. ജീവിതം എഴുതിവെയ്‌ക്കേണ്ടത് ആവശ്യമാണ്‍. ആത്മകഥകള്‍ വ്യക്തികളുടെ ജീവിതത്തിലൂടെ സമൂഹത്തിന്റെ ചരിത്രം രചിക്കുകയാണ്‍.

Thursday, January 24, 2013

എഴുത്തുകാരന്റെ പക്ഷം

                 എഴുത്തുകാരന്റെ പക്ഷം ഏതായിരിക്കണം. അവന്‍ നീതിയുടേയും ന്യായത്തിന്റെയും പക്ഷത്തായിരിക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. അവന്റെ പക്ഷം ജനപക്ഷമാകണം. ജനം തെറ്റിലേക്കു നീങ്ങുമ്പോള്‍ മുന്നറിയിപ്പു നല്‍കേണ്ട പ്രവാചക ദൌത്യവും അവനുതന്നെയാണ്‍.
                  കണ്ണില്ലാത്തവന്റെ കണ്ണാവുക. ചെവിയില്ലാത്തവന്റെ ചെവിയാകുക. ശബ്‌ദമില്ലാത്തവന്റെ ശബ്‌ദമാകുക. ചൂഷണത്തിനിരയാകുന്നവനോടൊപ്പം നില്കേണ്ടവനാണ്എഴുത്തുകാരന്‍. ഇരകളുടെ പക്ഷത്താകണം അവന്‍. 
                 എല്ലാവരും കാണുന്നത് കാണുകയല്ല. എല്ലാവരും പറയുന്നത് പറയുകയല്ല. ആരു കാണാതെയും പറയാതെയും ഇരിക്കുന്നവ, കാഴ്‌ചകള്‍ക്ക് അഗോചരമായവ കണ്ടെത്തുകയാണ്അവന്റെധര്‍മ്മം. എഴുത്തുകാരന്‍ ധീരനായിരിക്കണം. ഒരു ധീരനുമാത്രമേ നീതിക്കുവേണ്ടിയും ന്യായത്തിനു വേണ്ടിയും പോരാടാനും പോരാട്ടത്തിന്ശക്തിപകരാനും സാധിക്കുകയുള്ളൂ. മാനവമോചനത്തെക്കുറിച്ചുള്ള സങ്കല്‌പം കാത്തു സൂക്ഷിക്കുന്നവനാകണം അവന്‍.
                സാഹിത്യം ദര്‍ശനമാണ്‍, വിഭജനമില്ലാത്ത അവസ്ഥയെക്കുറിച്ചുള്ള ദര്‍ശനം. വിഭജിച്ചിരിക്കുന്നതിനെ ഒന്നിപ്പിച്ചാലും അത് സാഹിത്യമാകും. അനുരഞ്ജനത്തിന്റെ ശുശ്രൂഷകനാണവന്‍. എഴുത്തുകാരന്‍ ദര്‍ശനമുള്ളവനാകണം. ഇന്നിനേക്കാള്‍ ഒരുപടിയെങ്കിലും മെച്ചപ്പെട്ട നല്ല നാളെയെ കിനാവുകാണുകയും അതിനായ് വാക്കുകളെ ഞാണിന്മേല്‍ തൊടുക്കുന്നവനുമാകണം. 
                   അക്ഷരങ്ങളുടെ, അതുകൊണ്ട് ഉണ്ടാക്കുന്ന വാക്കുകളുടെ, വാചകങ്ങളുടെ ശക്തി പറഞ്ഞറിയിക്കേണ്ടതില്ല. വാക്കാകുന്ന ആയുധം സൂക്ഷിച്ചുപയോഗിക്കണം. മൂര്‍ച്ചയുള്ള വാക്കുകള്‍ക്കൊണ്ട് വായനക്കാരന്റെ ഹൃദയത്തെ സ്‌പര്‍ശിക്കാനാവും. ഹൃദയ ശസ്‌ത്രക്രീയ നടത്താനാവും. മനസ്സിന്റെയും അതിലൂടെ ശരീരത്തിന്റെയും കേടുപാടുകള്‍    പരിഹരിക്കാനാവും. ധീരതയോടെ മുന്നേറുക, വായനക്കാരെ നാളെയിലേക്ക് നയിക്കുക.

Wednesday, January 23, 2013

ജീവചരിത്രം

        നാസ്സ് ഗ്രൂപ്പിന്റെ സ്ഥാപകനായ അബ്‌ദുള്ള അഹമ്മദ് നാസ്സിന്റെ ജീവചരിത്രംഫ്രെം സര്‍വൈവെല്‍ ടു സിഗ്‌നിഫിക്കന്‍സ് വായിച്ചുകൊണ്ടിരിക്കുകയാണ്‍. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന ഹേമന്ദ് ജോഷിയാണ്ഈ എഴുപത്താറുകാരന്റെ ജീവചരിത്രം മനോഹരമായി തയ്യാറാക്കിയിരിക്കുന്നത്. വായനക്കൂട്ടത്തിലെ ഒരു സുഹൃത്താണ് ഈ പുസ്‌തകം വായിക്കാന്‍ നിര്‍ബ്ബന്ധിച്ചത്. ഇതേപോലെ എഴുതപ്പെടേണ്ട കുറേ ജീവിതങ്ങള്‍ നമ്മുടെ ഇടയിലുണ്ട് അവരേപ്പറ്റി എഴുതുവാന്‍ ആരെങ്കിലും മുന്നോട്ടുവരേണ്ടതുണ്ടെന്നും സുഹൃത്ത് ഓര്‍മ്മിപ്പിച്ചു.
            ഈ പുസ്‌തകം യുവസംരഭകര്‍ക്കും ജീവിതത്തില്‍ ഉയരാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊമൊക്കെയുള്ള ഒരു വഴികാട്ടിയാണ്‍. കാര്യങ്ങള്‍ വ്യത്യസ്ഥമായി ചെയ്യുന്നതിലൂടെ ഒരു സാധാരണക്കാരന്‍ അസാധാരണക്കാരനായ ചരിത്രമാണ്ഈ പുസ്‌തകം വിവരിക്കുന്നത്. ജീവിതമുന്നേറ്റം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പ്രചോദനാത്മകമാണ്ഈ മാത്യകാ ജീവിതം. ശുഭാപ്‌തി വിശ്വാസവും പോസിറ്റീസ് തിങ്കിങ്ങും ഇദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം നമുക്ക് കാണുവാനാകും. ഇദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ബഹറിന്റെ ചരിത്രവും നമുക്ക് മനസ്സിലാക്കാം.
            ഒരു വ്യക്തി മറ്റൊരാളുടെ ജീവിതാനുഭവങ്ങൾ എഴുതുകയാണെങ്കിൽ അതിനെ ജീവചരിത്രം എന്നാണ് പറയുന്നത്. സ്വയം രചിക്കുകയാണെങ്കില്‍ അത് ആത്മകഥയും. ഒരു വ്യക്തിയുടെ ജീവിതകാലത്തെയും സംഭവങ്ങളെയും ചിത്രീകരിക്കുന്ന ഗ്രന്ഥം. ഇത് ഉപന്യാസ രൂപത്തിലോ പുസ്‌തക രൂപത്തിലോ ആകണമെന്ന് നിര്‍ബ്ബന്ധമില്ല ചലച്ചിത്ര രൂപത്തിലായാലും ജീവചരിത്രം എന്നുതന്നെയാണ്പറയുന്നത്. ഒരാളല്ല പലര്‍ ചേര്‍ന്നും ജീവചരിത്രം എഴുതാറുണ്ട്.
            മലയാളത്തിലെ ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്ന കേരളകാളിദാസൻ എന്ന് അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ വിവര്‍ത്തനം ചെയ്ത മഹച്ചരിതസംഗ്രഹം ആണ്‍. ആധുനിക രീതിയിലുള്ള ആദ്യ മലയാള ജീവചരിത്രം വിശാഖം തിരുനാളിന്റെ മഹച്ചരിത സംഗ്രഹവും. കുമാരനാശാനെക്കുറിച്ചാണ്കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജീവചരിത്ര ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുള്ളത്. വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി സമഗ്രമായ ജീവചരിത്രക്കുറിപ്പായ ബഷീര്‍ - ഏകാന്തവീഥിയിലെ അവധൂതന്‍എന്ന പുസ്‌ത്കത്തിനാണ്2011 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ശ്രീ. എം.കെ.സാനുവിന്‌ ലഭിച്ചത്.
         ഈ പ്രവാസ മണ്ണില്‍ എഴുതപ്പെടേണ്ട ജീവിതങ്ങള്‍ ധാരാളം ഉണ്ട്. വളരെച്ചെറിയ രീതിയില്‍ തുടങ്ങി പടര്‍ന്നു പന്തലിച്ചവരുടെ ജീവിതപ്പടവുകള്‍ ഈ തലമുറയും വരും തലമുറയും അറിയേണ്ടതുണ്ട്. ജീവചരിത്രങ്ങൾ ഉത്തരവാദിത്വത്തോടെ നിഷ്പക്ഷമായി വേണം രചിക്കാൻ. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ചേർക്കണം. അനാവശ്യമായ പുകഴ്ത്തലോ താഴ്ത്തിക്കെട്ടോ ഇല്ലാതെ വസ്തുതാപരമായി വേണം ജീവചരിത്രങ്ങള്‍ രചിക്കാൻ.
          മലയാള മണ്ണില്‍ നിന്ന് വന്ന് വിവിധ മേഖലകളില്‍ വിജയം കൈവരിച്ച പലരേയും നമുക്കറിയാം. അവരെ അഭിമാനത്തോടെ നോക്കിക്കാണണം. മലയാളിക്ക് അവരേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കൂടുതല്‍ അസൂയയാകും തോന്നുക. ഈ രാജ്യത്തെയും സ്വന്തം രാജ്യത്തെയും പുരോഗതിയിലേക്ക് നയിക്കുന്നവരാണവര്‍. മറിച്ച് ഈ മരുഭൂമിയില്‍ പരാജയപ്പെട്ട ജീവിതമാണെങ്കിലും അതില്‍ നിന്നും നമുക്ക് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്.
         അനുഭവത്തില്‍ നിന്നും പഠിക്കുന്ന പാഠങ്ങളുടെ മൂല്യം അധികമാണ്‍. ജീവിചരിത്രങ്ങള്‍ വായനക്കാര്‍ക്ക് എന്നും പ്രചോദനം നല്‍കുന്നവയാണ്‍. മരുഭൂമിയില്‍ വാടാതെ തളര്‍ന്നു പന്തലിച്ച വടവൃക്ഷങ്ങളൊക്കെ ചരിത്രമാകേണ്ടതുണ്ട്. വരും തലമുറകള്‍ വായിച്ചറിയട്ടെ.

Wednesday, January 16, 2013

എഴുത്തുകാര്‍ - കൊട്ടുകാരന്‍

        മുത്തശ്ശിയുടെ നാവില്‍ നിന്ന് കഥകള്‍ കേട്ട് അനുഭവിച്ചൊരു ബാല്യകാലം ഉണ്ടായിരുന്നു. ഇന്ന് കഥ കഥപറയേണ്ടവരൊക്കെ വൃദ്ധസദനത്തില്‍ വിരുന്നു പോയിരിക്കുകയാണ്‍. ജനനത്തിനും മരണത്തിനും ഇടയിലുള്ള മൂന്നക്ഷരം ഓടിത്തീര്‍ക്കാന്‍ ബന്ധപ്പെടുന്ന തിരക്കുള്ള മനുഷ്യനെവിടെയാ കഥപറഞ്ഞു കൊടുക്കാന്‍ സമയം കിട്ടുക. കഥകളില്ലാതെ ഭാവന ഉണരാതെ ബാല്യങ്ങള്‍ മുരടിക്കുന്നു. കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കാമെന്നു വിചാരിച്ചാലും ദിവസവും പുതിയ കഥകളുണ്ടാക്കുന്ന മാന്ത്രികക്കുടുക്കയൊന്നും കൈവശമില്ലല്ലോ എന്ന തിരിച്ചറിവുണ്ടാകുന്നു.        
              ഇന്നത്തെ പല പ്രശസ്‌തരായ എഴുത്തുകാരും സത്യത്തില്‍ എഴുത്തുകാരല്ല. പിന്നയോ അവര്‍ കൊട്ടുകാരാണ്‍. അവര്‍ പേന ഉപയോഗിച്ച് പേപ്പറില്‍ ഒന്നും എഴുതാറില്ല. താളിയോലകളില്‍ ചിതലരിക്കാന്‍ തുടങ്ങിയ കാലത്ത് എഴുത്തോലയും നാരായവും ഉപേക്ഷിച്ചതുപോലെ പേനയും പേപ്പറും ഉപേക്ഷിച്ചിരിക്കുന്നു.
          കീബോര്‍ഡില്‍ വിരലുകള്‍ക്കൊണ്ട് കൊട്ടി താളം പിടിച്ച് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ അക്ഷരപ്പൂക്കള്‍ കഥയായും കവിതയായും നോവലായും വിരിയിക്കുന്നവരാണവര്‍. അവരും എഴുത്തുകാരെന്നു തന്നെയാണ്അറിയപ്പെടുന്നത്. എഴുത്തില്‍ അവര്‍ പുതിയ സാങ്കേതിക വിദ്യകള്‍ നന്നായി ഉപയോഗിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു. എഴുതുകയും വെട്ടിത്തിരുത്തുകയും പലപ്രാവശ്യം പകര്‍ത്തിയെഴുതുകയും മറ്റും നല്ല പരിശ്രമം ആവശ്യപ്പെടുന്നു. കമ്പ്യൂട്ടറിലെ എഴുത്തിന്ഒത്തിരി സൌകര്യങ്ങളുണ്ടെന്നത് തള്ളിക്കളയാനാവില്ല. പുതിയ കണ്ടുപിടിത്തങ്ങള്‍ മനുഷ്യനന്മയ്‌ക്കായി ഉപയോഗിക്കേണ്ടതു തന്നെയാണ്‍.
          എഴുത്തുകാര്‍ക്കിടയിലും വായനയുടെ കുറവുണ്ടെന്ന് സമ്മതിക്കാതെ വയ്യ. നല്ലൊരു എഴുത്തുകാരന്‍ തീര്‍ച്ചയയും നല്ലൊരു വായനക്കാരനായിരിക്കണം. തനിക്കു മുന്‍പെ എഴുതിയവര്‍ എന്ത് എഴുതി എന്ന് മനസ്സിലാക്കണം. തനിക്കൊപ്പം എഴുതുന്നവര്‍ എന്താണ്എഴുതുന്നതെന്ന് അറിഞ്ഞിരിക്കണം. വായിച്ചു വളര്‍ന്നാല്‍ വിളയും അല്ലെങ്കില്‍ വളയും എന്ന് പൊക്കമില്ലാത്തൊരാള്‍ പറഞ്ഞുവെച്ചിട്ടുണ്ട്.
          എഴുത്തില്‍ മറ്റാരെയും അനുകരിക്കാതെ നമുക്ക് നമ്മുടേതായ പാത വെട്ടിത്തുറക്കാനാവും. നമുക്ക നമ്മുടേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കണം. ആത്മാര്‍ത്ഥമായ് എഴുതിക്കൊള്ളുക നമ്മുടെ ശൈലി സ്വയം രൂപപ്പെട്ടുകൊള്ളും. ആദ്യവരിക്കവിത എഴിതുന്നതിനു മുന്‍പേ താനൊരു കവിയാകാന്‍ ജനിച്ചവാണെന്ന് ഉറപ്പുണ്ടായിരുന്ന പ്രതിഭാധനന്മാര്‍ നമുക്കുണ്ടായിരുന്നു.         
          ഈ മരുഭൂമിയില്‍ ഒത്തിരി ഒത്തിരി അനുഭവ സമ്പത്തുള്ളവര്‍ ആരും അറിയാതെ ജീവിച്ച് മരിക്കുന്നു. നാം അങ്ങനെ ജീവിച്ചു മരിക്കേണ്ടവരല്ല. അനുഭവങ്ങള്‍ വരും തലമുറയ്‌ക്കായ് എഴുതി വെയ്‌ക്കേണ്ട ചുമതല നമുക്കുണ്ട്. ഫോണും നെറ്റും കത്തെഴുത്തിന്റെ കഴുത്തിനു പിടിച്ചു. ഡയറിക്കുറിപ്പിന്റെ പേജുകള്‍ വലരു ചിലവ് കണക്കുകള്‍ അപഹരിച്ചു.
         നമ്മുടെ ഓര്‍മ്മകളില്‍ നല്ല വായനയുടെ ഒരു വസന്തകാലം നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്തെങ്കിലും എഴുതണം എന്ന് ആഗ്രഹിക്കുന്ന ഒരു മനസ്സും ബാക്കിയുണ്ട്. ഇനിയും താമസിച്ചിട്ടില്ല ഇപ്പോള്‍ത്തന്നെ എഴുതിത്തുടങ്ങുക. നിന്റെ വാക്കുകള്‍ക്കായ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരൊക്കയോ ഉണ്ടെന്ന് അറിയുക.
സസ്‌നേഹം
ബാജി ഓടംവേലി

Saturday, January 12, 2013

അജ്‌ഞാത ജഡം

പുഴക്കരയിലൊരാള്‍ക്കൂട്ടം
ഒരു ജഡം കരയ്‌ക്കടിഞ്ഞുഎല്ലാവരും നോക്കി വിധിയെഴുതിഅജ്‌ഞാത ജഡം
എന്റെ അപ്പനും അമ്മയും അല്ലഎന്റെ ഭാര്യയും മക്കളുമല്ലഎനിക്ക് അറിയാവുന്നവര്‍ആരും അല്ലവീണ്ടും സൂക്ഷിച്ചു നോക്കിഇനി ഞാനെങ്ങാനുമാണോ ?
ഞാനെന്നും അജ്‌ഞാതനായിരുന്നല്ലോ എനിക്കുപോലും.

ചെസ്‌കളി

രാജാവിനും മന്ത്രിക്കും കുഴപ്പമില്ല
ആനയ്‌ക്കും കുതിരയ്‌ക്കും പരിക്കുണ്ട്തേരുകള്‍ തകര്‍ക്കപ്പെട്ടുചെസ് ബോര്‍ഡ് രക്തത്തില്‍ മുങ്ങിഇരുപക്ഷത്തെയും കാലാളുകളെല്ലാം വെട്ടി മരിച്ചു.

തല ചായിക്കാനൊരിടം

മേല്‍ക്കൂരയുടെ മേലാപ്പില്ലാത്തൊരുവള്‍ക്ക്
തലചായിക്കാനൊരിടം വേണം
കടത്തിണ്ണയില്‍ പീഡകര്‍ കിടത്തില്ല
നല്ല ഉയരമുള്ളൊരു കെട്ടിടം കണ്ടെത്തി
അതിന്റെ മുകള്‍ നിലയില്‍ കയറി
അവിടെ നിന്നും താഴേക്കു ചാടി
മുകളിലേക്ക് പോയി, തലചായിച്ചു.

Thursday, January 10, 2013

നല്ല കുട്ടിക്കാലം

"ങ്ങള്‍ക്കൊരു നല്ല കുട്ടിക്കാലം ഉണ്ടായിരുന്നു" അപ്പൂപ്പന്‍ പറഞ്ഞു.
ആ നല്ല കുട്ടിക്കാലത്തിന്റെ ഓര്‍മ്മയ്‌ക്കായ് തന്റെ കാല്‍പ്പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന അപ്പൂപ്പന്‍താടിയെടുത്ത് കുട്ടികളെക്കാണിച്ചു. ഒരുപാട് വേനലും മഴയും വന്നുപോയിട്ടും അതിന്റെ തിളക്കം ഇന്നും മങ്ങിയിട്ടില്ല, അത് കാറ്റില്‍ പറത്തിക്കാണിച്ചപ്പോള്‍ സൂര്യപ്രഭയില്‍ വെട്ടിത്തിളങ്ങി. അപ്പൂപ്പന്‍ പല്ലുപോയമോണകാട്ടിച്ചിരിച്ചു. കുട്ടികള്‍ അതൊന്നും ഗൌനിച്ചില്ല. അവര്‍ കാര്‍ട്ടൂണിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു.
ഓര്‍മ്മകളുടെ പുസ്‌തകത്താളില്‍ മാനം കാണിക്കാതെ ഒളിപ്പിച്ചു വെച്ചിരുന്ന മയില്‍പ്പീലിയെടുത്ത് അപ്പൂപ്പന്‍ കുട്ടികളെക്കാണിച്ചു. മയില്‍പ്പീലി ആകാശം കാണിക്കാതെ വെച്ചാല്‍ പെറ്റുപെരുകും പോലും. കുട്ടികള്‍ അതൊന്നും കേട്ടില്ല. അതിലൊന്നും അവര്‍ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അവര്‍ കമ്പ്യൂട്ടര്‍ ഗെയിമിലായിരുന്നു. അപ്പൂപ്പന്‍ കുപ്പിയില്‍ അടച്ചു വെച്ചിരിക്കുന്ന മഞ്ചാടിക്കുരു, വളപ്പൊട്ടുകള്‍, അങ്ങനെ ഓര്‍മ്മകളിലെ സമ്പാദ്യം എല്ലാം എടുത്തു കാണിച്ചു. കുട്ടികള്‍ക്ക് അതൊന്നും കാര്യമായി തോന്നിയില്ല. അതൊന്നും അവരെ സന്തോഷിപ്പിച്ചില്ല. അവര്‍ സൈബര്‍ ലോകത്തെവലയിലെ കണ്ണികളാവുകയായിരുന്നു. അപ്പൂപ്പന്‍താടിയുടെ ശല്യം സഹിക്കാതെ അതിനെ മൂന്നാം നിലയിലെ ജനാലയിലൂടെ താഴേക്കു പറത്തി, മയില്‍പ്പീലി മാനം കണ്ടു, മഞ്ചാടിക്കുരുവും വളപ്പൊട്ടുകളും തറയില്‍ വീണ് ചിന്നിച്ചിതറി.
ഭിത്തിയില്‍ തൂങ്ങുന്ന അപ്പൂപ്പന്റെ ഫോട്ടോയില്‍ നോക്കി കള്ളച്ചിരിയോടെ പാവം കുട്ടികള്‍ മനസ്സില്‍ പറഞ്ഞു "ഞങ്ങള്‍ക്കൊരു നല്ല കുട്ടിക്കാലം കിട്ടി "

കളിമണ്ണ് കാലം

ന്‍‌പത് മാസം ചുമന്നുനടന്നെന്നും
നൊന്തുപെറ്റെന്നും ആണയിട്ടിട്ടും
തെളിവില്ലാത്ത പഴങ്കഥയ്‌ക്ക്
ചെവികൊടുക്കാതെ, അവരെ
ശരണാലയത്തില്‍ തള്ളി, കാലം
കളിമണ്ണ് സിനിമയ്‌ക്ക് പോയി.