Saturday, January 26, 2013

ആത്മകഥ

          ഒരു വ്യക്തി സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചെഴുതുന്ന കൃതിയാണ്‌ ആത്മകഥ. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ ഇംഗ്ലീഷ്‌ സാഹിത്യത്തിലും, പത്തൊന്‍പതാം നൂറ്റാണ്ടില്‍ മലയാളത്തിലും ആത്മകഥകള്‍ എഴുതപ്പെട്ടു തുടങ്ങി. സങ്കീര്‍ണ്ണവും ത്യാഗപൂര്‍ണ്ണവുമായ അനുഭവങ്ങളുടെ സത്യസന്ധമായ പ്രകാശനമാണ് ആത്മകഥാ സാഹിത്യം. അല്ലെങ്കില്‍ അങ്ങനെയേ ആകാവൂ എന്നാണ്തത്വം.               
                  ഇന്നലെകളില്‍ ലോകം വായിച്ചത് മഹാന്മാരുടെ ആത്മകഥകളാണ്. മുഗൾ സാമ്രാജ്യം സ്ഥാപിച്ച ബാബര്‍ ചക്രവർത്തിയുടേയും, മഹാത്മാ ഗാന്ധിയുടേയും , ജവഹര്‍ലാല്‍ നെഹ്രുവിന്റെയുമൊക്കെ ആത്മകഥകള്‍ ചരിത്രഗ്രന്ഥങ്ങള്‍ കൂടിയാണ്. മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ വിവിധ ഭാഷകളില്‍ നന്നായി ഇന്നും വായിക്കപ്പെടുന്നു. വി. ടി. ഭട്ടതിരിപ്പാട്, . എം . എസ് തുടങ്ങിയവരുടെ ആത്മകഥകള്‍ കാലത്തെ രാഷ്ട്രീയ ഗതിവിഗതികളിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. എന്നാല്‍ സാഹിത്യകാരന്മാര്‍ ആത്മകഥകള്‍ എഴുതുമ്പോള്‍ അവരുടെ നിര്‍ണ്ണയാതീതമായ മനോവ്യാപാരത്തില്‍ കൂടിയും വായനക്കാരന് കടന്നു പോകാനാകും.
                 എല്ലാ ജീവിതങ്ങള്‍ക്കും ഒരു ആത്മകദനം സാധ്യമാണ്. ലൈഗികത്തൊഴിലാളിയും കന്യാസ്‌ത്രീയും കള്ളനും എക്‌ട്രാ നടിയും മലയാളി ഹിജഡയും പറഞ്ഞുകൊടുത്തിട്ടാണെങ്കിലും ആത്മകഥകളെഴുതി പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ആത്മകഥ എന്നാല്‍ വലിയ മഹാന്മാര്‍ മാത്രം എഴുതുന്നതാനെന്ന തെറ്റിധാരണ തിരുത്തിക്കൊണ്ട് ഒരു മദ്യപാനിയുടെ ആത്മകഥയും പുറത്തിറങ്ങി. മരുഭൂമിയുടെ ആത്മകഥയും പുസ്‌തകരൂപത്തിലുണ്ട്. എഴുതിയതിലും വലിയ കഥകളാവും എഴുതപെടാതെ പോയിട്ടുണ്ടാവുക.
                 മരുഭൂമിയിലെ അനേകം ജീവിതങ്ങള്‍ ആത്മകഥകളാകേണ്ടതുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ജോലി ചെയ്യുകയും പിന്നെ ടി.വി. യ്‌ക്ക് മുന്നിലിരിക്കുകയും ഉറങ്ങുകയും മാത്രം പതിവായി ചെയ്യുന്ന എനിക്ക് എന്തുകഥയെന്ന് വിചാരിക്കുന്നവരും ഉണ്ടാകാം. നാളെയൊരിക്കല്‍ ഒരു ആത്മകഥ എഴുതേണ്ടി വന്നാലോ എന്ന ചിന്തയിലെങ്കിലും സാമൂഹ്യമായി സാംസ്‌കാരികമായി സമ്പന്ന ജീവിതം നയിക്കേണ്ടിയിരിക്കുന്നു.
                 നിന്നേപറ്റി എഴുതിവെച്ചില്ലെങ്കില്‍ നാളെ നീ അറബിയെ പറ്റിച്ച് കാശുകാരനായ കള്ളനൊ, അറബിപ്പൊന്ന് തട്ടിയെടുക്കാന്‍ വന്ന കൊള്ളക്കാരനോ, അടിച്ചമര്‍ത്താന്‍ വന്ന അധിനിവേശക്കാരനോ ആയി ചിത്രീകരിക്കപ്പെട്ടേക്കാം. നിന്റെ അദ്ധ്വാനത്തിന്റെ, വിയര്‍പ്പിന്റെ, കഷ്‌ടപ്പാടിന്റെ ചുട്ടുപൊള്ളുന്ന യാഥാര്‍ത്ഥ്യമൊന്നും ആരും ഓര്‍ക്കണമെന്നില്ല.
                 ജീവിതത്തെ നോക്കിക്കാണുന്ന രീതിയും ദര്‍ശനത്തിന്റെ പ്രത്യേകതകളും എഴുത്തിനെ സ്വാധീനിക്കാം. ആത്മകഥകള്‍ എല്ലാവരും എഴുതട്ടെ. അറിയപ്പെട്ടവരേക്കാള്‍ എത്രയോ കൂടുതല്‍ അനുഭവതലങ്ങളിലൂടെ കടന്നു പോയവാരായിരികും അറിയപ്പെടാത്തവര്‍.
                ഒരു ജീവിതവും നിസ്സാരമല്ല. എല്ലാത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. ജീവിതം എഴുതിവെയ്‌ക്കേണ്ടത് ആവശ്യമാണ്‍. ആത്മകഥകള്‍ വ്യക്തികളുടെ ജീവിതത്തിലൂടെ സമൂഹത്തിന്റെ ചരിത്രം രചിക്കുകയാണ്‍.

1 comment:

ajith said...

ഒരു ജീവിതവും നിസ്സാരമല്ല

കഥാസാഗരമാണ്