Monday, December 24, 2007

എയ് ആശാരി ചെക്കാ.......

രണ്ടായിരം വര്‍‌ഷങ്ങള്‍‌ക്കു ശേഷവും ഞങ്ങള്‍‌ ക്രിസ്‌തുമസ് ആഘോഷിക്കുകയാണ്.

നീ അന്നു ഞങ്ങള്‍‌ വില്‍‌പ്പനക്കാരെ പള്ളിയില്‍‌ നിന്നും ചാട്ടവാറുകൊണ്ട് അടിച്ച് പുറത്താക്കിയപ്പോയെ ഞങ്ങള്‍‌ മനസ്സില്‍‌ തീരുമാനിച്ചുറപ്പിച്ച മധുരമായ പ്രതികാരം. ഇന്ന് പള്ളികളില്‍‌ മാത്രമല്ല ലോകം മുഴുവന്‍‌ നിന്നെ ഞങ്ങള്‍‌ വില്‍‌ക്കുകയാണ്. ചൈനക്കാര്‍‌ക്കും പോലും നിന്നെ ഇന്ന് അറിയാം അവരാണ് വളരെ വിലക്കുറവില്‍‌ നിന്നെ വില്‍‌ക്കുന്നത്. നീയും നിന്റെ കൂട്ടുകാരായ മീന്‍‌ പിടുത്തക്കാരും ചേര്‍‌ന്ന് എന്തൊക്കെയാ ഇവിടെ ചെയ്‌തതെന്ന് ഓര്‍‌മ്മയുണ്ടോ ? മൂന്നര വര്‍‌ഷം കൊണ്ട് കുരിശില്‍‌ കയറേണ്ട വല്ലകാര്യവും ഉണ്ടായിരുന്നോ ?രണ്ടായിരം വര്‍‌ഷങ്ങള്‍‌ക്കു ശേഷവും നിന്നെ ഞങ്ങള്‍‌ വില്‍‌ക്കുന്നു.
ക്രിസ്‌തുമസെന്നാല്‍‌ സാന്താക്ലോസ്സിന്റെ ജന്മദിനമാണെന്നാണ് കുട്ടികളെ പഠിപ്പിക്കാറുള്ളത്.
ക്രിസ്‌തുമസ്സെന്നാല്‍‌ രാവെളുക്കോളമുള്ള പാടി പിരിവാണ്.
ക്രിസ്‌തുമസ്സെന്നാല്‍ ഗായക സംഘ മത്‌സരമാണ്.
ക്രിസ്‌തുമസ്സെന്നാല്‍ ക്രിസ്‌തുമസ് ട്രീയാണ്.
ക്രിസ്‌തുമസ്സെന്നാല്‍‌ പല നിറത്തിലുള്ള വലുപ്പത്തിലുള്ള നക്ഷത്രമാണ്.
ക്രിസ്‌തുമസ്സെന്നാല്‍ പല രുചിയിലുള്ള പല ആകൃതിയിലുള്ള കെയിക്കാണ്.
ക്രിസ്‌തുമസ്സെന്നാല്‍ തലെന്നാള്‍‌ വാങ്ങിവെച്ച മദ്യകുപ്പികളാണ്.
ക്രിസ്‌തുമസ്സെന്നാല്‍ പടക്കമാണ്.
ക്രിസ്‌തുമസ്സെന്നാല്‍ പുതിയ വസ്‌ത്രങ്ങളാണ്.
ക്രിസ്‌തുമസ്സെന്നാല്‍ പരീക്ഷയ്‌ക്കു ശേഷമുള്ള അവധി ദിനങ്ങളാണ്.
ക്രിസ്‌തുമസ്സെന്നാല്‍ ചാനലുകളില്‍‌ പുതിയ സിനിമയാണ്.
ക്രിസ്‌തുമസ്സെന്നാല്‍........
ക്രിസ്‌തുമസ്സെന്നാല്‍........
ക്രിസ്‌തുമസ്സെന്നാല്‍........
ലോകസമാധാനത്തിനു വേണ്ടി ഇനിയും നീ പിറക്കുകയാണെങ്കില്‍‌ ......
നല്ല കുലത്തില്‍‌ പിറക്കണം. ( ആശാരി ചെക്കനായി പിറക്കരുത്.)

ലോകത്തിന്റെ ഏതുമൂലയിലും നിന്റെ പേരില്‍‌ വസ്‌തുവും ബഹുനില ബില്‍‌ഡിഗുംകളും ഉണ്ട്. (പശുവിന്റെ എരുത്തിലില്‍‌ പിറക്കരുത്.)

നിനക്കു പഠിക്കുവാനായി സഭ നടത്തുന്ന സ്‌ക്കൂളും കോളേജും ഉണ്ട്. ( സഭ പറയുന്നത് മാത്രം പഠിക്കുക പഠിപ്പിക്കുക)

അധികാരികളോട് മത്‌സരിക്കരുത് ( മൂന്നരവര്‍‌ഷവും കുരിശും മൂന്നരദിവസവും കുരിശുമാക്കും)

പിന്നെ പ്രധാനകാര്യം ഞങ്ങള്‍‌ വില്പനക്കാരോട് സഹകരിക്കുക നമുക്ക് എല്ലാം നല്ല ലാഭത്തില്‍‌ വില്‍‌ക്കാം...

ഹാപ്പി ക്രിസ്‌തുമസ്...............
ബാജി ഓടംവേലി & ഡാന്‍ മോന്‍

Tuesday, December 18, 2007

ഓര്‍‌മ്മകള്‍‌ വേട്ടയാടുന്നു

വലിയ വീട്ടിലെ പുതുമുതലാളി
ഉമ്മറത്തെ ചാരുകസേരയില്‍
കാലും നീട്ടിയിരിക്കുമ്പോള്‍
ഓര്‍‌മ്മയില്‍ തീ കോരിയിട്ട്
ഗെയിറ്റിംങ്കല്‍ ആ പിച്ചച്ചെക്കന്‍ വീണ്ടും വന്നു
ഒട്ടിയവയറും
കീറിയ വള്ളിനിക്കറും
അതേ മുഖവും
ചെക്കന്റെ മുഖത്തു നോക്കാതെ
ഒരു നാണയത്തുട്ടെറിഞ്ഞു കൊടുത്തു
അവന്‍ പോയില്ല.
വാച്ചുമാനെ വിട്ടോടിച്ചു
പട്ടിയെ തുറന്നുവിട്ടു
എന്നിട്ടും ആ പിച്ചച്ചെക്കന്‍ പോയില്ല.
കണ്ണാടിയില്‍ നോക്കുമ്പോളൊക്കെ കാണാം
ഒരല്പം പ്രായം കൂടിയിട്ടുണ്ട്‌
കുടവയറും കഷണ്ടിയും ഉണ്ട്
എങ്കിലും അതേ മുഖം
ഭിത്തിയില്‍ നിന്നും നിറതോക്കെടുത്ത് വെടിയുതിര്‍‌ത്തു
പിച്ചച്ചെക്കന്‍ മരിച്ചു വീണു.

Monday, December 17, 2007

നക്ഷത്ര പെണ്‍‌കുട്ടിയുടെ വിലാപം

തൂക്കുമരത്തിലേക്കു പോകുന്ന
നിന്നെ നോക്കി ഒരു നക്ഷത്രം പറയുന്നു
നീയെനിക്കായൊന്നു പുഞ്ചിരിക്കുമെങ്കില്‍
ഞാന്‍ മറക്കാം... എല്ലാം മറക്കാം... ക്ഷമിക്കാം...

സ്‌നേഹത്തിന്‍ കെണിയില്‍ വീഴ്‌ത്തിയതും
അമ്മയുടെ പ്രതീക്ഷകള്‍ കാറ്റില്‍ പറത്തിയതും
അച്‌ഛന്റെ ചില്ലുകൊട്ടാരം തട്ടിയുടച്ചതും
എന്നെ ഞാന്‍ നിനക്കായ് വിലപറയാതെ തന്നതും

നിന്നുയര്‍‌ച്ചക്കുവേണ്ടി ഞാന്‍
നിശബ്‌ദയായിരുന്നതും കിടന്നതും
നീയെന്നെ നാടും നഗരവും കൊണ്ടു നടന്നതും

നിന്റെ ആയിരം വിരലുകള്‍
എന്റെ കഴുത്തു ഞെരിച്ചതും

ആരോരും അറിയാതെ പാളത്തില്‍ തള്ളി
ട്രെയിനിന്റെ ശബ്‌ദത്തില്‍ ഓടി ഒളിച്ചതും

ഞാന്‍ മറക്കാം... എല്ലാം മറക്കാം... ക്ഷമിക്കാം...
നീയെനിക്കായൊന്നു പുഞ്ചിരിക്കുമെങ്കില്‍...

എങ്കിലും ഞാനൊന്നു ചോദിക്കട്ടെ
നീയെന്നെ സ്‌നേഹിച്ചിരുന്നുവോ ?
നിനക്കാരെയെങ്കിലും സ്‌നേഹിക്കാനാവുമോ ?

Monday, November 26, 2007

തകരുന്ന പാലങ്ങളും കാരണങ്ങളും

ഈ പാലത്തിന് അന്‍‌പതു വര്‍‌ഷത്തിന്മേല്‍ പ്രായമുണ്ട്. വല്ല ബലക്ഷയവും.
ചാനല്‍ ക്യാമറയ്‌ക്ക് പാലത്തിലൂടെ പോകുമ്പോള്‍ വെറുതെ തോന്നിയ സംശയം.
അടുത്ത അന്വേഷണ റിപ്പോര്‍‌ട്ട് ഇതു തന്നെയാകട്ടെ.
“തകരുന്ന പാലങ്ങളും കാരണങ്ങളും”

ക്യാമറക്കണ്ണുകള്‍ പാലത്തിനു മുകളില്‍ നിന്ന് പലദൃശ്യങ്ങള്‍ പകര്‍‌ത്തി.
ഇരു കരയിലും നിറഞ്ഞ പച്ചപ്പ്.
ഒഴുക്കിന്റെ കള കളാരവം ശ്രദ്ധിച്ചാല്‍ കേള്‍ക്കാം.
വിദേശ നിര്‍‌മ്മിതകാറുകള്‍ പാലത്തിലൂടെ പോകുന്നു.
വലിയ ചരക്കുലോറികള്‍ പോകുമ്പോള്‍ പാലം കുലുങ്ങുന്നുണ്ട്.

പാലത്തിന്റെ അടിയില്‍ പോയി നോക്കണം.
അവിടെ മുന്‍‌പ്‌ കുട്ടികള്‍ ചീട്ടുകളിച്ചിരുന്നു.
ഇന്ന് ആരും അങ്ങോട്ടു പോകാറില്ല.
അവിടെ മുഴുവന്‍ കാടുപിടിച്ചു കിടക്കുകയാണ്.

പാലത്തിന്റെ ഒരരുകിലുള്ള ഇടവഴിയിലൂടെ പാലത്തിന്റെ അടിയിലെത്തി.
പാലത്തിന് ബലക്ഷയം ഉണ്ട്.
പലതാണ് കാരണം.
മണ്ണുവാരല്‍ മൂലം തൂണുകളുടെ അടിഭാഗം വളരെ താണിരിക്കുന്നു.
സിമെന്റു പൊട്ടി തുരുമ്പിച്ച കമ്പികള്‍ പുറത്തേക്കുന്തി നില്‍ക്കുന്നു.

ഗവണ്മെന്റ് കോണ്‍‌ട്രാക്‌ടറും മുന്‍‌സിപ്പല്‍ കൌണ്‍‌സിലിലെ വനിതാമെമ്പറും പാലത്തിനടിയില്‍ നില്‍ക്കുന്നത് ക്യാമറക്കണ്ണുകള്‍ കണ്ടു.
ഇവര്‍ ഇവിടെ എന്തെടുക്കുകയാണ് ?
സംശയകരമായ സാഹചര്യത്തില്‍ ക്യാമറ അവരെ കാണുവാന്‍ പാടില്ലായിരുന്നു.

എങ്കിലും പാലം തകരുന്നതിനുള്ള യഥാര്‍‌ത്ഥ കാരണം കണ്ടെത്തുവാനായി.
അധികാരികളും കോണ്‍‌ട്രാക്‌ടര്‍‌മാരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടുമൂലമാണ് പാലങ്ങള്‍ തകരുന്നത്.

അത്രയും റെക്കോര്‍‌ഡു ചെയ്‌ത കാസ്സറ്റ് കോണ്‍‌ട്രാക്‌ടറെ ഏല്‍‌പ്പിച്ച് പതിനായിരത്തിന്റെ ചെക്കും വാങ്ങിപോരുമ്പോള്‍, ക്യാമറ പല പ്രാവശ്യം പറഞ്ഞ് സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചു.
“ പാലത്തിന്റെ ബലക്ഷയത്തെപ്പറ്റി പഠിക്കാനാണ് അവര്‍ വന്നത്”

Thursday, November 22, 2007

സ്‌പെയര്‍ പാട്‌സ്

ആറ് ആണ്‍‌മക്കളും മൂന്ന് പെണ്‍‌മക്കളും ഉള്ള അപ്പച്ചന്‍ ആശുപത്രിയില്‍ മരിക്കുമ്പോള്‍ കരയാനും പതം പറയാനും മക്കളും ബന്ധുക്കളും ആരും ഉണ്ടായിരുന്നില്ല.
മക്കളെല്ലാം വിദേശത്താണ്, വളരെത്തിരക്കിലും......

അടുത്തുനിന്ന നേഴ്‌സുപെണ്ണു മാത്രം കരഞ്ഞു.
“അയ്യോ........, അപ്പച്ചന്‍ ഇത്ര വേഗം മരിച്ചുവോ ........!”
ദിവസങ്ങള്‍ മാത്രം പരിചരിച്ച നേഴ്‌സ്‌പെണ്ണിന് അപ്പച്ചനോട് ഇത്ര അടുപ്പമോ?
അപ്പച്ചന്റെ ഡെഡ് ബോഡി മറവുചെയ്യാനായി മുന്‍‌സിപ്പാലിറ്റിക്കാര്‍ കൊണ്ടു പോകുമ്പോഴും അവള്‍ കരയുകയായിരുന്നു.
അവള്‍ കരയുന്നതിനുള്ള കാരണം തിരക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല.

വൈകിട്ട് അവള്‍ ഡയറിയില്‍ എഴുതി..“ഇന്നു മരിച്ച അപ്പച്ചന്റെ സ്‌പെയര്‍ പാട്‌സ് എടുക്കുവാനുള്ള സമ്മതപത്രത്തില്‍ മരിക്കുന്നതിനു മുന്‍‌പ്‌ അപ്പച്ചന്റെ ഒപ്പു വാങ്ങിക്കാഞ്ഞതില്‍ ഡോക്‌ടര്‍ തന്നെ ഒത്തിരി വഴക്കു പറഞ്ഞു അതിനാല്‍ എനിക്ക് സങ്കടംവന്ന് ഞാന്‍ കരഞ്ഞു”

Friday, November 16, 2007

ചതിയന്‍ കാമുകന്‍

നാല്‍പ്പത്തി രണ്ടാം നമ്പര്‍ റൂമില്‍ ആദ്യമായാണ് കയറുന്നത്.
"നീ ഇവിടെ എത്തിയതെങ്ങനെയാണ്"
ഒരു തുടക്കത്തിനായ് വെറുതെ ലോഹ്യം ചോദിച്ചതാണ്
"എന്റെ കാമുകന്‍ ചതിച്ചതാണ്"
അവളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.
ഇത് അവള്‍ത്തന്നെ...........
പണം കൊടുത്ത് ഇറങ്ങി ഓടി......
അവള്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ ?

Friday, November 9, 2007

അന്വേഷണം

അന്വേഷണം
അത് അനന്തമായ പ്രക്രീയ.

ആത്‌മാര്‍‌ത്ഥത മരിച്ചിട്ടെത്ര നാളായി?
എടുത്തു വെച്ച പടങ്ങളൊന്നുമില്ല.
ഓര്‍മ്മയില്‍ പോലുമില്ല

ജനനവും മരണവും എല്ലാം ചടങ്ങുകള്
‍നേര്‍ വരയിലൂടെ തിരക്കഥ തെറ്റാത്ത ജീവിതം
പുഞ്ചിരിയും പ്രണയവും എല്ലാം യാന്ത്രികം

ഒരു തിരിച്ചു പോക്ക്
തനിമയിലേക്ക്,
സ്വഭാവികതയിലേക്ക്.
ഒരു തിരിച്ചു പോക്ക്
അതുണ്ടാകുമോ ?

പവര്‍ ഡിസ്‌ക്കണക്‌ടു ചെയ്‌തു.
ഒരു യന്ത്രം ഇതില്‍ക്കൂടുതല്‍
ആലോചിക്കരുത്.

Tuesday, November 6, 2007

കുഞ്ഞനും മാലാഖയും

ഒരു മാലാഖ യാദൃശ്‌ചിഛികമായി ഭൂമിയില്‍ വന്നു.

കുഞ്ഞന്‍ ആദ്യമായാണ് മാലാഖയെ കാണുന്നത്.
നല്ല ശുഭ്രവസ്‌ത്രം ധരിച്ച, തിളങ്ങുന്ന കണ്ണൂകളുള്ള മാലാഖ.
കണ്ണുകള്‍‌ക്കെന്തൊരു വശ്യ ശക്‌തി,
മാലാഖ ചിരിക്കുമ്പോള്‍ പവിഴം പൊഴിയും
ആറു ചിറകുകളും ഒന്നിനൊന്നു മെച്ചം,
ശിരസ്സിനു ചുറ്റുമുള്ള ദിവ്യപ്രഭ മാലാഖയെ കൂടുതല്‍ മനോഹരിയാക്കുന്നു.

“ നീ എവിടെ നിന്നു വരുന്നു “ കുഞ്ഞന്‍ ചോദിച്ചു
“ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വരുന്നു” മാലാഖ പറഞ്ഞു.
“സ്വര്‍ഗ്ഗമോ അതെവിടെയാ” കുഞ്ഞന്‍ ആദ്യമായാണ് സ്വര്‍ഗ്ഗത്തെപ്പറ്റി കേള്‍ക്കുന്നത്.

മാലാഖ ഒന്നര മണിക്കൂര്‍ കൊണ്ട് സ്വര്‍ഗ്ഗത്തെപ്പറ്റി ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ചു.

സ്വര്‍ഗ്ഗത്തില്‍ എല്ലാവരും സന്തോഷവാന്മാരാണെന്നു കേട്ടപ്പോള്‍ കുഞ്ഞനും സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹം തോന്നി.

സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹമില്ലാത്തവര്‍ ആരെങ്കിലും ഉണ്ടോ?

കുഞ്ഞനെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടു പോകാമെന്ന് മാലാഖ സമ്മതിച്ചു.

“സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ മരിക്കണം. ഇപ്പോള്‍ മരിച്ചവര്‍ക്കു മാത്രമെ സ്വര്‍‌ഗ്ഗത്തില്‍ പ്രവേശനമുള്ളൂ” മാലാഖ പറഞ്ഞു.

സ്വര്‍ഗ്ഗത്തില്‍ പോകാന്‍‌വേണ്ടി മരിക്കാനും കുഞ്ഞന്‍ തയ്യാറായിരുന്നു.

മരിക്കുന്നതിനു മുമ്പ് കുഞ്ഞന്‍ അവസാനത്തെ ആഗ്രഹം ഒരു സംശയമായിരുന്നു.

“സ്വര്‍ഗ്ഗത്തില്‍ ബ്ലോഗ്ഗുണ്ടൊ ?” കുഞ്ഞന്‍ ചോദിച്ചു.

“ എന്താ ഈ ബ്ലോഗ്ഗ് “ മാലാഖയ്‌ക്ക് ബ്ലൊഗ്ഗിനെപ്പറ്റി അറിയില്ലായിരുന്നു.
കുഞ്ഞന്‍ മാലാഖയ്‌ക്ക് രണ്ടര മണിക്കൂര്‍ ബ്ലോഗ്ഗിനെപ്പറ്റി ക്ലാസ്സെടുത്തു.

“ബ്ലോഗ്ഗു നല്ലതാണ് പക്ഷേ സ്വര്‍ഗ്ഗത്തില്‍ ബ്ലോഗ്ഗില്ല” മാലാഖ പറഞ്ഞു.

കുഞ്ഞന്റെ മറുപടി ഉടന്‍ ഉണ്ടായി.
“നമുക്കിവിടെ വെച്ച് പിരിയാം ബ്ലോഗ്ഗില്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക് ഞാനില്ല, ഗുഡ് ബൈ”

Wednesday, October 31, 2007

കാണായ്‌മയുടെ കാഴ്‌ച

ജലത്തില്‍ ജലമല്ലാതെ എന്തു കാണുന്നു ?
ജലത്തില്‍ ജലമല്ലാതെ എന്തു കാണാന്‍
ജലത്തിലെ വിഷാംശങ്ങളും രോഗാണുക്കളും
അതു കുടിച്ചു മക്കള്‍ മരിക്കുന്നതും
ജലം വിഘടിക്കുന്നതും ഇല്ലാതാകുന്നതും
ജലത്തിനു വേണ്ടി ഉണ്ടാകാന്‍ പോകുന്ന യുദ്ധങ്ങളും
നീ കാണണം

മരത്തില്‍ നീ എന്തു കാണുന്നു ?
മരമല്ലാതെ എന്തു കാണാന്‍
മരത്തിന്‍ സിരകളില്‍ രക്‌തം പൊടിക്കുന്നതും
കടപുഴകി വീഴുന്നതും
ഭൂമിതന്നെ ഒലിച്ചു പോകുന്നതും
നീ കാണണം

ആകാശത്തില്‍ നീ എന്തു കാണുന്നു ?
മേഘങ്ങളല്ലാതെ എന്തു കാണാന്‍
സൂര്യനേക്കാള്‍ വലിയ സൂര്യനെ നീ കാണുക
ഓസോണിന്‍ മുറിവുകള്‍ നീ കാണുക
നിന്നെ ദഹിപ്പിക്കാന്‍ പോരുന്ന തീമഴ നീ കാണുക

എനിക്കിതൊന്നും കാണുവാന്‍ കഴിയില്ല
കാണായ്‌മയുടെ കാഴ്‌ചയെനിക്കില്ല
ചൂഴ്‌ന്നെടുത്തോളൂ എന്‍ കണ്‍‌കളെ

ഉറക്കത്തിലെ പേടി

തണുപ്പുള്ള രാത്രിയില്‍
കുട്ടന് ഉറക്കം വന്നില്ല
എന്തൊക്കയോ പേടികള്‍
മുറ്റത്ത് എന്തൊക്കയോ ശബ്‌ദങ്ങള്‍

കോഴിക്കൂട് അടച്ചിരുന്നു
എന്നിട്ടും
കോഴികള്‍ പേടിച്ച് കരയുന്നു

ചില ദിവസങ്ങളില്‍
കുറുക്കന്‍ കോഴിയെപ്പിടിക്കാന്‍ വരാറുണ്ട്
കുറുക്കനും അമ്മയെ പേടികാണും
അമ്മ ഉണരേണ്ട
ഉണര്‍‌ന്നാല്‍
കുറുക്കനെ എറിഞ്ഞോടിക്കും

വല്ല കള്ളനും മോഷ്‌ടിക്കാന്‍ വന്നതാണോ?
അച്‌ഛനെ പേടിയില്ലാത്ത കള്ളനൊ !
അച്‌ഛന്‍ വീട്ടിലില്ലാത്തതു ഭാഗ്യം
അച്‌ഛന്‍ ഏതു കള്ളനേയും ഓടിച്ചിട്ടു പിടിക്കും
അച്‌ഛനും പേടിയുണ്ടാകുമോ?

അമ്മ ഉറക്കത്തില്‍ പറഞ്ഞു
മോനെ പേടിക്കേണ്ട....
കണ്ണടച്ച് ഉറങ്ങിക്കോ.....
ഞാനില്ലിയോ നിനക്ക്....
ഉറങ്ങുന്ന അമ്മയ്‌ക്ക് പേടിയില്ല
കുട്ടന്‍ അമ്മയോട് ചേര്‍‌ന്നു കിടന്നുറങ്ങി.

Sunday, October 21, 2007

കോഴി

ചികയാറില്ല
മുട്ടയിടാറില്ല
മുട്ടയ്‌ക്ക് അടയിരിക്കാറില്ല
ചിറകുകളില്ല, തൂവലും
പുരപ്പുറത്തുകയറി കൂവാറില്ല
കൂവിയാലൊട്ടു നേരം വെളുക്കുകയുമില്ല.

എന്നിട്ടും നിങ്ങള്‍ പറയുന്നു
കോഴിയാണ് കോഴി.

ഓടിച്ചിട്ടു തല്ലിക്കൊന്നു
കെട്ടിത്തൂക്കിയതും ഇറച്ചിക്കടയില്‍
കോഴിയിറച്ചിയുടെ വില പോലും ഇല്ലായിരുന്നു
ആരും വില ചോദിച്ചില്ല, വാങ്ങിയില്ല

എന്നിട്ടും നിങ്ങള്‍ പറയുന്നു
കോഴിയാണ് കോഴി.

Thursday, October 18, 2007

അവസാനത്തെ ആഗ്രഹം

കര്‍ഷകന്‍

മലബാറിലെ കുടിയേറ്റ കര്‍ഷകരുടെ മക്കള്‍
കൃഷി ചെയ്‌താണ് കടബാദ്‌ധ്യതയുള്ളവരായത്
കൃഷി ചെയ്‌താല്‍ കടക്കാരാകുമോ?
‘കടം’ കൃഷി ചെയ്‌താല്‍ കടമല്ലേ കൊയ്യാനാവൂ....
കടക്കെണിയില്‍ പെട്ട് ജീവിതം വഴിമുട്ടി
ആത്‌മഹത്യ ചെയ്യുവാനുള്ള ധൈര്യം പോലും അവര്‍ക്കില്ലായിരുന്നു.
ഓടിയൊളിക്കുവാന്‍ കാടുകളൊന്നും കണ്ടില്ല.

ചിലര്‍ നഗരങ്ങളിലെ വ്യവസായങ്ങള്‍ക്ക് തണലായി
മറ്റു ചിലര്‍ എണ്ണയുടെ നാട്ടിലെ ഒട്ടകങ്ങള്‍ക്ക് കൂട്ടായി
മലബാറില്‍ ബാക്കിയുണ്ടായിരുന്ന എല്ലാവരേയും സായിപ്പിന്റെ പട്ടാളത്തില്‍ ചേര്‍ത്തു
ഗ്രീന്‍ കാര്‍ഡ് കൊടുത്ത് ലോകം മുഴുവന്‍ വിന്യസിച്ചു
യുദ്ധം ചെയ്യുവാനല്ല, യുദ്ധം ചെയ്യുവാന്‍ അവര്‍ക്കറിയുകയുമില്ലല്ലോ!
യുദ്ധപ്പറമ്പിലെ ശവങ്ങള്‍ പെറുക്കിക്കൂട്ടുകയാണ് ജോലി
ഓരോ ദിവസവും വൈകിട്ട് കണക്കു കൊടുക്കണം
ജോലിക്കനുസരിച്ച് കൂലി കിട്ടും
ശവങ്ങള്‍ പെറുക്കിക്കൂട്ടുവാന്‍ അവര്‍ മത്‌സരിച്ചു

മലബാര്‍ ഏതോ സായിപ്പ് പാട്ടത്തിനെടുത്തു
ഉഴുതുമറിച്ചു, ശാസ്‌ത്രീയമായി കൃഷി ആരംഭിച്ചു
കപ്പയും കാച്ചിലും ചേനയും തുടങ്ങി എല്ലാം കൃഷി ചെയ്‌തു
ലോകം വിശപ്പിനു മുന്നില്‍ മുട്ടുമടക്കുന്ന ദിവസത്തിനായി
സായിപ്പ്‌ കാത്തിരുന്നു
കര്‍ഷക സായിപ്പ് കാത്തിരുന്നു



ടൂറിസം വാരാഘോഷം

കൊച്ചിയില്‍ നടന്ന ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ജാനു ഗര്‍ഭിണിയായപ്പോള്‍ ആഘോഷക്കമ്മറ്റിക്കാര്‍ തെല്ലൊന്ന് വിഷമിച്ചു.
കല്ല്യാണം കഴിക്കാത്ത ജാനുവിനു കുട്ടിയുണ്ടായാല്‍ .....
കുട്ടിയുടെ പിതൃത്വം..... കുട്ടിയുടെ ഭാവി........
സായിപ്പിന്റെ കയ്യില്‍ എല്ലാത്തിനും ഉത്തരം ഉണ്ടായിരുന്നു
ഉണ്ടാകാന്‍ പോകുന്നകുട്ടി തന്റെ കുട്ടിയാണെന്നും കുട്ടിയെ ലോക പോലീസില്‍ ചേര്‍ത്തിരിക്കുന്നു വെന്നും സായിപ്പ് സര്‍ട്ടിഫിക്കേറ്റ് നല്‍കി.
ഇത്തരം സര്‍ട്ടിഫിക്കേറ്റുകളുടെ ആയിരക്കണക്കിനു കോപ്പികള്‍ കണ്ടപ്പോള്‍ ആഘോഷക്കമ്മറ്റിക്കാര്‍ക്ക് ആശ്വാസമായി.



അവസാനത്തെ ആഗ്രഹം

ദൈവം ഒരു മലയാളിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു
“നാം നിന്റെ ജീവന്‍ എടുക്കാന്‍ പോകുകയാണ് “

മലയാളിക്ക് കരച്ചില്‍ വന്നു
“ദൈവംതമ്പുരാനെ ഇപ്പോഴേ എന്റെ ജീവനെടുക്കരുതേ എനിക്ക് ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല”

ദൈവം കാര്യം വിശദീകരിച്ചു
“ഇല്ല മകനേ നിന്റെ സമയം കഴിഞ്ഞു, നീ മരിക്കേണ്ടത് അനിവാര്യമാണ്. അവസാനമായി നിനക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ പറയൂ”

മലയാളി ബുദ്ധിമാനാണേ! തെല്ലൊന്ന് ആലോചിച്ച ശേഷം അവന്‍ അവസാന ആഗ്രഹം പറഞ്ഞു
“ദൈവമേ അധിനിവേശം തൊട്ടശുദ്ധമാക്കാത്ത ഒരു പെണ്ണിന്റെ കൂടെ അന്തിയുറങ്ങിയിട്ട് മരിച്ചാല്‍ മതി”

മലയാളിയും ദൈവവും കൂടി ലോകം മുഴുവന്‍ അന്വേക്ഷിച്ചിട്ടും അങ്ങനെ ഒരുവളെ കണ്ടെത്താനായില്ല.

മലയാളിയുടെ ആഗ്രഹം നിവര്‍ത്തിച്ചു കൊടുക്കുവാനാകാതെ ദൈവം നാണിച്ച് തോല്‍‌വി സമ്മതിച്ചു.

Thursday, October 11, 2007

ആഗ്രഹങ്ങളുടെ പുസ്‌തകം

സാധാരണക്കാരന്റെ ചെറിയ ചെറിയ ആവശ്യങ്ങളായിരുന്നു അവന്റെ സ്വപ്‌നങ്ങള്‍.
ആഗ്രഹിക്കാന്‍ പാടില്ലാത്തതൊന്നും ആഗ്രഹിച്ചില്ല.

വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന സഹോദരിമാര്‍‌ക്കൊരു ജീവിതം.
ബാങ്കുലോണ്‍ പലിശയടക്കം തിരിച്ചടച്ച് തന്റെ വസ്‌തുവിന്റെ ആധാരം ബാങ്കില്‍ നിന്നും തിരിച്ചെടുക്കണം.
അതേ ബാങ്കില്‍ തന്നെ അല്പം സ്‌ഥിര നിക്ഷേപവും ഇടണം
വീടൊന്നു പുതുക്കിപ്പണിയണം.
കുഞ്ഞുന്നാള്‍ മുതല്‍ ആഗ്രഹിച്ച കളിക്കൂട്ടുകാരിയെ സ്വന്തമാക്കണം.
പ്രായമായ മാതാ പിതാക്കള്‍ക്ക് വാര്‍ദ്ധക്യത്തില്‍ അത്താണിയാകണം.
നാട്ടില്‍ തിരിച്ചു ചെന്ന് ചെറിയെന്തെങ്കിലും ബിസ്സിനസ്സു ചെയ്ത് ജീവിക്കാനൊരു സ്‌ഥിര വരുമാനം ഉണ്ടാക്കണം.

അങ്ങനെ കുറെ സ്വപ്‌നങ്ങളുമായാണ് അറബിനാട്ടില്‍ ജോലി തേടിയെത്തിയത്‌.
വിസായിക്കും വിമാന ടിക്കറ്റിനും അച്‌ഛന്‍ ആരില്‍ നിന്നൊക്കെയോ കടം വാങ്ങി.

ഒരു വര്‍ഷത്തോളം ആത്‌മാര്‍ത്ഥമായി ജോലി ചെയ്തു. അത്രയുമേ ചെയ്യേണ്ടി വന്നുള്ളു.

ജോലി ചെയ്തു കൊണ്ടിരുന്ന ഇരുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണപ്പോള്‍ ജീവന്‍ തിരിച്ചു കിട്ടുമെന്നു വിചാരിച്ചില്ല.
ഗള്‍ഫിലെ ആശുപത്രിയില്‍ ആറുമാസത്തെ ചികിത്‌സക്കു ശേഷം കൂട്ടുകാര്‍ പിരിവെടുത്തു വാങ്ങിക്കൊടുത്ത ടിക്കറ്റില്‍ തിരികെ നാട്ടിലെത്തി.

നാട്ടിലേക്കുള്ള യാത്രയ്‌ക്കു മുന്‍‌പേ ആരാണ് ആ സമ്മാനം കൊടുത്തതെന്ന്‌ ഓര്‍മ്മയില്ല.
അതില്‍ എല്ലാം ഉണ്ടായിരുന്നു.
സമ്പത്തും , കാറും , വീടും, ബാങ്ക് ഡിപ്പോസിറ്റും, എല്ലാം എല്ലാം ....
ജീവിതവും, വിവാഹവും, സന്തോഷവും, സമാധാനവും എല്ലാം എല്ലാം.........
ഒരു മനുഷ്യന് എന്തെല്ലാം ആഗ്രഹിക്കാമോ അതെല്ലാം അതിലുണ്ടായിരുന്നു.

ഡിക്‌ഷണറിയില്‍ ഇല്ലാത്തത് എന്താണ് ? എല്ലാം അതിലുണ്ടായിരുന്നു.

സമ്മാനമായിക്കിട്ടിയ ഡിക്‌ഷണറി നെഞ്ചോടടുക്കിപ്പിടിച്ച് എഴുന്നേല്‍ക്കാന്‍ ശക്‌തിയില്ലാത്ത കാലുകളെ നോക്കി അവന്‍ ശബ്‌ദമില്ലാതെ കരഞ്ഞു.

Wednesday, October 10, 2007

രാജ്യദ്രോഹക്കുറ്റം

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവനാണ് പ്രതി.

രാജാവ് നഗ്‌നനാണെന്നു വിളിച്ചു പറഞ്ഞവനെ തൂക്കിലേറ്റേണ്ടത് രാജനീതി.
തൂക്കുമരത്തില്‍ കുറഞ്ഞെന്ത് ശിക്ഷയാണ് നല്‍കുക.
നീ വെറും പ്രജ. നിനക്ക് ഉണ്ണാനും സ്വസ്ഥമായി ഉറങ്ങാനുമുള്ള സൌകര്യം രാജ്യത്തുണ്ടായിരുന്നല്ലോ?
പിന്നെ നീയെന്തിനാണ് രാജ്യകാര്യങ്ങളില്‍ ന്യായം പറയാന്‍ നിന്നത് ?

മാതൃകാ പരമായി അവനെ തൂക്കിലേറ്റുന്നത് മറ്റു പ്രജകള്‍‌ക്കൊരു താക്കീതാകുമെന്ന് വാദിഭാഗം വാദിച്ചു.
താക്കീതു നല്‍കി പറഞ്ഞയക്കണമെന്ന് പ്രതിഭാഗം അപേക്ഷിച്ചു.
സത്യം പറഞ്ഞതിന്റെ പേരില്‍ മരണം വരിക്കാനും പ്രതി തയ്യാറായിരുന്നു.
രാജാവും നിയമപുസ്‌തകവും മാത്രമാണ് ശരിയെന്ന് ജഡ്‌ജി വിശ്വസിച്ചു.

നീണ്ട വാദപ്രതി വാദങ്ങള്‍‌ക്കൊടുവില്‍ ജഡ്‌ജി വിധി പ്രഖാപിച്ചു.
നാലു ലക്ഷം രൂപാ പിഴയും ജീവപര്യന്തം കഠിന തടവും.
ഒരിക്കല്‍ക്കൂടി കണ്ണുകെട്ടിയ ദേവത വെറും മരപ്പാവയായി രാജനീതിയ്‌ക്ക് കൂട്ടുനിന്നു.

നീതികള്‍ മാറിമറിയുമെന്ന് പ്രതി മാത്രം സ്വപ്‌നം കണ്ടു.
ഇന്നത്തെ ശരികള്‍ എന്നും ശരിയായിരിക്കില്ലെന്ന് പ്രതിക്കറിയാം.
ഭടന്മാര്‍ പ്രതിയെ തടവറയിലേക്ക് കൂട്ടിക്കൊണ്ടു പോയി.
തടവറയുടെ ഇരുമ്പഴികളിലൂടെ ആകാശവും അതിലുള്ള നക്ഷത്രങ്ങലേയും പ്രതിക്ക് കാണാമായിരുന്നു.

ജഡ്‌ജി കോടതി മുറിയില്‍ തളര്‍‌ന്നു വീഴുമ്പോള്‍ ദാഹജലത്തിനായി കേണത് ആരും കേട്ടില്ല.
ആരൊക്കയോ താങ്ങി ആശുപത്രിയിലാക്കി.
ലക്ഷങ്ങള്‍ മുടക്കി ചികിത്സ ചെയ്‌തിട്ടും ഫലമുണ്ടായില്ല.
ജീവപര്യന്തം ഒരേ കിടപ്പില്‍ കിടക്കേണ്ടി വരുമെന്ന് ഡോക്‌ടര്‍മാര്‍ വിധിച്ചു.
വര്‍ഷങ്ങളോളം ഒരേ മരവിച്ച കിടപ്പില്‍ ജഡ്‌ജി കിടന്നു.

ജഡ്‌ജി ഓര്‍മ്മയുടെ പുസ്‌തകം മറിച്ചു നോക്കി.
താന്‍ ആര്‍‌ക്കെങ്കിലും ദയാവധം വിധിച്ചിട്ടുണ്ടോ?
ദയാവധത്തിന് നിയമ സാധുതയുണ്ടോ?

Thursday, October 4, 2007

പ്രവാസലോകം

ഗള്‍ഫ് മരുഭൂമിയുടെ ഉള്‍ഗ്രാമത്തില്‍ കുറെ കാട്ടറബികളും ഒട്ടകങ്ങളും താമസിക്കുന്നിടത്ത് ഒരു മലയാളിയൊ ?

വിദേശത്ത് കാണാതാവുന്നവരെ അന്വേഷിക്കുന്ന പ്രവാസലോകമെന്ന ടി.വി. പരിപാടിയില്‍ കഴിഞ്ഞ ആഴ്‌ച കണ്ട അതേ മുഖം.
ഇരുപത്തിരണ്ടു വര്‍ഷത്തിന്റേതായ വലിയ മാറ്റങ്ങളൊന്നും ആ മുഖത്ത് കാണാനില്ല.

ചോദ്യങ്ങള്‍‌ക്കൊന്നും അവന് ഉത്തരമില്ല. ചിലപ്പോള്‍ തലകുലുക്കും. ചില ചോദ്യങ്ങളുടെ ഉത്തരം ഒരു മൂളലായിരിക്കും.

ആ മുഖത്തെ ദൈന്യഭാവം ഉത്തരമാകുന്ന ചോദ്യം ഏതാണ് ?

ഒട്ടകങ്ങളെ മേയിച്ചു നടന്ന് അവയുടെ ഭാഷ മാത്രമേ മനസ്സിലാകൂ എന്നുണ്ടോ ?

ജീവിക്കുവാന്‍ വേണ്ടി അറിയാത്ത ദേശത്തേക്ക് കടലുതാണ്ടിയെത്തിയവന്‍.
ചരക്കു കപ്പലില്‍ ഒരായിരം പ്രതീക്ഷകളുമായി തീരമണഞ്ഞവന്‍.
സ്വന്തം അസ്‌തിത്വം തെളിയിക്കുന്ന പ്രധാന രേഖയായ പാസ്സ്‌പോര്‍ട്ടു പോലും കൈയ്യിലില്ലാതെ മരുഭുമിയില്‍ വര്‍ഷങ്ങളോളം ജീവിക്കാമെന്ന് തെളിയിക്കുന്നു.
കാലത്തിന്റെ കൊടുംചൂടും തണുപ്പുമേറ്റ് പ്രതീക്ഷകള്‍ മങ്ങി, മനസ്സിലെ ഓര്‍മ്മകള്‍ മരവിച്ചു.

ഒട്ടകങ്ങള്‍ക്ക് തീറ്റ കൊടുക്കുമ്പോള്‍ അവയുടെ ഒരു നോട്ടം, ആ കണ്ണുകളില്‍ കണ്ട തിളക്കമാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഒട്ടകങ്ങളുടെ ഉടമസ്‌ഥനായ അറബിയുടെ പീഢനങ്ങള്‍ സഹിക്കേണ്ടിവരുമ്പോള്‍
നിശ്ശബ്‌ദനായി കരയാന്‍ പഠിച്ചു.
എല്ലാം സഹിക്കാന്‍ ശീലിച്ചു.

ഗള്‍ഫിന്റെ പ്രൌഡിയും ആഡംബരവും വിളിച്ചോതുന്ന വലിയ വലിയ കെട്ടിടങ്ങള്‍ കൊണ്ടു നിറഞ്ഞ പട്ടണത്തിലേക്ക്, പട്ടണത്തിന്റെ ആധുനിക സൌകര്യങ്ങളിലേക്ക് അവനെ കൊണ്ടു പോകുവാന്‍ വേണ്ടി വണ്ടിയില്‍ കയറ്റാന്‍ അല്പം നിര്‍ബ്ബന്ധിക്കേണ്ടി വന്നു.

റെക്കോര്‍‌ഡു ചെയ്‌ത പ്രവാസലോകത്തിന്റെ കാസറ്റില്‍ നിന്നും അവനേപ്പറ്റിയുള്ള ഭാഗം കാണിച്ചു. വിങ്ങിപ്പൊട്ടുന്ന മനസ്സുമായാണ് ആദ്യാവസാനം അവനതു കണ്ടത്‌.
അവന്റെ അനുജനും അനുജന്റെ മകളുമാണ് ടി. വി. യില്‍ ജ്യേഷ്‌ഠനെത്തേടി എത്തിയിരിക്കുന്നത്‌.

നഷ്‌ടപ്പെട്ട മകനെകാത്തിരുന്ന്‌ മരണം വരിച്ച അച്‌ഛന്റെയും അമ്മയുടേയും ഫോട്ടോകള്‍ ടി. വി. യുടെ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അവന്റെ മനസ്സിലെന്തായിരുന്നു?

മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റം ഉണ്ടായി.
തന്റെ കുട്ടിക്കാലവും നാടും വീടും നാട്ടുകാരും അവന്റെ മനസ്സില്‍ കുളിരേകി.
തന്റെ യൌവ്വനകാലത്തിന്റെ ഓര്‍മ്മകള്‍ അവനെ അസ്വസ്‌ഥനാക്കി.

നാട്ടില്‍ പോകണമെന്നും തന്റെ കൂടെപ്പിറപ്പുകളെ കാണണമെന്നും അവന് തോന്നാതിരിക്കുമോ?

ഇവനെ നാട്ടിലേക്ക് അയയ്‌ക്കുവാനായി സന്നദ്ധ സംഘടനയുടെ ഭാരവാഹികളെ ഫോണ്‍ ചെയ്‌ത് അറിയിച്ചു , അവര്‍ ഉടന്‍ വരാമെന്നേറ്റു.

ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ലോകത്തിന്റെ മാറിയമുഖം കാണുവാനായി ടി. വി. അവന്നായി തുറന്നു വെച്ചു.
വാര്‍ത്തകളുടെ ഒരു നീണ്ട മണിക്കൂര്‍, അവന്‍ ടി. വി. യിലേക്കു തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

ഇന്നത്തെ ലോകത്തിന്റെ ഒരു നേര്‍ച്ചിത്രം ഒരു മണിക്കൂര്‍‌ക്കൊണ്ട് അവന്റെ മനസ്സില്‍ വരയ്‌ക്കപ്പെട്ടു.
ആഗോള ഭീകരതയുടേയും, അക്രമത്തിന്റെയും, ചതിയുടേയും, അറുംകൊലയുടേയും, പെണ്‍‌വാണിഭത്തിന്റെയും, പീഢനത്തിന്റെയും മറ്റും ലോകത്തില്‍ ഒരു മണിക്കൂര്‍ അവന്‍ ശ്വാസം മുട്ടിയാണിരുന്നത്‌.

മനസ്സിലെ ചിന്തകളുടെ ബഹിര്‍സ്‌ഫുരണങ്ങള്‍ മുഖത്തു വ്യക്‌തമാണ്.

അവനെ നാട്ടിലേക്ക് അയയ്‌ക്കുവാന്‍ സഹായിക്കുവാനായി സന്നദ്ധ സംഘടനയുടെ ഭാരവാഹികള്‍ വന്നു.

അവന്‍ എന്തോ ചിന്തിച്ചുറച്ച് ടി. വി. യുടെ മുന്നില്‍ നിന്നും എഴുന്നേറ്റു.
അവന്‍ ഇറങ്ങി ഓടുകയാണ്. മരുഭൂമിയുടെ ഉള്‍ഗ്രാമത്തിലേക്ക് തിരികെപ്പോകുകയാണ്.

അവന്‍ തിരികെ നോക്കി വിളിച്ചു പറഞ്ഞത് മലയാളത്തിലായിരുന്നു.
“ഒട്ടകങ്ങള്‍ മൃഗങ്ങളല്ല......... , ഒട്ടകങ്ങള്‍ മൃഗങ്ങളല്ല.......”

Thursday, September 27, 2007

അന്ത്യമൊഴി

മതിലുകള്‍

മനസ്സിന് മതിലുകളില്ലാത്ത സ്‌നേഹത്തിന്റെ കാലം.
സ്വാതന്ത്യത്തിന് വേലികെട്ടാത്ത കാലം.

പാറുത്തള്ള ഓടി അടുക്കളയില്‍ വന്നു.
“മോളെ ഒരിത്തിരി കടുകു വേണം.....”
ഉത്തരത്തിനൊന്നും കാത്തുനില്‍‌ക്കാതെ കുപ്പി തുറന്ന് കടുക് എടുത്തോടി.
സ്‌നേഹം കൊണ്ട്‌,
കടുകു വറുത്തു – കറിയുണ്ടാക്കി

പാറുത്തള്ള വീണ്ടും വന്നു
“മോളെ നാലു മുളക്........”
അയല്‍ വീട്ടിലെ പാട്ട തുറന്ന് നാലുമുളകെടുക്കാന്‍
പാറുത്തള്ളയ്‌ക്ക്‌ ആരുടെ സമ്മതമാണ് വേണ്ടത്
ഗ്രാമത്തിലെ വീടുകളെല്ലാം അയല്‍‌ വീടുകള്‍
എല്ലാം പാറുത്തള്ളയ്‌ക്ക് സ്വന്തം പോലെ.

പാറുത്തള്ളയുടെ മോനും ഓടി വന്നു.
അവനറിയാം ഓരോ പാട്ടയിലും എന്തൊക്കെയാണെന്ന്
ചക്കയുപ്പേരി, വാഴക്കാ ഉപ്പേരി, കളിയോടയ്‌ക്ക......
അവന്‍ ആരോടും ചോദിക്കാതെ
ഒരു കുഞ്ഞിക്കൈ നിറയെ ചക്കര പുരട്ടിയും വാരിക്കൊണ്ടോടി.
ഓട്ടത്തിന്നിടെ അവന്‍ തിരിഞ്ഞു നോക്കിയൊന്ന് ചിരിച്ചിരുന്നു.
ചക്കര പുരട്ടിയുടെ സ്‌നേഹം മനസ്സില്‍ കുറിച്ചിട്ടിരുന്നു.

കാലം മാറി
വീടിനു ചുറ്റും മതിലുകെട്ടി – മനസ്സിനും
കുരയ്‌ക്കുകയും കടിയ്‌ക്കുകയും ചെയ്യുന്ന പട്ടിയേയും വളര്‍ത്തി.
കടുക് ചോദിക്കാന്‍ വന്ന പാറുത്തള്ളയെ പട്ടി കടിച്ചു
പേയിളകി പാറുത്തള്ള ചത്തു
പാറുത്തള്ളയുടെ മോന്‍ ഉപ്പേരി ചോദിക്കാന്‍ മതിലുചാടി
കള്ളനെന്നു വിചാരിച്ച് ഒന്നേ തല്ലിയുള്ളൂ
അവന് ഒറ്റയടിക്കു ചാകുന്ന ആയുസ്സേയുണ്ടായിരുന്നുള്ളു

വീട്ടുകാരന്‍ പോലീസ് പിടിയിലായി
അജ്‌ഞാത ജഡം കടല്‍ക്കരയില്‍ അടിഞ്ഞു.

മതിലുള്ള വീട്ടിലെ വീട്ടുകാരി
ഏകയാണ് , വിധവയാണ്
കൂട്ടിന് പട്ടിയുണ്ട്‌ , പട്ടിമാത്രം


അന്ത്യമൊഴി

ഭര്‍‌ത്താവ്‌ ഭാര്യയോട്
“ നീ എം. ടി. യുടെ രണ്ടാമൂഴം വായിച്ചിട്ടുണ്ടോ ?
അല്ല , എം. ടി. ആരാണെന്ന് നിനക്കറിയാമോ ?
ഗോപന്റെ ഭാര്യ എം. ടി. യുടെ രണ്ടാമൂഴം എന്ന പുസ്‌തകമാണ് ഡോക്‌ടറേറ്റിനായി തിരഞ്ഞെടുത്തിരിക്കുന്നത്‌.
നീ, ഞാന്‍ എഴുതിയിട്ടുള്ള ഏതെങ്കിലും കവിതകള്‍ വായിച്ചിട്ടുണ്ടോ ?
അല്ല, വായിച്ചാലും നിനക്കു വല്ലതും മനസ്സിലാകുമോ ?
നീ ഗോപന്റെ ഭാര്യയേ നോക്ക്
അവള്‍ കഥകളെഴുതും കവിതകളെഴുതും
ഗോപന്റെ ഭാര്യ കവിതകള്‍ ഈണത്തില്‍ ചൊല്ലുന്നതു കേള്‍ക്കാന്‍ എന്തു രസമാണെന്നോ !
ഗോപന്റെ ഭാര്യ നിന്നേപ്പോലെ മടിച്ചിയല്ല.
രാവിലെ പത്തുമണിവരെ കിടന്നുറങ്ങുകയില്ല.
അവള്‍ രാവിലെ കുളിച്ചൊരുങ്ങി നില്‍ക്കുന്നതു കാണാന്‍ എന്തു ഭംഗിയാണെന്നോ ?
നീ ഗോപന്റെ ഭാര്യയെ കണ്ടു പഠിക്ക്
ഗോപന്റെ ഭാര്യ .....
ഗോപന്റെ ഭാര്യ.....”

ഭാര്യമനസ്സില്‍ പറഞ്ഞത് ഒരല്പം ഉറക്കെയായിപ്പോയി
“ ഗോപന്റെ ഭാര്യ വന്നോ ?
ആ കള്ളന്‍ ഇതു വരേയും അതു പറഞ്ഞില്ലല്ലോ !
ഞാന്‍ അവിടെ ഗോപനെ മാത്രമേ കണ്ടിട്ടുള്ളൂ.
ഇനിയും പോകുമ്പോള്‍ ഗോപന്റെ ഭാര്യയെ പരിചയപ്പെടണം.
ഗോപനും എന്നേപ്പോലെയാ... മടിയനാ ...! “

( അതിനുശേഷം ഭര്‍ത്താവ് ഗോപന്റെ ഭാര്യയെപ്പറ്റി സംസാരിച്ചിട്ടില്ല. )

Saturday, September 22, 2007

മലയാളം അറിയാം

രണ്ടു മാസം ജീവിക്കാനായി

രണ്ടു വര്‍ഷത്തെ പ്രവാസത്തിനു ശേഷം
ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വിമാനത്തില്‍ കയറിയത്
ഒരു പാവം എലിയാണ്.

തിരുവനന്തപുരത്ത് വിമാനത്തില്‍ നിന്നും ഇറങ്ങിയത്
കൂളിംഗ് ഗ്ലാസ്സു വെച്ച
കുടവയറും കഷണ്ടിയുമുള്ള
ഒരു പുലിയാണ്.


അവധി ദിവസം

ദീപുവിന് എന്നാണ് ഒരു അവധി കിട്ടുക
നാട്ടിലായിരുന്നെങ്കില്‍ ജോലി ചെയ്യേണ്ടായിരുന്നു
ചെയ്‌താലും
ബന്ദും, ഹര്‍ത്താലും മറ്റ് അവധി ദിവസങ്ങളും കഴിഞ്ഞാല്‍
വളരെക്കുറച്ചു ദിവസങ്ങള്‍ - ഒരു റ്റൈം പാസ്.

ഇവിടെ വിമാനം ഇറങ്ങിയ അന്നു മുതല്‍
തിരിച്ചു കയറുന്നതുവരെ
വെള്ളിയാഴ്‌ച ഉള്‍‌പ്പെടെ മുന്നൂറ്റി അറുപത്തഞ്ചു ദിവസവും
പന്ത്രണ്ടു മണിക്കൂര്‍ ജോലി.

ദൈവമേ ഒരു ദിവസം അവധി കിട്ടിയിരുന്നെങ്കില്‍ ...........
ദീപു എന്നും ആഗ്രഹിക്കാറുണ്ട്, പ്രാര്‍‌ത്ഥിക്കാറുണ്ട് !
അവസാനം ദീപുവിനും മറ്റുള്ളവര്‍ക്കും
ഒരു ദിവസം അവധി കിട്ടി
എല്ലാവരും സന്തോഷിച്ചു.
ഫാക്‌ടറിയുടെ നോട്ടീസ് ബോര്‍ഡില്‍ എല്ലാവരും വായിച്ചു
“ ഇന്ന് ഫാക്‌ടറി അവധിയായിരിക്കും, ദീപുവിന്റെ അകാല നിര്യാണത്തില്‍ മാനേജ്‌മെന്റ് അനുശോചിക്കുന്നു“

മലയാളി സൂപ്പര്‍‌വൈസറുടെ ആക്രോശം കേട്ടപ്പോള്‍ എല്ലാവരുടേയും സന്തോഷം എങ്ങോ പോയിമറഞ്ഞു.
“ ഒരുത്തനും ചിരിക്കേണ്ട, ഇനിയും ഇങ്ങനെയുള്ള ദിവസങ്ങളിലും ആര്‍ക്കും അവധിയുണ്ടായിരിക്കുന്നതല്ല”



നക്ഷത്രഫലം

വെറുതെ നക്ഷത്രഫലം നോക്കി
മേടക്കൂറ് : അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ പതിനഞ്ചു നാഴിക.

ഞാനും അതില്‍‌പ്പെടും – ശ്രദ്ധയോടെ വായിച്ചു തുടങ്ങി

“ ശാരീരിക ക്ലേശങ്ങളും ധനദുര്‍വ്യയവും ഉണ്ടാകുമെങ്കിലും ആഡംബര വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും, നിക്ഷേപങ്ങള്‍ക്ക് അനുകൂല സമയം...”
നാട്ടില്‍ നിന്നും അമ്മയുടെ ഫോണ്‍

“ മോനെ രണ്ടു ദിവസം കൂടി നേരത്തെ വരിക, നല്ലൊരു ശുഭമുഹൂര്‍‌ത്തം ഉണ്ട്, നിനക്കായ് ഞങ്ങളൊരു പെണ്ണുനെ കണ്ട് വാക്കു കൊടുത്തു”



മലയാളം അറിയാം

ഗാര്‍ഡനില്‍ നടക്കാന്‍ പോയപ്പോളാണ് മലയാളം അറിയാവുന്ന അറബിയെ പരിചയപ്പെട്ടത്‌.
“മലബാറി അച്ചാ ഹെ” (മലയാളികള്‍ നല്ലവരാണ് )
“മലബാറി അച്ചാ കാം കര്‍ത്താ ഹെ” (മലയാളികള്‍ ‘നല്ലപണിയാ‘ ചെയ്യുന്നത് )

“സാര്‍ യെ ഹിന്ദി ഹൈ – മലയാളം ദൂസരാ ഹൈ “ ( സാര്‍ ഇത് ഹിന്ദിയാണ് – മലയാളം വേറെയാണ്)

സുനോ മേരാ മലയാളം ( എന്റെ മലയാളം കേള്‍ക്കൂ )
“ എടാ പു........... , എടാ.........., എടാ ..............“
( അറബി പറഞ്ഞത് പച്ച മലയാളം ആയതിനാല്‍ ഇവിടെച്ചേര്‍ക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു )
അറബിക്ക് തന്നെ മലയാളം പഠിപ്പിച്ച കേരളക്കാരെപ്പറ്റി നല്ല മതിപ്പാണ് .

Tuesday, September 18, 2007

ഡയറിക്കുറിപ്പുകള്‍

ഡയറിക്കുറിപ്പുകള്‍

സുഹൃത്തിന്റെ ഡയറി മറിച്ചു നോക്കി
അനുഭവങ്ങളുടെ തീഷ്‌ണത വാക്കുകളില്‍
കഥയുള്ള കഥകള്‍
കവിതകള്‍ ,സാഹിത്യം
ജീവിത ദര്‍ശനങ്ങള്‍
വായിക്കുവാന്‍ താത്‌പര്യം തോന്നി
അവനൊരു ഭാവിയുണ്ടെന്നു തോന്നി
വിവാഹത്തിനു ശേഷമുള്ള പേജുകളില്‍
കൊടുത്തതും കൊടുക്കാനുള്ളതുമായ
കുറേ രൂപയുടെ കണക്കുകള്‍ മാത്രം
ആ ഡയറികള്‍ സുഹൃത്തിന്റെ വിധവയെ ഏല്‍പ്പിക്കുമ്പോള്‍
എനിക്കൊന്നും തോന്നിയില്ല.





ശാസ്‌ത്രലോകം

ഗര്‍ഭകാലത്ത്
ടി. വി. കാണുകയും
അതിനുമുമ്പിലിരുന്ന് വെറുതേ എന്തെങ്കിലും കൊറിക്കുകയും
ചെയ്യുന്ന സ്‌ത്രീകളുടെ കുട്ടികള്‍
ഭാവിയില്‍
‘വെറും വാര്‍ത്ത‘ കളായി മാറുന്നതായി
ശാസ്‌ത്രലോകം കണ്ടെത്തി
( പൂച്ചകളില്‍ നടത്തിയ പഠനം )

ഗര്‍ഭകാലത്ത്
ഭര്‍ത്താവിനോട് വഴക്കിടുകയും
കൂടുതല്‍ കുരയ്ക്കുകയും (സംസാരിക്കുക)
ചെയ്യുന്ന സ്‌ത്രീകളുടെ കുട്ടികള്‍
ഭാവിയില്‍
മന്ത്രിമാരായിത്തീരുന്നതായി
ശാസ്‌ത്രലോകം കണ്ടെത്തി
( പട്ടികളില്‍ നടത്തിയ പഠനം )




മരണം

പകല്‍ നിന്റെ അടുത്തു വരാനാകില്ല
ചില മാന്യന്മാര്‍ എന്നെ തെറ്റിദ്ധരിക്കും
രാത്രിയില്‍ നിന്റെ അടുത്തുവന്നാല്‍
നിനക്കായുള്ള ക്യൂവില്‍
പല മാന്യന്മാരെയും കാണേണ്ടി വരും
ഒരു പക്ഷേ ....
നീയും എന്നെ തെറ്റിദ്ധരിക്കും
എന്നാലും .....
ഞാന്‍ വരും... ഒരുനാള്‍....
ആരും കാണാതെ ഞാന്‍ വരും
നിന്നെയോ എനിക്കു രക്ഷിക്കാനായില്ല.
നീ പിഴച്ചു പോയി !
നിന്റെ പെണ്‍കുഞ്ഞുങ്ങളേയെങ്കിലും
എനിക്കു രക്ഷിക്കണം
അവരുടെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍
ഞാന്‍ വരും....







പണപ്പെട്ടി

മകന്‍ അച്‌ഛനറിയാതെ അച്‌ഛന്റെ പണപ്പെട്ടി തുറന്നു
കുറേ നോട്ടുകള്‍ കള്ളുഷാപ്പിലേക്കോടി
കുറേ നോട്ടുകള്‍ പാല്‍ക്കാരി ജാനുവിന്റെ കുടിലിലേക്കോടി
ജാനുവാണോ മൂത്തത്‌ ജാനുവിന്റെ മകളാണോ മൂത്തത്‌ ?
മകന്‍ പണപ്പെട്ടി അടച്ച്‌ കിടന്നുറങ്ങി
സ്വപ്‌നത്തില്‍
പീഡനക്കേസില്‍പ്പെട്ട മകനുവേണ്ടി
അച്‌ഛന്‍ പണപ്പെട്ടിയുമായി
പോലീസ്‌ സ്റ്റേഷന്‍ കയറുന്നതും
കോടതിയുടെ പടിയിറങ്ങുന്നതും കണ്ടു.

Saturday, August 25, 2007

ശൂന്യതയുടെ ചിരി

കര ചിരിച്ചു, കേമന്‍ കരയവന്‍ ചിരിച്ചു....
കണ്ണുനീര്‍ വറ്റിയ വയലിനെ പ്രണയിച്ചു
വിശുദ്ധ പ്രണയം – അരുതെന്നാരു പറയും ?
കരയവളെ ആഴത്തില്‍ പുല്‍കി.....
ആലിംഗനത്തിന്‍ മൃഗീയതയില്‍
അവള്‍ അലിഞ്ഞു – അലിഞ്ഞില്ലാതെയായി
പ്രണയിനിയില്ലാതെ ഞാനിനി ഏകന്‍....
കര കരഞ്ഞു, കേമന്‍ കരയവന്‍ കരഞ്ഞു....

കൊടി ചിരിച്ചു, കേമിക്കൊടിയവള്‍ ചിരിച്ചു....
കണ്ണുനീര്‍ വറ്റിയ കരയെ പ്രണയിച്ചു
വിശുദ്ധ പ്രണയം – അരുതെന്നാരു പറയും ?
കൊടിയവനെ ആഴത്തില്‍ പുല്‍കി.....
ആലിംഗനത്തിന്‍ മൃഗീയതയില്‍
അവന്‍ അലിഞ്ഞു – അലിഞ്ഞില്ലാതെയായി
കാമുകനില്ലാതെ ഞാനിനി ഏകാകി.....
കൊടി കരഞ്ഞു, കേമിക്കൊടിയവള്‍ കരഞ്ഞു....

കാറ്റു ചിരിച്ചു – കടല്‍ ചിരിച്ചു
അഗ്‌നി ചിരിച്ചു – മര്‍ത്യന്‍ ചിരിച്ചു
അവസാനം ഒരു ചിരി – നിലയ്‌ക്കാത്ത ചിരി
അത്‌ ശൂന്യതയുടെ ചിരി.

Monday, August 20, 2007

ബഹറിന്‍ മീറ്റ് - ആഗസ്ത് 22


പ്രീയപ്പെട്ടവരേ.. ,
ആഗസ്ത് 22 ബുധനാഴ്ച വൈകുന്നേരം 6:30 ന് ‘ബു അലി ഇന്‍ര്‍ നാഷണല്‍ ഹോട്ടലില്‍ (BU ALI INTERNATIONAL HOTEL , SALMANIYA, MANAMA).

വെറുമൊരു ബ്ലൊഗ് എഴുത്തുകാരുടെ മാത്രം കൂട്ടായ്മ എന്നതിലുപരി ‘കുടുംബ സംഗമം എന്നരീതിയിലാണ് ബഹറൈന്‍ മീറ്റ് ഒരുക്കിയിരിക്കുന്നത്.

പുതിയ ബ്ലോഗേഴ്സ്, ബ്ലോഗ് വായനക്കാര്‍, തുടങ്ങി ബൂലോകത്തിലെ എല്ലാ വിഭാഗം ആളുകളേയും ഉദ്ദേശിച്ചാണ് ബഹറൈന്‍ ബൂലോക മീറ്റ് ഒരുക്കിയിരിക്കുന്നത്.

ബഹറൈനിലുള്ള ബ്ലോഗേഴ്സിന് എത്തിച്ചേരാന്‍ വാഹന സൌകര്യം ആവശ്യമെങ്കില്‍ മുന്‍ കൂട്ടി ഫോണ്‍ ചെയ്ത് അറിയിക്കുമല്ലോ.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക
ഇരിങ്ങല്‍ - 36360845
ബാജി - 39258308
കുഞ്ഞന്‍ - 39556987
പ്രശാന്ത്‌ - 39080674

NB : വാഹന സൌകര്യം വേണ്ടവര്‍ മുന്‍ കൂട്ടി അറിയിക്കണം.
വീഡിയോയും ഫോട്ടോയും എടുക്കുന്നുണ്ട്‌ - നന്നായി ഒരുങ്ങി വരണം.
അറിയിക്കാതെ വരുന്നവര്‍ക്ക്‌ ഫുഡ്‌കിട്ടിയില്ലെന്ന്‌ പരാതി പറയരുത്‌

Thursday, August 16, 2007

ബഹറിന്‍ മലയാളം ബൂലോക കൂട്ടായ്‌മ

ബഹറിന്‍ മലയാളം ബൂലോക കൂട്ടയ്‌മയുടെ രണ്ടാമത്‌ കുടുംബസംഗമം ആഗസ്‌റ്റ്‌ 22 ബുധനാഴ്‌ച വൈകിട്ട്‌ 7 മണിമുതല്‍ മനാമ സൌത്ത്‌ പാര്‍ക്ക്‌ ഹാളില്‍ നടക്കുന്നു.

ഈ മീറ്റിംഗില്‍ അവതരിപ്പിക്കുവാന്‍ വേണ്ടി തയ്യാറാക്കിയ പ്രവര്‍ത്തന രൂപരേഖ ബൂലോകരുടെ നിര്‍ദ്ദേശങ്ങള്‍ക്കായ് അവതരിപ്പിക്കുന്നു.

1. ബ്ലോഗ്ഗ്‌ ജനകീയ മാക്കുവാന്‍ വേണ്ട കൂട്ടായ പ്രവര്‍ത്തനങ്ങള്‍
ഇന്നും ബ്ലോഗ്ഗിനേപ്പറ്റി പ്രത്യേകിച്ച്‌ മലയാളം ബ്ലോഗ്ഗുകളേപ്പറ്റി വളരെക്കുറച്ചു പേര്‍ക്കു മാത്രമേ അറിയുകയുള്ളൂ എന്ന സത്യം മനസ്സിലാക്കി, ബ്ലോഗ്ഗിന്റെ സാധ്യതകള്‍ എല്ലാവരിലും എത്തിക്കുക.

2. എന്റെ മലയാളം
മാതൃഭാഷയെ കൂടുതല്‍ അറിയുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കുക. വിദേശങ്ങളില്‍ വളരുന്ന കുട്ടികളെ മലയാളം പഠിപ്പിക്കുവാന്‍ വേണ്ടി മലയാളം ക്ലാസ്സുകള്‍ സംഘടിപ്പിക്കുക.

3. മലയാളം റ്റൈപ്പിങ്ങില്‍ പരിശീലനം
കമ്പ്യൂട്ടറില്‍ മലയാളം റ്റൈപ്പിങ്ങിനാവശ്യമായ ഫോണ്ടുകളും സോഫ്‌റ്റുവയറുകളും എത്തിച്ചു കൊടുക്കുക. ഇവ നവീകരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക.

4. ബ്ലോഗ്ഗിങ്ങില്‍ പരിശീലനം
മറ്റു മാധ്യമങ്ങില്‍ എഴുതുന്നവരും പുതിയതായി എഴുതാന്‍ താത്‌പര്യം ഉള്ളവര്‍ക്കും. ബ്ലോഗ്ഗിങ്ങിന്റെ സാധ്യതകളെ പരിചയപ്പെടുത്തുകയ്യും ബ്ലോഗ്ഗിങ്ങില്‍ പരിശീലനം നല്‍കുകയും ചെയ്യുക. ബഹറിനില്‍ നൂറ്‌ സജ്ജീവ ബ്ലോഗ്ഗര്‍മാരെ വാര്‍‌ത്തെടുക്കുക.

5. ഇ-വായനാ ടിം രൂപീകരണം
മലയാളം വായനയില്‍ താത്‌പര്യം ഉള്ളവര്‍ക്ക്‌ ഇ-വായന പരിചയപ്പെടുത്തുക. ബഹറിനില്‍ ഇ-വായനക്കാരായ 1000 പേരുടെ ടിം രൂപീകരിക്കുക.

6. ബ്ലോഗ്ഗുകള്‍ പുസ്‌തക രൂപത്തില്‍
കമ്പ്യൂട്ടര്‍ / ഇന്റര്‍‌നെറ്റ്‌ സംവിധാനം ലഭ്യമല്ലാത്തവര്‍ക്ക്‌ വായിക്കുവാനായി
ബ്ലോഗ്ഗില്‍ വരുന്ന കലാമൂല്യമുള്ള സൃഷ്‌ടികള്‍ ആദ്യ ഘട്ടത്തില്‍ കമ്പ്യൂട്ടര്‍ പ്രിന്റ്‌ എടുത്തു വായനക്കായ് ലഭ്യമാക്കുകയും പിന്നീട്‌ അത്‌ പുസ്‌തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുക

7. പ്രതിമാസ കൂടിവരവുകള്‍
കുറഞ്ഞത്‌ മാസത്തില്‍ ഒരു തവണയെങ്കിലും ഒന്നിച്ചു കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും. പുതിയ പ്രവര്‍ത്തന പരിപാടികള്‍ക്ക്‌ രൂപം നല്‍കുകയും ചെയ്യുക. കൂടിവരവുകള്‍ പരസ്‌പരം പരിചയപ്പെടുന്നതിനും സ്‌നേഹിക്കുന്നതിനും കരുതുന്നതിനുമായി പ്രയോജനപ്പെടുത്തുക.

8. കേരളാ സംഘടനകള്‍ക്ക്‌ ബ്ലോഗ്ഗ്‌ സപ്പോര്‍‌ട്ട്‌ നല്‍കുക
വിവിധ കേരളാ സംഘടനകള്‍ക്ക്‌ ബ്ലോഗ്ഗ്‌ ആരംഭിക്കുവാനും, ബ്ലോഗ്ഗിലൂടെ ആശയവിനിമയം നടത്തുവാനുമുള്ള സഹകരണം നല്‍കുക. ( ബഹറിനില്‍ പ്രേരണ – ബഹറിന്‍ എന്ന സംഘടന ബ്ലോഗ്ഗില്‍ സജ്ജീവമാണ് )

9. തൊഴില്‍ സഹായ പദ്ധതികള്‍
തൊഴില്‍ ദായകരേയും തൊഴില്‍ അന്വോക്ഷകരേയും സഹായിക്കുക. ബഹറിനിലുള്ള തൊഴില്‍ അവസരങ്ങള്‍ ബൂലോകരെ അറിയിക്കുകയും ബൂലോക തൊഴില്‍ അന്യോക്ഷകരെ സഹായിക്കുകയും ചെയ്യുക.

10.വിവിധ സഹായ പദ്ധതികള്‍
വിദേശത്തു നാട്ടിലുമായി വിവിധ ആവശ്യങ്ങളിലിരിക്കുന്നവരെ സഹായിക്കുക. വിവിധ സഹായ പദ്ധതികള്‍ക്ക്‌ രൂപം നല്‍കുക


ഇതു വായിക്കുന്നവര്‍ ഒരു കമന്റിട്ടാല്‍ വളരെ സന്തോഷം.
നിങ്ങളുടെ നിര്‍‌ദ്ദേശം സ്വീകരിച്ച്‌ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം

സസ്നേഹം
ബാജി ഓടംവേലി

Monday, August 13, 2007

ബഹറിന്‍ ലിസ്‌റ്റ്‌

ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്‌സ്‌ രണ്ടാമത്‌ കുടുംബസംഗമം
ആഗസ്‌റ്റ്‌ 22 ബുധനാഴ്‌ച വൈകിട്ട്‌ 7 മണിമുതല്‍
മനാമയില്‍ അതിവിപുലമായി നടക്കുന്നു.
ബഹറിനിലുള്ള മലയാളി ബ്ലോഗ്‌ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സ്വാഗതം.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക
രാജു ഇരിങ്ങല്‍ - 36360845
ബാജി ഓടംവേലി – 39258308
ബഹറിനിലുള്ള ബ്ലോഗ്ഗുകളില്‍ ചിലത്‌
1. http://www.manalezhutthu.blogspot.com/ - ബെന്യാമിന്‍
2. http://anilsopanam-souparnika.blogspot.com/ - അനില്‍ സോപാനം
3. http://manumalu143.blogspot.com/ - മനോജ്‌ കുമാര്‍
4. http://prasanthkzy.blogspot.com/ - പ്രശാന്ത്‌ കോഴഞ്ചേരി
5. "ബഹറൈന്‍ ബൂലോക മീറ്റ്‌" - കുഞ്ഞന്‍
6. കാട്ടുപൂവ് - സജി മുട്ടോണ്‍
7. പൊടികൈകള്‍ - ഡാന്‍സ്‌ മമ്മി
8. സ്വപ്നത്തിലെ മുത്തലാഖ് - സജീവ്‌ കടവനാട്‌
9. http://preranabahrain.blogspot.com/2007/08/blog-post.html - പ്രേരണ ബഹറിന്‍
10. http://anjalilibrary.wordpress.com/2007/01/17/355/ - അഞ്ജലി ഗ്രന്ഥശാല
11. http://kevinsiji.goldeye.info/2007/01/06/georgecherian/ - കെവിന്‍ & സിജി
12. http://thiruvilvamala.blogspot.com/ - എം. കെ. നംബിയാര്‍
13. http://olavilam.blogspot.com/ - ജലീല്‍ വക്കീല്‍
14. മണല്‍ - മോഹന്‍ പുത്തന്‍‌ചിറ
15. http://nachikethkrishna.blogspot.com/ - കെവിന്‍ മേണാത്ത്‌
16. http://komathiringal.blogspot.com/2007/07/blog-post_17.html - രാജു ഇരിങ്ങല്
17. കാത്തിരിക്കുന്ന ഫോട്ടോകള്‍ - ബാജി ഓടംവേലി

Wednesday, August 8, 2007

ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്‌സ്‌ കുടുംബസംഗമം

ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്‌സ്‌ രണ്ടാമത്‌ കുടുംബസംഗമം ആഗസ്‌റ്റ്‌ 22 ബുധനാഴ്‌ച വൈകിട്ട്‌ 7 മണിമുതല്‍ മനാമയില്‍ അതിവിപുലമായി നടക്കുന്നു.
വല്ല്യ വല്ല്യ പുലികള്‍‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ബഹറിനിലുള്ള മലയാളി ബ്ലോഗ്‌ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക

രാജു ഇരിങ്ങല്‍ - 36360845
ബാജി ഓടംവേലി – 39258308

Monday, July 30, 2007

ജീവിതം

പണത്തിന്റെ വില
നാം അദ്ധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ വില മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും നാം മറക്കരുത്. നമ്മുടെ കുടുംബത്തെ അത് ബോധ്യപ്പെടുത്തണം. എല്ലാത്തിനും അയല്‍‌പക്കക്കാരനുമായി താരതമ്യം ചെയ്യുന്നത് വലിയ അപകടമാണ്. നമ്മുടെ ആവശ്യത്തിന് മതിയാകുന്ന വീട് വെയ്‌ക്കുക, താമസിക്കേണ്ട സമയത്ത് വീട് വെയ്‌ക്കുന്നതാണ് ഉത്തമം. വില കൂടിയ രോഗങ്ങള്‍‌ക്ക് മുന്‍‌പില്‍‌ പണം കയ്യിലില്ലെങ്കില്‍‌ ജീവിതം ബാക്കിയുണ്ടാവില്ല. പണം പണമായിട്ട് കയ്യിലില്ലെങ്കില്‍‌ ആശുപത്രിയില്‍ ബില്ല് അടയ്‌ക്കേണ്ടിവരുമ്പോള്‍ സമ്പാദ്യങ്ങള്‍ കുറഞ്ഞ വിലയില്‍ ഉപേക്ഷിക്കേണ്ടി വരും.

ജീവിതം
വലിയ പ്രശ്നങ്ങളൊന്നും ഇല്ലെന്നതു തന്നെയാകാം നമ്മുടെ പ്രശ്‌നം.
പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും
മനസ്സുകള്‍ കലുക്ഷിതമാവുകയും ചെയ്യുമ്പോള്‍
ശാന്തിയുടെ തീരത്തെത്തുവാനുളള ആവേശം തോന്നും.
ആ അന്വേഷണമാണ്‍ ജീവിതം.


ആശംസ :- മനസ്സുകള്‍ അസ്വസ്ഥമാകട്ടെ
അസ്വസ്ഥമായ മനസ്സ്, വിതയ്ക്കുവാനായ് ഉഴുതുമറിക്കപ്പെട്ട മണ്ണാണ്‍.


മാനസീകാവസ്ഥ
മനസ്സുകളുടെ അവസ്ഥയാണ്‍ വാക്കുകള്‍ക്ക് അര്‍ത്ഥം നല്‍കുന്നത്
( മാനസീകാവസ്ഥ എന്നു പറഞ്ഞാല്‍ അര്‍ത്ഥം വ്യക്തമാകില്ല )
മാനസീകമായി അടുപ്പമുളളവര്‍ എന്തു പറഞ്ഞാലും നല്ലത് നല്ലത്,
നല്ല അര്‍ത്ഥത്തില്‍ ഉള്‍‌ക്കൊളളും.
മാനസീകമായി അടുപ്പമില്ലാത്തവര്‍,

പറയുന്ന കാര്യത്തിലെ വൈരുദ്ധ്യം കണ്ടെത്താന്‍ തിടുക്കം കൂട്ടും.