Tuesday, September 18, 2007

ഡയറിക്കുറിപ്പുകള്‍

ഡയറിക്കുറിപ്പുകള്‍

സുഹൃത്തിന്റെ ഡയറി മറിച്ചു നോക്കി
അനുഭവങ്ങളുടെ തീഷ്‌ണത വാക്കുകളില്‍
കഥയുള്ള കഥകള്‍
കവിതകള്‍ ,സാഹിത്യം
ജീവിത ദര്‍ശനങ്ങള്‍
വായിക്കുവാന്‍ താത്‌പര്യം തോന്നി
അവനൊരു ഭാവിയുണ്ടെന്നു തോന്നി
വിവാഹത്തിനു ശേഷമുള്ള പേജുകളില്‍
കൊടുത്തതും കൊടുക്കാനുള്ളതുമായ
കുറേ രൂപയുടെ കണക്കുകള്‍ മാത്രം
ആ ഡയറികള്‍ സുഹൃത്തിന്റെ വിധവയെ ഏല്‍പ്പിക്കുമ്പോള്‍
എനിക്കൊന്നും തോന്നിയില്ല.





ശാസ്‌ത്രലോകം

ഗര്‍ഭകാലത്ത്
ടി. വി. കാണുകയും
അതിനുമുമ്പിലിരുന്ന് വെറുതേ എന്തെങ്കിലും കൊറിക്കുകയും
ചെയ്യുന്ന സ്‌ത്രീകളുടെ കുട്ടികള്‍
ഭാവിയില്‍
‘വെറും വാര്‍ത്ത‘ കളായി മാറുന്നതായി
ശാസ്‌ത്രലോകം കണ്ടെത്തി
( പൂച്ചകളില്‍ നടത്തിയ പഠനം )

ഗര്‍ഭകാലത്ത്
ഭര്‍ത്താവിനോട് വഴക്കിടുകയും
കൂടുതല്‍ കുരയ്ക്കുകയും (സംസാരിക്കുക)
ചെയ്യുന്ന സ്‌ത്രീകളുടെ കുട്ടികള്‍
ഭാവിയില്‍
മന്ത്രിമാരായിത്തീരുന്നതായി
ശാസ്‌ത്രലോകം കണ്ടെത്തി
( പട്ടികളില്‍ നടത്തിയ പഠനം )




മരണം

പകല്‍ നിന്റെ അടുത്തു വരാനാകില്ല
ചില മാന്യന്മാര്‍ എന്നെ തെറ്റിദ്ധരിക്കും
രാത്രിയില്‍ നിന്റെ അടുത്തുവന്നാല്‍
നിനക്കായുള്ള ക്യൂവില്‍
പല മാന്യന്മാരെയും കാണേണ്ടി വരും
ഒരു പക്ഷേ ....
നീയും എന്നെ തെറ്റിദ്ധരിക്കും
എന്നാലും .....
ഞാന്‍ വരും... ഒരുനാള്‍....
ആരും കാണാതെ ഞാന്‍ വരും
നിന്നെയോ എനിക്കു രക്ഷിക്കാനായില്ല.
നീ പിഴച്ചു പോയി !
നിന്റെ പെണ്‍കുഞ്ഞുങ്ങളേയെങ്കിലും
എനിക്കു രക്ഷിക്കണം
അവരുടെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍
ഞാന്‍ വരും....







പണപ്പെട്ടി

മകന്‍ അച്‌ഛനറിയാതെ അച്‌ഛന്റെ പണപ്പെട്ടി തുറന്നു
കുറേ നോട്ടുകള്‍ കള്ളുഷാപ്പിലേക്കോടി
കുറേ നോട്ടുകള്‍ പാല്‍ക്കാരി ജാനുവിന്റെ കുടിലിലേക്കോടി
ജാനുവാണോ മൂത്തത്‌ ജാനുവിന്റെ മകളാണോ മൂത്തത്‌ ?
മകന്‍ പണപ്പെട്ടി അടച്ച്‌ കിടന്നുറങ്ങി
സ്വപ്‌നത്തില്‍
പീഡനക്കേസില്‍പ്പെട്ട മകനുവേണ്ടി
അച്‌ഛന്‍ പണപ്പെട്ടിയുമായി
പോലീസ്‌ സ്റ്റേഷന്‍ കയറുന്നതും
കോടതിയുടെ പടിയിറങ്ങുന്നതും കണ്ടു.

12 comments:

ബാജി ഓടംവേലി said...

സ്വപ്‌നത്തില്‍
അച്‌ഛന്‍ പണപ്പെട്ടിയുമായി
പോലീസ്‌ സ്റ്റേഷന്‍ കയറുന്നതും
കോടതിയുടെ പടിയിറങ്ങുന്നതും കണ്ടു.

യാത്രിക / യാത്രികന്‍ said...

നാലിലും ചെറിയ വരികളില്‍ വലിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളീക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.
അനുമോദനങ്ങള്‍

മന്‍സുര്‍ said...
This comment has been removed by the author.
മന്‍സുര്‍ said...

പ്രിയ സ്നേഹിതാ...ബാജി ഭായ്‌

യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിധ്വനികള്‍ എത്ര മധുരമീ വരികളില്‍
ഒരു സാഗരത്തിന്‍ കുഞോളങ്ങള്‍ അലയടികുമീ തീരത്ത്‌
സന്ധ്യയുടെ അന്ത്യയാമങ്ങളില്‍ ഒരു ചെറുവെട്ടം വീശി...ഇരുള്‍ നിറഞൊരാ മിഴികളില്‍ ഒരു മിന്നാമിനുങ്ങിന്‍ പ്രഭ വീശി കാണമറയത്തേക്ക് അകലുമൊരു കുഞിളം തെന്നലായ്‌....പോവരുതെ
തുടരുകയീ പ്രയാണം
ബാജികളുടെ ബാജനങ്ങളുമായ്‌ മുന്നോട്ട്‌

നന്‍മകള്‍ നേരുന്നു

ബാജി ഓടംവേലി said...

ആ ഡയറികള്‍ സുഹൃത്തിന്റെ വിധവയെ ഏല്‍പ്പിക്കുമ്പോള്‍
എനിക്കൊന്നും തോന്നിയില്ല.

ശ്രീ said...

ബാജി ഭായ്...
നല്ല ആശയങ്ങള്‍‌!

“നിന്റെ പെണ്‍കുഞ്ഞുങ്ങളേയെങ്കിലും
എനിക്കു രക്ഷിക്കണം
അവരുടെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍
ഞാന്‍ വരും...”

ഇത് കൂടുതലിഷ്ടമായി.
:)

കുഞ്ഞന്‍ said...

ബാജി,
നഞ്ചെന്തിനു നാനാഴി...

നല്ല എഴുത്ത്..ചെറുതെങ്കിലും വലിയ ആശയങ്ങള്‍

വെല്‍ഡന്‍ മൈ ബോയ്!

Sanal Kumar Sasidharan said...

പകല്‍ നിന്റെ അടുത്തു വരാനാകില്ല
ചില മാന്യന്മാര്‍ എന്നെ തെറ്റിദ്ധരിക്കും
രാത്രിയില്‍ നിന്റെ അടുത്തുവന്നാല്‍
നിനക്കായുള്ള ക്യൂവില്‍
പല മാന്യന്മാരെയും കാണേണ്ടി വരും
ഒരു പക്ഷേ ....
നീയും എന്നെ തെറ്റിദ്ധരിക്കും
എന്നാലും .....
ഞാന്‍ വരും... ഒരുനാള്‍....
ആരും കാണാതെ ഞാന്‍ വരും
നിന്നെയോ എനിക്കു രക്ഷിക്കാനായില്ല.
നീ പിഴച്ചു പോയി !
നിന്റെ പെണ്‍കുഞ്ഞുങ്ങളേയെങ്കിലും
എനിക്കു രക്ഷിക്കണം

ഇത് ഇത്രയും മാത്രമായിരുന്നെങ്കില്‍ അതിലൊരു ശക്തമായ ആക്ഷേപം ഉണ്ടായിരുന്നു.അത്രയും മതിയായിരുന്നു.

ഡാന്‍സ്‌ മമ്മി said...

സുഹൃത്തിന്റെ ഡയറി മറിച്ചു നോക്കി
അനുഭവങ്ങളുടെ തീഷ്‌ണത വാക്കുകളില്‍
കഥയുള്ള കഥകള്‍

സജീവ് കടവനാട് said...

നന്നായിരിക്കുന്നു എല്ലാ കുറിപ്പുകളും.

Anonymous said...

നന്നായിരിക്കുന്നു

simy nazareth said...

ബാജി, ഇതും നന്നായിട്ടുണ്ട്. ആദ്യത്തെ ഡയറിക്കുറിപ്പു‍ വായിച്ചപ്പോള്‍ പെണ്ണുകെട്ടാന്‍ പേടിയായി.

സനാതനന്റെ അഭിപ്രായത്തിനൊരൊപ്പ്.

സ്നേഹത്തോടെ,
സിമി.