Thursday, September 27, 2007

അന്ത്യമൊഴി

മതിലുകള്‍

മനസ്സിന് മതിലുകളില്ലാത്ത സ്‌നേഹത്തിന്റെ കാലം.
സ്വാതന്ത്യത്തിന് വേലികെട്ടാത്ത കാലം.

പാറുത്തള്ള ഓടി അടുക്കളയില്‍ വന്നു.
“മോളെ ഒരിത്തിരി കടുകു വേണം.....”
ഉത്തരത്തിനൊന്നും കാത്തുനില്‍‌ക്കാതെ കുപ്പി തുറന്ന് കടുക് എടുത്തോടി.
സ്‌നേഹം കൊണ്ട്‌,
കടുകു വറുത്തു – കറിയുണ്ടാക്കി

പാറുത്തള്ള വീണ്ടും വന്നു
“മോളെ നാലു മുളക്........”
അയല്‍ വീട്ടിലെ പാട്ട തുറന്ന് നാലുമുളകെടുക്കാന്‍
പാറുത്തള്ളയ്‌ക്ക്‌ ആരുടെ സമ്മതമാണ് വേണ്ടത്
ഗ്രാമത്തിലെ വീടുകളെല്ലാം അയല്‍‌ വീടുകള്‍
എല്ലാം പാറുത്തള്ളയ്‌ക്ക് സ്വന്തം പോലെ.

പാറുത്തള്ളയുടെ മോനും ഓടി വന്നു.
അവനറിയാം ഓരോ പാട്ടയിലും എന്തൊക്കെയാണെന്ന്
ചക്കയുപ്പേരി, വാഴക്കാ ഉപ്പേരി, കളിയോടയ്‌ക്ക......
അവന്‍ ആരോടും ചോദിക്കാതെ
ഒരു കുഞ്ഞിക്കൈ നിറയെ ചക്കര പുരട്ടിയും വാരിക്കൊണ്ടോടി.
ഓട്ടത്തിന്നിടെ അവന്‍ തിരിഞ്ഞു നോക്കിയൊന്ന് ചിരിച്ചിരുന്നു.
ചക്കര പുരട്ടിയുടെ സ്‌നേഹം മനസ്സില്‍ കുറിച്ചിട്ടിരുന്നു.

കാലം മാറി
വീടിനു ചുറ്റും മതിലുകെട്ടി – മനസ്സിനും
കുരയ്‌ക്കുകയും കടിയ്‌ക്കുകയും ചെയ്യുന്ന പട്ടിയേയും വളര്‍ത്തി.
കടുക് ചോദിക്കാന്‍ വന്ന പാറുത്തള്ളയെ പട്ടി കടിച്ചു
പേയിളകി പാറുത്തള്ള ചത്തു
പാറുത്തള്ളയുടെ മോന്‍ ഉപ്പേരി ചോദിക്കാന്‍ മതിലുചാടി
കള്ളനെന്നു വിചാരിച്ച് ഒന്നേ തല്ലിയുള്ളൂ
അവന് ഒറ്റയടിക്കു ചാകുന്ന ആയുസ്സേയുണ്ടായിരുന്നുള്ളു

വീട്ടുകാരന്‍ പോലീസ് പിടിയിലായി
അജ്‌ഞാത ജഡം കടല്‍ക്കരയില്‍ അടിഞ്ഞു.

മതിലുള്ള വീട്ടിലെ വീട്ടുകാരി
ഏകയാണ് , വിധവയാണ്
കൂട്ടിന് പട്ടിയുണ്ട്‌ , പട്ടിമാത്രം


അന്ത്യമൊഴി

ഭര്‍‌ത്താവ്‌ ഭാര്യയോട്
“ നീ എം. ടി. യുടെ രണ്ടാമൂഴം വായിച്ചിട്ടുണ്ടോ ?
അല്ല , എം. ടി. ആരാണെന്ന് നിനക്കറിയാമോ ?
ഗോപന്റെ ഭാര്യ എം. ടി. യുടെ രണ്ടാമൂഴം എന്ന പുസ്‌തകമാണ് ഡോക്‌ടറേറ്റിനായി തിരഞ്ഞെടുത്തിരിക്കുന്നത്‌.
നീ, ഞാന്‍ എഴുതിയിട്ടുള്ള ഏതെങ്കിലും കവിതകള്‍ വായിച്ചിട്ടുണ്ടോ ?
അല്ല, വായിച്ചാലും നിനക്കു വല്ലതും മനസ്സിലാകുമോ ?
നീ ഗോപന്റെ ഭാര്യയേ നോക്ക്
അവള്‍ കഥകളെഴുതും കവിതകളെഴുതും
ഗോപന്റെ ഭാര്യ കവിതകള്‍ ഈണത്തില്‍ ചൊല്ലുന്നതു കേള്‍ക്കാന്‍ എന്തു രസമാണെന്നോ !
ഗോപന്റെ ഭാര്യ നിന്നേപ്പോലെ മടിച്ചിയല്ല.
രാവിലെ പത്തുമണിവരെ കിടന്നുറങ്ങുകയില്ല.
അവള്‍ രാവിലെ കുളിച്ചൊരുങ്ങി നില്‍ക്കുന്നതു കാണാന്‍ എന്തു ഭംഗിയാണെന്നോ ?
നീ ഗോപന്റെ ഭാര്യയെ കണ്ടു പഠിക്ക്
ഗോപന്റെ ഭാര്യ .....
ഗോപന്റെ ഭാര്യ.....”

ഭാര്യമനസ്സില്‍ പറഞ്ഞത് ഒരല്പം ഉറക്കെയായിപ്പോയി
“ ഗോപന്റെ ഭാര്യ വന്നോ ?
ആ കള്ളന്‍ ഇതു വരേയും അതു പറഞ്ഞില്ലല്ലോ !
ഞാന്‍ അവിടെ ഗോപനെ മാത്രമേ കണ്ടിട്ടുള്ളൂ.
ഇനിയും പോകുമ്പോള്‍ ഗോപന്റെ ഭാര്യയെ പരിചയപ്പെടണം.
ഗോപനും എന്നേപ്പോലെയാ... മടിയനാ ...! “

( അതിനുശേഷം ഭര്‍ത്താവ് ഗോപന്റെ ഭാര്യയെപ്പറ്റി സംസാരിച്ചിട്ടില്ല. )

Saturday, September 22, 2007

മലയാളം അറിയാം

രണ്ടു മാസം ജീവിക്കാനായി

രണ്ടു വര്‍ഷത്തെ പ്രവാസത്തിനു ശേഷം
ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വിമാനത്തില്‍ കയറിയത്
ഒരു പാവം എലിയാണ്.

തിരുവനന്തപുരത്ത് വിമാനത്തില്‍ നിന്നും ഇറങ്ങിയത്
കൂളിംഗ് ഗ്ലാസ്സു വെച്ച
കുടവയറും കഷണ്ടിയുമുള്ള
ഒരു പുലിയാണ്.


അവധി ദിവസം

ദീപുവിന് എന്നാണ് ഒരു അവധി കിട്ടുക
നാട്ടിലായിരുന്നെങ്കില്‍ ജോലി ചെയ്യേണ്ടായിരുന്നു
ചെയ്‌താലും
ബന്ദും, ഹര്‍ത്താലും മറ്റ് അവധി ദിവസങ്ങളും കഴിഞ്ഞാല്‍
വളരെക്കുറച്ചു ദിവസങ്ങള്‍ - ഒരു റ്റൈം പാസ്.

ഇവിടെ വിമാനം ഇറങ്ങിയ അന്നു മുതല്‍
തിരിച്ചു കയറുന്നതുവരെ
വെള്ളിയാഴ്‌ച ഉള്‍‌പ്പെടെ മുന്നൂറ്റി അറുപത്തഞ്ചു ദിവസവും
പന്ത്രണ്ടു മണിക്കൂര്‍ ജോലി.

ദൈവമേ ഒരു ദിവസം അവധി കിട്ടിയിരുന്നെങ്കില്‍ ...........
ദീപു എന്നും ആഗ്രഹിക്കാറുണ്ട്, പ്രാര്‍‌ത്ഥിക്കാറുണ്ട് !
അവസാനം ദീപുവിനും മറ്റുള്ളവര്‍ക്കും
ഒരു ദിവസം അവധി കിട്ടി
എല്ലാവരും സന്തോഷിച്ചു.
ഫാക്‌ടറിയുടെ നോട്ടീസ് ബോര്‍ഡില്‍ എല്ലാവരും വായിച്ചു
“ ഇന്ന് ഫാക്‌ടറി അവധിയായിരിക്കും, ദീപുവിന്റെ അകാല നിര്യാണത്തില്‍ മാനേജ്‌മെന്റ് അനുശോചിക്കുന്നു“

മലയാളി സൂപ്പര്‍‌വൈസറുടെ ആക്രോശം കേട്ടപ്പോള്‍ എല്ലാവരുടേയും സന്തോഷം എങ്ങോ പോയിമറഞ്ഞു.
“ ഒരുത്തനും ചിരിക്കേണ്ട, ഇനിയും ഇങ്ങനെയുള്ള ദിവസങ്ങളിലും ആര്‍ക്കും അവധിയുണ്ടായിരിക്കുന്നതല്ല”നക്ഷത്രഫലം

വെറുതെ നക്ഷത്രഫലം നോക്കി
മേടക്കൂറ് : അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ പതിനഞ്ചു നാഴിക.

ഞാനും അതില്‍‌പ്പെടും – ശ്രദ്ധയോടെ വായിച്ചു തുടങ്ങി

“ ശാരീരിക ക്ലേശങ്ങളും ധനദുര്‍വ്യയവും ഉണ്ടാകുമെങ്കിലും ആഡംബര വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും, നിക്ഷേപങ്ങള്‍ക്ക് അനുകൂല സമയം...”
നാട്ടില്‍ നിന്നും അമ്മയുടെ ഫോണ്‍

“ മോനെ രണ്ടു ദിവസം കൂടി നേരത്തെ വരിക, നല്ലൊരു ശുഭമുഹൂര്‍‌ത്തം ഉണ്ട്, നിനക്കായ് ഞങ്ങളൊരു പെണ്ണുനെ കണ്ട് വാക്കു കൊടുത്തു”മലയാളം അറിയാം

ഗാര്‍ഡനില്‍ നടക്കാന്‍ പോയപ്പോളാണ് മലയാളം അറിയാവുന്ന അറബിയെ പരിചയപ്പെട്ടത്‌.
“മലബാറി അച്ചാ ഹെ” (മലയാളികള്‍ നല്ലവരാണ് )
“മലബാറി അച്ചാ കാം കര്‍ത്താ ഹെ” (മലയാളികള്‍ ‘നല്ലപണിയാ‘ ചെയ്യുന്നത് )

“സാര്‍ യെ ഹിന്ദി ഹൈ – മലയാളം ദൂസരാ ഹൈ “ ( സാര്‍ ഇത് ഹിന്ദിയാണ് – മലയാളം വേറെയാണ്)

സുനോ മേരാ മലയാളം ( എന്റെ മലയാളം കേള്‍ക്കൂ )
“ എടാ പു........... , എടാ.........., എടാ ..............“
( അറബി പറഞ്ഞത് പച്ച മലയാളം ആയതിനാല്‍ ഇവിടെച്ചേര്‍ക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു )
അറബിക്ക് തന്നെ മലയാളം പഠിപ്പിച്ച കേരളക്കാരെപ്പറ്റി നല്ല മതിപ്പാണ് .

Tuesday, September 18, 2007

ഡയറിക്കുറിപ്പുകള്‍

ഡയറിക്കുറിപ്പുകള്‍

സുഹൃത്തിന്റെ ഡയറി മറിച്ചു നോക്കി
അനുഭവങ്ങളുടെ തീഷ്‌ണത വാക്കുകളില്‍
കഥയുള്ള കഥകള്‍
കവിതകള്‍ ,സാഹിത്യം
ജീവിത ദര്‍ശനങ്ങള്‍
വായിക്കുവാന്‍ താത്‌പര്യം തോന്നി
അവനൊരു ഭാവിയുണ്ടെന്നു തോന്നി
വിവാഹത്തിനു ശേഷമുള്ള പേജുകളില്‍
കൊടുത്തതും കൊടുക്കാനുള്ളതുമായ
കുറേ രൂപയുടെ കണക്കുകള്‍ മാത്രം
ആ ഡയറികള്‍ സുഹൃത്തിന്റെ വിധവയെ ഏല്‍പ്പിക്കുമ്പോള്‍
എനിക്കൊന്നും തോന്നിയില്ല.

ശാസ്‌ത്രലോകം

ഗര്‍ഭകാലത്ത്
ടി. വി. കാണുകയും
അതിനുമുമ്പിലിരുന്ന് വെറുതേ എന്തെങ്കിലും കൊറിക്കുകയും
ചെയ്യുന്ന സ്‌ത്രീകളുടെ കുട്ടികള്‍
ഭാവിയില്‍
‘വെറും വാര്‍ത്ത‘ കളായി മാറുന്നതായി
ശാസ്‌ത്രലോകം കണ്ടെത്തി
( പൂച്ചകളില്‍ നടത്തിയ പഠനം )

ഗര്‍ഭകാലത്ത്
ഭര്‍ത്താവിനോട് വഴക്കിടുകയും
കൂടുതല്‍ കുരയ്ക്കുകയും (സംസാരിക്കുക)
ചെയ്യുന്ന സ്‌ത്രീകളുടെ കുട്ടികള്‍
ഭാവിയില്‍
മന്ത്രിമാരായിത്തീരുന്നതായി
ശാസ്‌ത്രലോകം കണ്ടെത്തി
( പട്ടികളില്‍ നടത്തിയ പഠനം )
മരണം

പകല്‍ നിന്റെ അടുത്തു വരാനാകില്ല
ചില മാന്യന്മാര്‍ എന്നെ തെറ്റിദ്ധരിക്കും
രാത്രിയില്‍ നിന്റെ അടുത്തുവന്നാല്‍
നിനക്കായുള്ള ക്യൂവില്‍
പല മാന്യന്മാരെയും കാണേണ്ടി വരും
ഒരു പക്ഷേ ....
നീയും എന്നെ തെറ്റിദ്ധരിക്കും
എന്നാലും .....
ഞാന്‍ വരും... ഒരുനാള്‍....
ആരും കാണാതെ ഞാന്‍ വരും
നിന്നെയോ എനിക്കു രക്ഷിക്കാനായില്ല.
നീ പിഴച്ചു പോയി !
നിന്റെ പെണ്‍കുഞ്ഞുങ്ങളേയെങ്കിലും
എനിക്കു രക്ഷിക്കണം
അവരുടെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍
ഞാന്‍ വരും....പണപ്പെട്ടി

മകന്‍ അച്‌ഛനറിയാതെ അച്‌ഛന്റെ പണപ്പെട്ടി തുറന്നു
കുറേ നോട്ടുകള്‍ കള്ളുഷാപ്പിലേക്കോടി
കുറേ നോട്ടുകള്‍ പാല്‍ക്കാരി ജാനുവിന്റെ കുടിലിലേക്കോടി
ജാനുവാണോ മൂത്തത്‌ ജാനുവിന്റെ മകളാണോ മൂത്തത്‌ ?
മകന്‍ പണപ്പെട്ടി അടച്ച്‌ കിടന്നുറങ്ങി
സ്വപ്‌നത്തില്‍
പീഡനക്കേസില്‍പ്പെട്ട മകനുവേണ്ടി
അച്‌ഛന്‍ പണപ്പെട്ടിയുമായി
പോലീസ്‌ സ്റ്റേഷന്‍ കയറുന്നതും
കോടതിയുടെ പടിയിറങ്ങുന്നതും കണ്ടു.