Wednesday, October 31, 2007

കാണായ്‌മയുടെ കാഴ്‌ച

ജലത്തില്‍ ജലമല്ലാതെ എന്തു കാണുന്നു ?
ജലത്തില്‍ ജലമല്ലാതെ എന്തു കാണാന്‍
ജലത്തിലെ വിഷാംശങ്ങളും രോഗാണുക്കളും
അതു കുടിച്ചു മക്കള്‍ മരിക്കുന്നതും
ജലം വിഘടിക്കുന്നതും ഇല്ലാതാകുന്നതും
ജലത്തിനു വേണ്ടി ഉണ്ടാകാന്‍ പോകുന്ന യുദ്ധങ്ങളും
നീ കാണണം

മരത്തില്‍ നീ എന്തു കാണുന്നു ?
മരമല്ലാതെ എന്തു കാണാന്‍
മരത്തിന്‍ സിരകളില്‍ രക്‌തം പൊടിക്കുന്നതും
കടപുഴകി വീഴുന്നതും
ഭൂമിതന്നെ ഒലിച്ചു പോകുന്നതും
നീ കാണണം

ആകാശത്തില്‍ നീ എന്തു കാണുന്നു ?
മേഘങ്ങളല്ലാതെ എന്തു കാണാന്‍
സൂര്യനേക്കാള്‍ വലിയ സൂര്യനെ നീ കാണുക
ഓസോണിന്‍ മുറിവുകള്‍ നീ കാണുക
നിന്നെ ദഹിപ്പിക്കാന്‍ പോരുന്ന തീമഴ നീ കാണുക

എനിക്കിതൊന്നും കാണുവാന്‍ കഴിയില്ല
കാണായ്‌മയുടെ കാഴ്‌ചയെനിക്കില്ല
ചൂഴ്‌ന്നെടുത്തോളൂ എന്‍ കണ്‍‌കളെ

ഉറക്കത്തിലെ പേടി

തണുപ്പുള്ള രാത്രിയില്‍
കുട്ടന് ഉറക്കം വന്നില്ല
എന്തൊക്കയോ പേടികള്‍
മുറ്റത്ത് എന്തൊക്കയോ ശബ്‌ദങ്ങള്‍

കോഴിക്കൂട് അടച്ചിരുന്നു
എന്നിട്ടും
കോഴികള്‍ പേടിച്ച് കരയുന്നു

ചില ദിവസങ്ങളില്‍
കുറുക്കന്‍ കോഴിയെപ്പിടിക്കാന്‍ വരാറുണ്ട്
കുറുക്കനും അമ്മയെ പേടികാണും
അമ്മ ഉണരേണ്ട
ഉണര്‍‌ന്നാല്‍
കുറുക്കനെ എറിഞ്ഞോടിക്കും

വല്ല കള്ളനും മോഷ്‌ടിക്കാന്‍ വന്നതാണോ?
അച്‌ഛനെ പേടിയില്ലാത്ത കള്ളനൊ !
അച്‌ഛന്‍ വീട്ടിലില്ലാത്തതു ഭാഗ്യം
അച്‌ഛന്‍ ഏതു കള്ളനേയും ഓടിച്ചിട്ടു പിടിക്കും
അച്‌ഛനും പേടിയുണ്ടാകുമോ?

അമ്മ ഉറക്കത്തില്‍ പറഞ്ഞു
മോനെ പേടിക്കേണ്ട....
കണ്ണടച്ച് ഉറങ്ങിക്കോ.....
ഞാനില്ലിയോ നിനക്ക്....
ഉറങ്ങുന്ന അമ്മയ്‌ക്ക് പേടിയില്ല
കുട്ടന്‍ അമ്മയോട് ചേര്‍‌ന്നു കിടന്നുറങ്ങി.

Sunday, October 21, 2007

കോഴി

ചികയാറില്ല
മുട്ടയിടാറില്ല
മുട്ടയ്‌ക്ക് അടയിരിക്കാറില്ല
ചിറകുകളില്ല, തൂവലും
പുരപ്പുറത്തുകയറി കൂവാറില്ല
കൂവിയാലൊട്ടു നേരം വെളുക്കുകയുമില്ല.

എന്നിട്ടും നിങ്ങള്‍ പറയുന്നു
കോഴിയാണ് കോഴി.

ഓടിച്ചിട്ടു തല്ലിക്കൊന്നു
കെട്ടിത്തൂക്കിയതും ഇറച്ചിക്കടയില്‍
കോഴിയിറച്ചിയുടെ വില പോലും ഇല്ലായിരുന്നു
ആരും വില ചോദിച്ചില്ല, വാങ്ങിയില്ല

എന്നിട്ടും നിങ്ങള്‍ പറയുന്നു
കോഴിയാണ് കോഴി.

Thursday, October 18, 2007

അവസാനത്തെ ആഗ്രഹം

കര്‍ഷകന്‍

മലബാറിലെ കുടിയേറ്റ കര്‍ഷകരുടെ മക്കള്‍
കൃഷി ചെയ്‌താണ് കടബാദ്‌ധ്യതയുള്ളവരായത്
കൃഷി ചെയ്‌താല്‍ കടക്കാരാകുമോ?
‘കടം’ കൃഷി ചെയ്‌താല്‍ കടമല്ലേ കൊയ്യാനാവൂ....
കടക്കെണിയില്‍ പെട്ട് ജീവിതം വഴിമുട്ടി
ആത്‌മഹത്യ ചെയ്യുവാനുള്ള ധൈര്യം പോലും അവര്‍ക്കില്ലായിരുന്നു.
ഓടിയൊളിക്കുവാന്‍ കാടുകളൊന്നും കണ്ടില്ല.

ചിലര്‍ നഗരങ്ങളിലെ വ്യവസായങ്ങള്‍ക്ക് തണലായി
മറ്റു ചിലര്‍ എണ്ണയുടെ നാട്ടിലെ ഒട്ടകങ്ങള്‍ക്ക് കൂട്ടായി
മലബാറില്‍ ബാക്കിയുണ്ടായിരുന്ന എല്ലാവരേയും സായിപ്പിന്റെ പട്ടാളത്തില്‍ ചേര്‍ത്തു
ഗ്രീന്‍ കാര്‍ഡ് കൊടുത്ത് ലോകം മുഴുവന്‍ വിന്യസിച്ചു
യുദ്ധം ചെയ്യുവാനല്ല, യുദ്ധം ചെയ്യുവാന്‍ അവര്‍ക്കറിയുകയുമില്ലല്ലോ!
യുദ്ധപ്പറമ്പിലെ ശവങ്ങള്‍ പെറുക്കിക്കൂട്ടുകയാണ് ജോലി
ഓരോ ദിവസവും വൈകിട്ട് കണക്കു കൊടുക്കണം
ജോലിക്കനുസരിച്ച് കൂലി കിട്ടും
ശവങ്ങള്‍ പെറുക്കിക്കൂട്ടുവാന്‍ അവര്‍ മത്‌സരിച്ചു

മലബാര്‍ ഏതോ സായിപ്പ് പാട്ടത്തിനെടുത്തു
ഉഴുതുമറിച്ചു, ശാസ്‌ത്രീയമായി കൃഷി ആരംഭിച്ചു
കപ്പയും കാച്ചിലും ചേനയും തുടങ്ങി എല്ലാം കൃഷി ചെയ്‌തു
ലോകം വിശപ്പിനു മുന്നില്‍ മുട്ടുമടക്കുന്ന ദിവസത്തിനായി
സായിപ്പ്‌ കാത്തിരുന്നു
കര്‍ഷക സായിപ്പ് കാത്തിരുന്നു



ടൂറിസം വാരാഘോഷം

കൊച്ചിയില്‍ നടന്ന ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ജാനു ഗര്‍ഭിണിയായപ്പോള്‍ ആഘോഷക്കമ്മറ്റിക്കാര്‍ തെല്ലൊന്ന് വിഷമിച്ചു.
കല്ല്യാണം കഴിക്കാത്ത ജാനുവിനു കുട്ടിയുണ്ടായാല്‍ .....
കുട്ടിയുടെ പിതൃത്വം..... കുട്ടിയുടെ ഭാവി........
സായിപ്പിന്റെ കയ്യില്‍ എല്ലാത്തിനും ഉത്തരം ഉണ്ടായിരുന്നു
ഉണ്ടാകാന്‍ പോകുന്നകുട്ടി തന്റെ കുട്ടിയാണെന്നും കുട്ടിയെ ലോക പോലീസില്‍ ചേര്‍ത്തിരിക്കുന്നു വെന്നും സായിപ്പ് സര്‍ട്ടിഫിക്കേറ്റ് നല്‍കി.
ഇത്തരം സര്‍ട്ടിഫിക്കേറ്റുകളുടെ ആയിരക്കണക്കിനു കോപ്പികള്‍ കണ്ടപ്പോള്‍ ആഘോഷക്കമ്മറ്റിക്കാര്‍ക്ക് ആശ്വാസമായി.



അവസാനത്തെ ആഗ്രഹം

ദൈവം ഒരു മലയാളിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു
“നാം നിന്റെ ജീവന്‍ എടുക്കാന്‍ പോകുകയാണ് “

മലയാളിക്ക് കരച്ചില്‍ വന്നു
“ദൈവംതമ്പുരാനെ ഇപ്പോഴേ എന്റെ ജീവനെടുക്കരുതേ എനിക്ക് ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല”

ദൈവം കാര്യം വിശദീകരിച്ചു
“ഇല്ല മകനേ നിന്റെ സമയം കഴിഞ്ഞു, നീ മരിക്കേണ്ടത് അനിവാര്യമാണ്. അവസാനമായി നിനക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ പറയൂ”

മലയാളി ബുദ്ധിമാനാണേ! തെല്ലൊന്ന് ആലോചിച്ച ശേഷം അവന്‍ അവസാന ആഗ്രഹം പറഞ്ഞു
“ദൈവമേ അധിനിവേശം തൊട്ടശുദ്ധമാക്കാത്ത ഒരു പെണ്ണിന്റെ കൂടെ അന്തിയുറങ്ങിയിട്ട് മരിച്ചാല്‍ മതി”

മലയാളിയും ദൈവവും കൂടി ലോകം മുഴുവന്‍ അന്വേക്ഷിച്ചിട്ടും അങ്ങനെ ഒരുവളെ കണ്ടെത്താനായില്ല.

മലയാളിയുടെ ആഗ്രഹം നിവര്‍ത്തിച്ചു കൊടുക്കുവാനാകാതെ ദൈവം നാണിച്ച് തോല്‍‌വി സമ്മതിച്ചു.

Thursday, October 11, 2007

ആഗ്രഹങ്ങളുടെ പുസ്‌തകം

സാധാരണക്കാരന്റെ ചെറിയ ചെറിയ ആവശ്യങ്ങളായിരുന്നു അവന്റെ സ്വപ്‌നങ്ങള്‍.
ആഗ്രഹിക്കാന്‍ പാടില്ലാത്തതൊന്നും ആഗ്രഹിച്ചില്ല.

വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന സഹോദരിമാര്‍‌ക്കൊരു ജീവിതം.
ബാങ്കുലോണ്‍ പലിശയടക്കം തിരിച്ചടച്ച് തന്റെ വസ്‌തുവിന്റെ ആധാരം ബാങ്കില്‍ നിന്നും തിരിച്ചെടുക്കണം.
അതേ ബാങ്കില്‍ തന്നെ അല്പം സ്‌ഥിര നിക്ഷേപവും ഇടണം
വീടൊന്നു പുതുക്കിപ്പണിയണം.
കുഞ്ഞുന്നാള്‍ മുതല്‍ ആഗ്രഹിച്ച കളിക്കൂട്ടുകാരിയെ സ്വന്തമാക്കണം.
പ്രായമായ മാതാ പിതാക്കള്‍ക്ക് വാര്‍ദ്ധക്യത്തില്‍ അത്താണിയാകണം.
നാട്ടില്‍ തിരിച്ചു ചെന്ന് ചെറിയെന്തെങ്കിലും ബിസ്സിനസ്സു ചെയ്ത് ജീവിക്കാനൊരു സ്‌ഥിര വരുമാനം ഉണ്ടാക്കണം.

അങ്ങനെ കുറെ സ്വപ്‌നങ്ങളുമായാണ് അറബിനാട്ടില്‍ ജോലി തേടിയെത്തിയത്‌.
വിസായിക്കും വിമാന ടിക്കറ്റിനും അച്‌ഛന്‍ ആരില്‍ നിന്നൊക്കെയോ കടം വാങ്ങി.

ഒരു വര്‍ഷത്തോളം ആത്‌മാര്‍ത്ഥമായി ജോലി ചെയ്തു. അത്രയുമേ ചെയ്യേണ്ടി വന്നുള്ളു.

ജോലി ചെയ്തു കൊണ്ടിരുന്ന ഇരുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണപ്പോള്‍ ജീവന്‍ തിരിച്ചു കിട്ടുമെന്നു വിചാരിച്ചില്ല.
ഗള്‍ഫിലെ ആശുപത്രിയില്‍ ആറുമാസത്തെ ചികിത്‌സക്കു ശേഷം കൂട്ടുകാര്‍ പിരിവെടുത്തു വാങ്ങിക്കൊടുത്ത ടിക്കറ്റില്‍ തിരികെ നാട്ടിലെത്തി.

നാട്ടിലേക്കുള്ള യാത്രയ്‌ക്കു മുന്‍‌പേ ആരാണ് ആ സമ്മാനം കൊടുത്തതെന്ന്‌ ഓര്‍മ്മയില്ല.
അതില്‍ എല്ലാം ഉണ്ടായിരുന്നു.
സമ്പത്തും , കാറും , വീടും, ബാങ്ക് ഡിപ്പോസിറ്റും, എല്ലാം എല്ലാം ....
ജീവിതവും, വിവാഹവും, സന്തോഷവും, സമാധാനവും എല്ലാം എല്ലാം.........
ഒരു മനുഷ്യന് എന്തെല്ലാം ആഗ്രഹിക്കാമോ അതെല്ലാം അതിലുണ്ടായിരുന്നു.

ഡിക്‌ഷണറിയില്‍ ഇല്ലാത്തത് എന്താണ് ? എല്ലാം അതിലുണ്ടായിരുന്നു.

സമ്മാനമായിക്കിട്ടിയ ഡിക്‌ഷണറി നെഞ്ചോടടുക്കിപ്പിടിച്ച് എഴുന്നേല്‍ക്കാന്‍ ശക്‌തിയില്ലാത്ത കാലുകളെ നോക്കി അവന്‍ ശബ്‌ദമില്ലാതെ കരഞ്ഞു.

Wednesday, October 10, 2007

രാജ്യദ്രോഹക്കുറ്റം

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവനാണ് പ്രതി.

രാജാവ് നഗ്‌നനാണെന്നു വിളിച്ചു പറഞ്ഞവനെ തൂക്കിലേറ്റേണ്ടത് രാജനീതി.
തൂക്കുമരത്തില്‍ കുറഞ്ഞെന്ത് ശിക്ഷയാണ് നല്‍കുക.
നീ വെറും പ്രജ. നിനക്ക് ഉണ്ണാനും സ്വസ്ഥമായി ഉറങ്ങാനുമുള്ള സൌകര്യം രാജ്യത്തുണ്ടായിരുന്നല്ലോ?
പിന്നെ നീയെന്തിനാണ് രാജ്യകാര്യങ്ങളില്‍ ന്യായം പറയാന്‍ നിന്നത് ?

മാതൃകാ പരമായി അവനെ തൂക്കിലേറ്റുന്നത് മറ്റു പ്രജകള്‍‌ക്കൊരു താക്കീതാകുമെന്ന് വാദിഭാഗം വാദിച്ചു.
താക്കീതു നല്‍കി പറഞ്ഞയക്കണമെന്ന് പ്രതിഭാഗം അപേക്ഷിച്ചു.
സത്യം പറഞ്ഞതിന്റെ പേരില്‍ മരണം വരിക്കാനും പ്രതി തയ്യാറായിരുന്നു.
രാജാവും നിയമപുസ്‌തകവും മാത്രമാണ് ശരിയെന്ന് ജഡ്‌ജി വിശ്വസിച്ചു.

നീണ്ട വാദപ്രതി വാദങ്ങള്‍‌ക്കൊടുവില്‍ ജഡ്‌ജി വിധി പ്രഖാപിച്ചു.
നാലു ലക്ഷം രൂപാ പിഴയും ജീവപര്യന്തം കഠിന തടവും.
ഒരിക്കല്‍ക്കൂടി കണ്ണുകെട്ടിയ ദേവത വെറും മരപ്പാവയായി രാജനീതിയ്‌ക്ക് കൂട്ടുനിന്നു.

നീതികള്‍ മാറിമറിയുമെന്ന് പ്രതി മാത്രം സ്വപ്‌നം കണ്ടു.
ഇന്നത്തെ ശരികള്‍ എന്നും ശരിയായിരിക്കില്ലെന്ന് പ്രതിക്കറിയാം.
ഭടന്മാര്‍ പ്രതിയെ തടവറയിലേക്ക് കൂട്ടിക്കൊണ്ടു പോയി.
തടവറയുടെ ഇരുമ്പഴികളിലൂടെ ആകാശവും അതിലുള്ള നക്ഷത്രങ്ങലേയും പ്രതിക്ക് കാണാമായിരുന്നു.

ജഡ്‌ജി കോടതി മുറിയില്‍ തളര്‍‌ന്നു വീഴുമ്പോള്‍ ദാഹജലത്തിനായി കേണത് ആരും കേട്ടില്ല.
ആരൊക്കയോ താങ്ങി ആശുപത്രിയിലാക്കി.
ലക്ഷങ്ങള്‍ മുടക്കി ചികിത്സ ചെയ്‌തിട്ടും ഫലമുണ്ടായില്ല.
ജീവപര്യന്തം ഒരേ കിടപ്പില്‍ കിടക്കേണ്ടി വരുമെന്ന് ഡോക്‌ടര്‍മാര്‍ വിധിച്ചു.
വര്‍ഷങ്ങളോളം ഒരേ മരവിച്ച കിടപ്പില്‍ ജഡ്‌ജി കിടന്നു.

ജഡ്‌ജി ഓര്‍മ്മയുടെ പുസ്‌തകം മറിച്ചു നോക്കി.
താന്‍ ആര്‍‌ക്കെങ്കിലും ദയാവധം വിധിച്ചിട്ടുണ്ടോ?
ദയാവധത്തിന് നിയമ സാധുതയുണ്ടോ?

Thursday, October 4, 2007

പ്രവാസലോകം

ഗള്‍ഫ് മരുഭൂമിയുടെ ഉള്‍ഗ്രാമത്തില്‍ കുറെ കാട്ടറബികളും ഒട്ടകങ്ങളും താമസിക്കുന്നിടത്ത് ഒരു മലയാളിയൊ ?

വിദേശത്ത് കാണാതാവുന്നവരെ അന്വേഷിക്കുന്ന പ്രവാസലോകമെന്ന ടി.വി. പരിപാടിയില്‍ കഴിഞ്ഞ ആഴ്‌ച കണ്ട അതേ മുഖം.
ഇരുപത്തിരണ്ടു വര്‍ഷത്തിന്റേതായ വലിയ മാറ്റങ്ങളൊന്നും ആ മുഖത്ത് കാണാനില്ല.

ചോദ്യങ്ങള്‍‌ക്കൊന്നും അവന് ഉത്തരമില്ല. ചിലപ്പോള്‍ തലകുലുക്കും. ചില ചോദ്യങ്ങളുടെ ഉത്തരം ഒരു മൂളലായിരിക്കും.

ആ മുഖത്തെ ദൈന്യഭാവം ഉത്തരമാകുന്ന ചോദ്യം ഏതാണ് ?

ഒട്ടകങ്ങളെ മേയിച്ചു നടന്ന് അവയുടെ ഭാഷ മാത്രമേ മനസ്സിലാകൂ എന്നുണ്ടോ ?

ജീവിക്കുവാന്‍ വേണ്ടി അറിയാത്ത ദേശത്തേക്ക് കടലുതാണ്ടിയെത്തിയവന്‍.
ചരക്കു കപ്പലില്‍ ഒരായിരം പ്രതീക്ഷകളുമായി തീരമണഞ്ഞവന്‍.
സ്വന്തം അസ്‌തിത്വം തെളിയിക്കുന്ന പ്രധാന രേഖയായ പാസ്സ്‌പോര്‍ട്ടു പോലും കൈയ്യിലില്ലാതെ മരുഭുമിയില്‍ വര്‍ഷങ്ങളോളം ജീവിക്കാമെന്ന് തെളിയിക്കുന്നു.
കാലത്തിന്റെ കൊടുംചൂടും തണുപ്പുമേറ്റ് പ്രതീക്ഷകള്‍ മങ്ങി, മനസ്സിലെ ഓര്‍മ്മകള്‍ മരവിച്ചു.

ഒട്ടകങ്ങള്‍ക്ക് തീറ്റ കൊടുക്കുമ്പോള്‍ അവയുടെ ഒരു നോട്ടം, ആ കണ്ണുകളില്‍ കണ്ട തിളക്കമാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഒട്ടകങ്ങളുടെ ഉടമസ്‌ഥനായ അറബിയുടെ പീഢനങ്ങള്‍ സഹിക്കേണ്ടിവരുമ്പോള്‍
നിശ്ശബ്‌ദനായി കരയാന്‍ പഠിച്ചു.
എല്ലാം സഹിക്കാന്‍ ശീലിച്ചു.

ഗള്‍ഫിന്റെ പ്രൌഡിയും ആഡംബരവും വിളിച്ചോതുന്ന വലിയ വലിയ കെട്ടിടങ്ങള്‍ കൊണ്ടു നിറഞ്ഞ പട്ടണത്തിലേക്ക്, പട്ടണത്തിന്റെ ആധുനിക സൌകര്യങ്ങളിലേക്ക് അവനെ കൊണ്ടു പോകുവാന്‍ വേണ്ടി വണ്ടിയില്‍ കയറ്റാന്‍ അല്പം നിര്‍ബ്ബന്ധിക്കേണ്ടി വന്നു.

റെക്കോര്‍‌ഡു ചെയ്‌ത പ്രവാസലോകത്തിന്റെ കാസറ്റില്‍ നിന്നും അവനേപ്പറ്റിയുള്ള ഭാഗം കാണിച്ചു. വിങ്ങിപ്പൊട്ടുന്ന മനസ്സുമായാണ് ആദ്യാവസാനം അവനതു കണ്ടത്‌.
അവന്റെ അനുജനും അനുജന്റെ മകളുമാണ് ടി. വി. യില്‍ ജ്യേഷ്‌ഠനെത്തേടി എത്തിയിരിക്കുന്നത്‌.

നഷ്‌ടപ്പെട്ട മകനെകാത്തിരുന്ന്‌ മരണം വരിച്ച അച്‌ഛന്റെയും അമ്മയുടേയും ഫോട്ടോകള്‍ ടി. വി. യുടെ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അവന്റെ മനസ്സിലെന്തായിരുന്നു?

മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റം ഉണ്ടായി.
തന്റെ കുട്ടിക്കാലവും നാടും വീടും നാട്ടുകാരും അവന്റെ മനസ്സില്‍ കുളിരേകി.
തന്റെ യൌവ്വനകാലത്തിന്റെ ഓര്‍മ്മകള്‍ അവനെ അസ്വസ്‌ഥനാക്കി.

നാട്ടില്‍ പോകണമെന്നും തന്റെ കൂടെപ്പിറപ്പുകളെ കാണണമെന്നും അവന് തോന്നാതിരിക്കുമോ?

ഇവനെ നാട്ടിലേക്ക് അയയ്‌ക്കുവാനായി സന്നദ്ധ സംഘടനയുടെ ഭാരവാഹികളെ ഫോണ്‍ ചെയ്‌ത് അറിയിച്ചു , അവര്‍ ഉടന്‍ വരാമെന്നേറ്റു.

ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ലോകത്തിന്റെ മാറിയമുഖം കാണുവാനായി ടി. വി. അവന്നായി തുറന്നു വെച്ചു.
വാര്‍ത്തകളുടെ ഒരു നീണ്ട മണിക്കൂര്‍, അവന്‍ ടി. വി. യിലേക്കു തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

ഇന്നത്തെ ലോകത്തിന്റെ ഒരു നേര്‍ച്ചിത്രം ഒരു മണിക്കൂര്‍‌ക്കൊണ്ട് അവന്റെ മനസ്സില്‍ വരയ്‌ക്കപ്പെട്ടു.
ആഗോള ഭീകരതയുടേയും, അക്രമത്തിന്റെയും, ചതിയുടേയും, അറുംകൊലയുടേയും, പെണ്‍‌വാണിഭത്തിന്റെയും, പീഢനത്തിന്റെയും മറ്റും ലോകത്തില്‍ ഒരു മണിക്കൂര്‍ അവന്‍ ശ്വാസം മുട്ടിയാണിരുന്നത്‌.

മനസ്സിലെ ചിന്തകളുടെ ബഹിര്‍സ്‌ഫുരണങ്ങള്‍ മുഖത്തു വ്യക്‌തമാണ്.

അവനെ നാട്ടിലേക്ക് അയയ്‌ക്കുവാന്‍ സഹായിക്കുവാനായി സന്നദ്ധ സംഘടനയുടെ ഭാരവാഹികള്‍ വന്നു.

അവന്‍ എന്തോ ചിന്തിച്ചുറച്ച് ടി. വി. യുടെ മുന്നില്‍ നിന്നും എഴുന്നേറ്റു.
അവന്‍ ഇറങ്ങി ഓടുകയാണ്. മരുഭൂമിയുടെ ഉള്‍ഗ്രാമത്തിലേക്ക് തിരികെപ്പോകുകയാണ്.

അവന്‍ തിരികെ നോക്കി വിളിച്ചു പറഞ്ഞത് മലയാളത്തിലായിരുന്നു.
“ഒട്ടകങ്ങള്‍ മൃഗങ്ങളല്ല......... , ഒട്ടകങ്ങള്‍ മൃഗങ്ങളല്ല.......”