Wednesday, October 10, 2007

രാജ്യദ്രോഹക്കുറ്റം

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവനാണ് പ്രതി.

രാജാവ് നഗ്‌നനാണെന്നു വിളിച്ചു പറഞ്ഞവനെ തൂക്കിലേറ്റേണ്ടത് രാജനീതി.
തൂക്കുമരത്തില്‍ കുറഞ്ഞെന്ത് ശിക്ഷയാണ് നല്‍കുക.
നീ വെറും പ്രജ. നിനക്ക് ഉണ്ണാനും സ്വസ്ഥമായി ഉറങ്ങാനുമുള്ള സൌകര്യം രാജ്യത്തുണ്ടായിരുന്നല്ലോ?
പിന്നെ നീയെന്തിനാണ് രാജ്യകാര്യങ്ങളില്‍ ന്യായം പറയാന്‍ നിന്നത് ?

മാതൃകാ പരമായി അവനെ തൂക്കിലേറ്റുന്നത് മറ്റു പ്രജകള്‍‌ക്കൊരു താക്കീതാകുമെന്ന് വാദിഭാഗം വാദിച്ചു.
താക്കീതു നല്‍കി പറഞ്ഞയക്കണമെന്ന് പ്രതിഭാഗം അപേക്ഷിച്ചു.
സത്യം പറഞ്ഞതിന്റെ പേരില്‍ മരണം വരിക്കാനും പ്രതി തയ്യാറായിരുന്നു.
രാജാവും നിയമപുസ്‌തകവും മാത്രമാണ് ശരിയെന്ന് ജഡ്‌ജി വിശ്വസിച്ചു.

നീണ്ട വാദപ്രതി വാദങ്ങള്‍‌ക്കൊടുവില്‍ ജഡ്‌ജി വിധി പ്രഖാപിച്ചു.
നാലു ലക്ഷം രൂപാ പിഴയും ജീവപര്യന്തം കഠിന തടവും.
ഒരിക്കല്‍ക്കൂടി കണ്ണുകെട്ടിയ ദേവത വെറും മരപ്പാവയായി രാജനീതിയ്‌ക്ക് കൂട്ടുനിന്നു.

നീതികള്‍ മാറിമറിയുമെന്ന് പ്രതി മാത്രം സ്വപ്‌നം കണ്ടു.
ഇന്നത്തെ ശരികള്‍ എന്നും ശരിയായിരിക്കില്ലെന്ന് പ്രതിക്കറിയാം.
ഭടന്മാര്‍ പ്രതിയെ തടവറയിലേക്ക് കൂട്ടിക്കൊണ്ടു പോയി.
തടവറയുടെ ഇരുമ്പഴികളിലൂടെ ആകാശവും അതിലുള്ള നക്ഷത്രങ്ങലേയും പ്രതിക്ക് കാണാമായിരുന്നു.

ജഡ്‌ജി കോടതി മുറിയില്‍ തളര്‍‌ന്നു വീഴുമ്പോള്‍ ദാഹജലത്തിനായി കേണത് ആരും കേട്ടില്ല.
ആരൊക്കയോ താങ്ങി ആശുപത്രിയിലാക്കി.
ലക്ഷങ്ങള്‍ മുടക്കി ചികിത്സ ചെയ്‌തിട്ടും ഫലമുണ്ടായില്ല.
ജീവപര്യന്തം ഒരേ കിടപ്പില്‍ കിടക്കേണ്ടി വരുമെന്ന് ഡോക്‌ടര്‍മാര്‍ വിധിച്ചു.
വര്‍ഷങ്ങളോളം ഒരേ മരവിച്ച കിടപ്പില്‍ ജഡ്‌ജി കിടന്നു.

ജഡ്‌ജി ഓര്‍മ്മയുടെ പുസ്‌തകം മറിച്ചു നോക്കി.
താന്‍ ആര്‍‌ക്കെങ്കിലും ദയാവധം വിധിച്ചിട്ടുണ്ടോ?
ദയാവധത്തിന് നിയമ സാധുതയുണ്ടോ?

12 comments:

ബാജി ഓടംവേലി said...

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവനാണ് പ്രതി.

രാജാവ് നഗ്‌നനാണെന്നു വിളിച്ചു പറഞ്ഞവനെ തൂക്കിലേറ്റേണ്ടത് രാജനീതി.
തൂക്കുമരത്തില്‍ കുറഞ്ഞെന്ത് ശിക്ഷയാണ് നല്‍കുക.

ശ്രീ said...

തൂക്കുമരത്തേക്കാള്‍‌ വലിയ ശിക്ഷ തന്നെ ജഡ്ജിക്കു കിട്ടിയത്. രാജാവും നിയമ പുസ്തകവും മാത്രമല്ല ശരി എന്ന് അപ്പോഴെങ്കിലും മനസ്സിലായിക്കാണും, അല്ലേ...?

chithrakaran ചിത്രകാരന്‍ said...

പ്രിയ ബാജി,
നന്നായിരിക്കുന്നു.

Unknown said...

വളരെ ഭംഗിയായി , സിമ്പോളിക്കലായി അവതരിപ്പിച്ചിരിക്കുന്നു ബാജീ ... അഭിനന്ദനങ്ങള്‍ !!

സജീവ് കടവനാട് said...

ജഡ്ജിയുടെ വിധി അല്ലേ!! നല്ല കഥ.

മെലോഡിയസ് said...

ബാജി..നന്നായിരിക്കുന്നു!

സഹയാത്രികന്‍ said...

മാഷേ നന്നായിരിക്കുന്നു

:)

സുജനിക said...

നീതിന്യായവ്യവസ്ഥ എന്നും ചര്‍ച്ചാവിഷയം ആണു.എവിടേയും.നന്നായി

simy nazareth said...

:-) നീതിപീഠത്തിന്റെ കണ്ണു കെട്ടിവെച്ചേക്കുന്നത് ഇതാ‍ണല്ലേ

വളരെനന്നായിട്ടുണ്ട് ബാജി.

കുഞ്ഞന്‍ said...

കാലം ചെല്ലുമ്പോള്‍ രാജാവും ചിന്തിക്കും ഞാന്‍ ചെയ്തതൊക്കെ ശരിയാണൊ എന്ന്, അപ്പോഴേക്കും അനവധി ജഡ്ജിമാര്‍ ദയാവധത്തെപ്പറ്റി ഓര്‍ക്കാനുണ്ടാകും..!
ബാജി, ചെറുതെങ്കിലും വലിയ ആശയം..!

ഏ.ആര്‍. നജീം said...

ബാജി, നല്ല കഥ

ഡാന്‍സ്‌ മമ്മി said...

ദയാവദം എന്നാല്‍ യൂത്തനേസിയ (മേഴ്‌സി കില്ലിങ്ങ് ) ഇതിന്റെ നിയമസാധുതയെപ്പറ്റി നാം ഉറക്കെ ചിന്തിക്കണം. ഇത് കാലഘട്ടത്തിന്റെ ആവശ്യമല്ലേ?
ബാജി, ചെറിയ വാക്കുകളില്‍ വലിയ ആശയം നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.