Monday, February 11, 2013

കാവലാളാകുക

       നിന്റെ സഹോദരന്‍ എവിടെ? എന്ന ചോദ്യം അനാദികാലം മുതലെ അലയടിക്കുകയാണ്‍. എന്റെ സഹോദരന്റെ കാവലാളാണോ ഞാന്‍? എന്ന മറു ചോദ്യമെറിഞ്ഞ് ആ ചോദ്യത്തെ നാം ഇന്നും പ്രതിരോധിക്കുന്നു. എന്റെ സഹോദരന്റെ കാവല്ക്കാരനാകാന്‍ എനിക്കായില്ലെങ്കില്‍ പിന്നെ എന്തിനാണ്‍ ഇങ്ങനെയൊരു ജീവിതം? എന്റെ അമ്മയുടെ ഉദരം പങ്കിട്ടവന്‍ മാത്രമല്ല എന്റെ സഹോദരന്‍. ഈ ഭൂമിയിലെ സര്‍വ്വചരാചരങ്ങളേയും സാഹോദര്യ മനോഭാവത്തോടെ കാണാനാകണം. അവയുടെ കാവലാളാകാന്‍ സാധിക്കണം.            തമിഴില്‍ പോലീസിന്‍ 'കാവല്‍' എന്നാണ്‌ പറയുന്നത്. ഒരു പോലീസ്‌ എന്താകണോ അതാണു 'കാവല്‍'. പോലീസുകാരെ 'കാവലാള്‍' എന്നു വിളിക്കാന്‍ തോന്നിപ്പോകുന്നു. അതിനൊരു ശാലീനതയുണ്ട്‌, ഗൌരവവുമുണ്ട്‌. ആണ്‍പെണ്‍ ഭേദമില്ല, ആര്‍ഭാടത്തിനും കുറവില്ല. നല്ല സ്നേഹവും സൌഹൃദവും അനുഭവപ്പെടും.           മനുഷ്യന്റെ ഭൌതിക സൌകര്യങ്ങള്‍ ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നു. അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്‍ എല്ലാ മേഖലയിലും കഴിഞ്ഞ നാളുകളില്‍ നാം നേടിയത്. ഉള്ള നന്മകളെ നശിപ്പിച്ചാകരുത് പുതിയ നേട്ടങ്ങള്‍. നമുക്കുണ്ടായിരുന്നതിനൊക്കെ, നേടിയതിനൊക്കെ കാവാലാളാകേണ്ടവരാണ്‍ നാം. ഇതൊക്കെയും അടുത്തൊരു തലമുറയ്‌ക്കായ് കാത്തു സൂക്ഷിക്കുന്നൊരു നല്ല കാവലാളാകുക നാം.
             ഭൂമിയും പ്രകൃതിയും ദൈവം തന്ന കളിപ്പാട്ടമായി കാണരുത്. പെറ്റുവീണ മണ്ണിന്റെ പെറ്റമ്മയായ ഭൂമിയുടെ പ്രകൃതിയുടെ നാടിന്റെ കാടിന്റെ പുഴയുടെ കാറ്റിന്റെ പച്ചപ്പിന്റെ കാവലാളാകുക. ദേശത്തിന്റെ ദേശീയതയുടെ സ്വാതന്ത്ര്യത്തിന്റെ അഴിമതിയില്ലാത്ത സത്യസന്ധമായ ആദര്‍ശ രാഷ്‌ട്രീയത്തിന്റെ നവോത്ഥാനമൂല്യങ്ങളുടെ കാവലാളാകുക. ദുഃഖങ്ങളും സങ്കടങ്ങളും കേള്‍ക്കാനൊരു ചെവിയാണിന്നിന്റെ ആവശ്യം. ഒരു ചെവിയാകുക ആശ്വാസമേകുക. ഹൃദയത്തിന്റെ ഹൃദയരഹസ്യങ്ങളുടെ കാവലാളാകുക.                അക്ഷരങ്ങള്‍ക്ക്, വാക്കുകള്‍ക്ക്, വാക്കുകളിലെ ദര്‍ശനങ്ങള്‍ക്ക്, കനവുകള്‍ക്ക്, നന്മയുടെ ചെറുതിരികള്‍ക്ക്, ഒഴുകുന്ന കാലത്തിനും, അനിവാര്യമായ മാറ്റങ്ങള്‍ക്കും കാവലാളാകുക. നമ്മള്‍ കാവലാള്‍ മാത്രമാണെന്നോര്‍ക്കുക വിളനിലങ്ങളൊക്കെ ഉടയോന്‍ കൊയ്‌തെടുത്തോട്ടെ നമുക്ക് അര്‍ഹതപ്പെട്ട കൂലി കിട്ടും. അതു മാത്രമേ നമുക്ക് അവകാശപ്പെട്ടതായുള്ളൂ.
             നീതിയും നിയമവും രണ്ടാണെന്നും മനസിലാക്കാം. നിയമ പോരാട്ടങ്ങളിലേര്‍പ്പെടാം എങ്കിലും നിയമം കൈയിലെടുക്കേണ്ടവരല്ല നമ്മള്‍. നിയമത്തിന്റെ കാവലാളുകളാണ്‍ ചുമതലപ്പെട്ടവരുണ്ട് അവര്‍ അവരുടെ ജോലി ചെയ്യട്ടെ. നമുക്ക് നീതിയുടെ കാവലാളാകം. നീതിയുടെ ദേവതയായ തേമിസിന്റെ കണ്ണുകളിലെ കെട്ടഴിക്കാം.
            നാം കാവല്‍ക്കാരനാകുക കാവല്‍ക്കാരിയാകുക. കാവലാളിനും കാവലാളാകുക. സമരസൂര്യന്‍ കാവലാളാകുക.

Saturday, January 26, 2013

ആത്മകഥ

          ഒരു വ്യക്തി സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചെഴുതുന്ന കൃതിയാണ്‌ ആത്മകഥ. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ ഇംഗ്ലീഷ്‌ സാഹിത്യത്തിലും, പത്തൊന്‍പതാം നൂറ്റാണ്ടില്‍ മലയാളത്തിലും ആത്മകഥകള്‍ എഴുതപ്പെട്ടു തുടങ്ങി. സങ്കീര്‍ണ്ണവും ത്യാഗപൂര്‍ണ്ണവുമായ അനുഭവങ്ങളുടെ സത്യസന്ധമായ പ്രകാശനമാണ് ആത്മകഥാ സാഹിത്യം. അല്ലെങ്കില്‍ അങ്ങനെയേ ആകാവൂ എന്നാണ്‍ തത്വം.               
                  ഇന്നലെകളില്‍ ലോകം വായിച്ചത് മഹാന്മാരുടെ ആത്മകഥകളാണ്. മുഗൾ സാമ്രാജ്യം സ്ഥാപിച്ച ബാബര്‍ ചക്രവർത്തിയുടേയും, മഹാത്മാ ഗാന്ധിയുടേയും , ജവഹര്‍ലാല്‍ നെഹ്രുവിന്റെയുമൊക്കെ ആത്മകഥകള്‍ ചരിത്രഗ്രന്ഥങ്ങള്‍ കൂടിയാണ്. മഹാത്മാഗാന്ധിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍‘ വിവിധ ഭാഷകളില്‍ നന്നായി ഇന്നും വായിക്കപ്പെടുന്നു. വി. ടി. ഭട്ടതിരിപ്പാട്, ഇ. എം . എസ് തുടങ്ങിയവരുടെ ആത്മകഥകള്‍ ആ കാലത്തെ രാഷ്ട്രീയ ഗതിവിഗതികളിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. എന്നാല്‍ സാഹിത്യകാരന്മാര്‍ ആത്മകഥകള്‍ എഴുതുമ്പോള്‍ അവരുടെ നിര്‍ണ്ണയാതീതമായ മനോവ്യാപാരത്തില്‍ കൂടിയും വായനക്കാരന് കടന്നു പോകാനാകും.
                 എല്ലാ ജീവിതങ്ങള്‍ക്കും ഒരു ആത്മകദനം സാധ്യമാണ്. ലൈഗികത്തൊഴിലാളിയും കന്യാസ്‌ത്രീയും കള്ളനും എക്‌ട്രാ നടിയും മലയാളി ഹിജഡയും പറഞ്ഞുകൊടുത്തിട്ടാണെങ്കിലും ആത്മകഥകളെഴുതി പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ആത്മകഥ എന്നാല്‍ വലിയ മഹാന്മാര്‍ മാത്രം എഴുതുന്നതാനെന്ന തെറ്റിധാരണ തിരുത്തിക്കൊണ്ട് ഒരു മദ്യപാനിയുടെ ആത്മകഥയും പുറത്തിറങ്ങി. മരുഭൂമിയുടെ ആത്മകഥയും പുസ്‌തകരൂപത്തിലുണ്ട്. എഴുതിയതിലും വലിയ കഥകളാവും എഴുതപെടാതെ പോയിട്ടുണ്ടാവുക.
                 മരുഭൂമിയിലെ അനേകം ജീവിതങ്ങള്‍ ആത്മകഥകളാകേണ്ടതുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ജോലി ചെയ്യുകയും പിന്നെ ടി.വി. യ്‌ക്ക് മുന്നിലിരിക്കുകയും ഉറങ്ങുകയും മാത്രം പതിവായി ചെയ്യുന്ന എനിക്ക് എന്തുകഥയെന്ന് വിചാരിക്കുന്നവരും ഉണ്ടാകാം. നാളെയൊരിക്കല്‍ ഒരു ആത്മകഥ എഴുതേണ്ടി വന്നാലോ എന്ന ചിന്തയിലെങ്കിലും സാമൂഹ്യമായി സാംസ്‌കാരികമായി സമ്പന്ന ജീവിതം നയിക്കേണ്ടിയിരിക്കുന്നു.
                 നിന്നേപറ്റി എഴുതിവെച്ചില്ലെങ്കില്‍ നാളെ നീ അറബിയെ പറ്റിച്ച് കാശുകാരനായ കള്ളനൊ, അറബിപ്പൊന്ന് തട്ടിയെടുക്കാന്‍ വന്ന കൊള്ളക്കാരനോ, അടിച്ചമര്‍ത്താന്‍ വന്ന അധിനിവേശക്കാരനോ ആയി ചിത്രീകരിക്കപ്പെട്ടേക്കാം. നിന്റെ അദ്ധ്വാനത്തിന്റെ, വിയര്‍പ്പിന്റെ, കഷ്‌ടപ്പാടിന്റെ ചുട്ടുപൊള്ളുന്ന യാഥാര്‍ത്ഥ്യമൊന്നും ആരും ഓര്‍ക്കണമെന്നില്ല.
                 ജീവിതത്തെ നോക്കിക്കാണുന്ന രീതിയും ദര്‍ശനത്തിന്റെ പ്രത്യേകതകളും എഴുത്തിനെ സ്വാധീനിക്കാം. ആത്മകഥകള്‍ എല്ലാവരും എഴുതട്ടെ. അറിയപ്പെട്ടവരേക്കാള്‍ എത്രയോ കൂടുതല്‍ അനുഭവതലങ്ങളിലൂടെ കടന്നു പോയവാരായിരികും അറിയപ്പെടാത്തവര്‍.
                ഒരു ജീവിതവും നിസ്സാരമല്ല. എല്ലാത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. ജീവിതം എഴുതിവെയ്‌ക്കേണ്ടത് ആവശ്യമാണ്‍. ആത്മകഥകള്‍ വ്യക്തികളുടെ ജീവിതത്തിലൂടെ സമൂഹത്തിന്റെ ചരിത്രം രചിക്കുകയാണ്‍.

Thursday, January 24, 2013

എഴുത്തുകാരന്റെ പക്ഷം

                 എഴുത്തുകാരന്റെ പക്ഷം ഏതായിരിക്കണം. അവന്‍ നീതിയുടേയും ന്യായത്തിന്റെയും പക്ഷത്തായിരിക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. അവന്റെ പക്ഷം ജനപക്ഷമാകണം. ജനം തെറ്റിലേക്കു നീങ്ങുമ്പോള്‍ മുന്നറിയിപ്പു നല്‍കേണ്ട പ്രവാചക ദൌത്യവും അവനുതന്നെയാണ്‍.
                  കണ്ണില്ലാത്തവന്റെ കണ്ണാവുക. ചെവിയില്ലാത്തവന്റെ ചെവിയാകുക. ശബ്‌ദമില്ലാത്തവന്റെ ശബ്‌ദമാകുക. ചൂഷണത്തിനിരയാകുന്നവനോടൊപ്പം നില്കേണ്ടവനാണ്‍ എഴുത്തുകാരന്‍. ഇരകളുടെ പക്ഷത്താകണം അവന്‍. 
                 എല്ലാവരും കാണുന്നത് കാണുകയല്ല. എല്ലാവരും പറയുന്നത് പറയുകയല്ല. ആരു കാണാതെയും പറയാതെയും ഇരിക്കുന്നവ, കാഴ്‌ചകള്‍ക്ക് അഗോചരമായവ കണ്ടെത്തുകയാണ്‍ അവന്റെധര്‍മ്മം. എഴുത്തുകാരന്‍ ധീരനായിരിക്കണം. ഒരു ധീരനുമാത്രമേ നീതിക്കുവേണ്ടിയും ന്യായത്തിനു വേണ്ടിയും പോരാടാനും പോരാട്ടത്തിന്‍ ശക്തിപകരാനും സാധിക്കുകയുള്ളൂ. മാനവമോചനത്തെക്കുറിച്ചുള്ള സങ്കല്‌പം കാത്തു സൂക്ഷിക്കുന്നവനാകണം അവന്‍.
                സാഹിത്യം ദര്‍ശനമാണ്‍, വിഭജനമില്ലാത്ത അവസ്ഥയെക്കുറിച്ചുള്ള ദര്‍ശനം. വിഭജിച്ചിരിക്കുന്നതിനെ ഒന്നിപ്പിച്ചാലും അത് സാഹിത്യമാകും. അനുരഞ്ജനത്തിന്റെ ശുശ്രൂഷകനാണവന്‍. എഴുത്തുകാരന്‍ ദര്‍ശനമുള്ളവനാകണം. ഇന്നിനേക്കാള്‍ ഒരുപടിയെങ്കിലും മെച്ചപ്പെട്ട നല്ല നാളെയെ കിനാവുകാണുകയും അതിനായ് വാക്കുകളെ ഞാണിന്മേല്‍ തൊടുക്കുന്നവനുമാകണം. 
                   അക്ഷരങ്ങളുടെ, അതുകൊണ്ട് ഉണ്ടാക്കുന്ന വാക്കുകളുടെ, വാചകങ്ങളുടെ ശക്തി പറഞ്ഞറിയിക്കേണ്ടതില്ല. വാക്കാകുന്ന ആയുധം സൂക്ഷിച്ചുപയോഗിക്കണം. മൂര്‍ച്ചയുള്ള വാക്കുകള്‍ക്കൊണ്ട് വായനക്കാരന്റെ ഹൃദയത്തെ സ്‌പര്‍ശിക്കാനാവും. ഹൃദയ ശസ്‌ത്രക്രീയ നടത്താനാവും. മനസ്സിന്റെയും അതിലൂടെ ശരീരത്തിന്റെയും കേടുപാടുകള്‍    പരിഹരിക്കാനാവും. ധീരതയോടെ മുന്നേറുക, വായനക്കാരെ നാളെയിലേക്ക് നയിക്കുക.