Thursday, May 8, 2008

ഉലക്ക - ഉലക്കമാത്രം

ഉലക്ക - ഉലക്കമാത്രം.

വിവാഹത്തിന്, സുഹൃത്തിന്റെ വകയായിരുന്നു ഈ പുതുമയുള്ള സമ്മാനം.

“ഉരല്‍ ഇല്ലാതെ ഉലക്കമാത്രമായിട്ടെന്തിനാ.....,“
“ഇന്നത്തെക്കാലത്ത് ആരാ ഉരലും ഉലക്കയും മറ്റും ഉപയോഗിക്കുന്നത്.“
“ഞങ്ങള്‍ക്ക് ഗ്രൈന്ററുണ്ടല്ലോ....“
“ഇടിക്കുകയും പൊടിക്കുകയുമൊക്കെ ഗ്രൈന്ററിലാകാമല്ലോ !“
“എന്നാലും ഇരിക്കട്ടെ...“

“ഒരുമയുണ്ടെങ്കില്‍ ഉലക്കയിലും കിടക്കാം...” എന്നും പറഞ്ഞ് തോളില്‍ തട്ടി വിവാഹമംഗളങ്ങള്‍ നേരുമ്പോള്‍ വധൂ വരന്മാര്‍ മുഖത്തോടു മുഖം നോക്കി ഊറിച്ചിരിച്ചു.

മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സമ്മാനമായ് കിട്ടിയ ഉലക്ക ഉപയോഗിക്കാതിരുന്ന് നിറം മങ്ങുകയും അങ്ങിങ്ങ് പൂപ്പല്‍ പിടിക്കുകയും ചെയ്‌തു.

വര്‍‌ഷങ്ങള്‍ പോകവേ ഒരുനാള്‍ തിരിച്ചറീഞ്ഞു, ഉലക്കയ്‌ക്ക് ചിതല്‍ പിടിച്ചിരിക്കുന്നു.

പിന്നെ അതിനെച്ചൊല്ലി വഴക്കായി. വഴക്ക് മൂത്ത് കയ്യാങ്കളിയായി.

ഒരാള്‍ തന്റെ വലിയ ശത്രുവിന്റെ തലയില്‍ ഉലക്കകൊണ്ട് ആഞ്ഞടിച്ചു.

ഒരാള്‍ വേദന കൊണ്ട് പുളയുമ്പോഴും ഇരുവര്‍ക്കും സംതൃപ്‌തി തോന്നി.

വൈകിയാണെങ്കിലും വിവാഹ സമ്മാനത്തിന് ഉപയോഗമുണ്ടായല്ലോ !