Sunday, June 15, 2008

റോഡ് മുറിച്ച് കടക്കുമ്പോള്‍...

റോഡിന്റെ ഇരു വശത്തേക്കും നോക്കി വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ റോഡ് മുറിച്ചു കടക്കാന്‍ പാടുള്ളൂ എന്ന് ചെറിയ ക്ലാസ്സില്‍ പഠിക്കുന്നതാണ്.

ആ വൃദ്ധന്‍ അതൊന്നും ശ്രദ്ധിച്ചിരിക്കില്ല.

ആരൊക്കെയാ വണ്ടിക്കു മുന്‍‌പില്‍ വന്നു പെടുന്നതെന്ന് കാണാന്‍ വാഹനത്തിന്‍ കണ്ണില്ലല്ലോ !

അത് ഓടിക്കുന്ന ഡ്രൈവറുടെ കാഴ്‌ചയില്‍ നിശ്ചിതസമയത്തിനുള്ളില്‍ ഓടിയെത്തേണ്ട ലക്ഷം മാത്രമാണുള്ളത്.

വണ്ടിയിലെ യാത്രക്കാര്‍ ഉറക്കത്തിന്റെ ആലസ്യത്തിലാണ്. മിക്കവരും കണ്ണുകള്‍ പൂട്ടി ഉറക്കം നടിക്കുകയാണ്. വടിയും കുത്തിപ്പിടിച്ച് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച വൃദ്ധനെ ഇടിച്ചു തെറിപ്പിച്ചതൊന്നും അവര്‍ അറിയുന്നില്ലെന്നു നടിച്ചു, കാരണം അവരാരും അല്ലല്ലോ ആ വൃദ്ധന്‍.

കണ്ടക്‌ടര്‍ തലപുറത്തേക്കൊന്നിട്ടു നോക്കി, ലക്ഷ്യത്തിലേക്ക് ഡബിള്‍‌ ബെല്ലു കൊടുത്തു. ബസ്സ് പൊടി പറത്തി യാത്ര തുടര്‍‌ന്നു.

തിരക്കുള്ള ജനം വണ്ടിയിടിച്ച് മരിച്ചു കിടക്കുന്ന വൃദ്ധനെ നോക്കി – കാണാതെ തിരക്കില്‍ ലയിച്ചു.

കാവല്‍ നിന്ന പോലീസുകാരന്‍ ഡ്യൂട്ടി കഴിയാറായിട്ടും അവകാശികളെത്താത്തതില്‍ പരിഭവിച്ച് ജഡം ഓടയിലെ ശക്‌തിയുള്ള ഒഴുക്കിലേക്ക് തള്ളി ഫയല്‍ ക്ലോസ്സു ചെയ്‌തു. ഓടവെള്ളം ചെന്ന് ചേരുന്നതും ഗംഗ പോലൊരു നദിയിലാണല്ലോ. കടലിലെത്തിലെങ്കിലും വിശ്രമിക്കട്ടെ ആര്‍‌ക്കും വേണ്ടാത്ത ജന്മം.

പത്രത്തിന്റെ ചരമപേജില്‍ സ്വന്തം മുഖം തിരയുന്നവര്‍ അന്യന്റെ മുഖമെങ്ങനെ കാണാന്‍ !

വിലയില്ലാത്ത വാര്‍‌ത്തകള്‍ വിലയുള്ള ചാനല്‍ കാണുമോ ?

ആ വൃദ്ധനായ കണ്ണുപൊട്ടന്‍ ഒരിക്കലെങ്കിലും വണ്ടിയെ തൊട്ടറിഞ്ഞല്ലോയെന്ന് നമുക്കാശ്വസിക്കാം.

8 comments:

ബാജി ഓടംവേലി said...

മിക്കവരും കണ്ണുകള്‍ പൂട്ടി ഉറക്കം നടിക്കുകയാണ്. വടിയും കുത്തിപ്പിടിച്ച് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച വൃദ്ധനെ ഇടിച്ചു തെറിപ്പിച്ചതൊന്നും അവര്‍ അറിയുന്നില്ലെന്നു നടിച്ചു, കാരണം അവരാരും അല്ലല്ലോ ആ വൃദ്ധന്‍.

കുഞ്ഞന്‍ said...

ബാജീ...

ഈ കൂരമ്പ് സമൂഹത്തിനിട്ടൊരു കുത്താണല്ലൊ കൊടുക്കുന്നത്, പക്ഷെ ചോര പൊടിയൂല്ലാ..!

എന്തായാലും ഒരു തേങ്ങ ഠേ...ന്നു ഉടച്ചിട്ടുണ്ട്..!

ജിജ സുബ്രഹ്മണ്യൻ said...

നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവം തന്നെ..കഴിഞ്ഞൊരു ദിവസം ബസിനടിയില്‍ പെട്ട് മരിച്ചൊരു ആളുടെ ചതഞ്ഞരഞ്ഞ പരുവത്തില്‍ ഉള്ളൊരു ഫോട്ട്ടോ മൊബൈലില്‍ എടുക്കാന്‍ ആളുകള്‍ ഇടിച്ചു കയറിയ രംഗം കാണാനിടയായി..മരണം പൊലും ഇന്നു ആഘോഷമല്ലെ..ഇന്നു ഞാന്‍ നാളെ നീ എന്നാര്‍ക്കും തോന്നുന്നില്ലല്ലോ...മറ്റുള്ളവരും നമ്മുടെ സഹോദരങ്ങള്‍ ആണെന്ന തോന്നല്‍ വരാതെ ഈ ദു സ്ഥിതി മാറില്ല..
പോസ്റ്റ് ചിന്തിപ്പിച്ചു...

ബഷീർ said...

പ്രതികരണം നന്നായി

ലക്ഷ്യം ,ലക്ഷമായിരിക്കുന്നു..

പിന്നെ പത്രത്തിലെ ചരമകോളത്തില്‍ സ്വന്തം മുഖം തിരയുന്നു... എന്നതില്‍ ഒരു സംശയം.. മറ്റുള്ളവരുടെ മുഖമാണു എല്ലാവരും തിരയുന്നത്‌.. അവിടെ തന്റെ മുഖം വരില്ലെന്ന് കരുതി..

SreeDeviNair.ശ്രീരാഗം said...

ബാജി..
നല്ലവരെക്കാണാന്‍,
പാടുപെട്ടു...ഞാന്‍
നന്മയെക്കാണാന്‍,
നോക്കിനിന്നൂ...
പക്ഷേ....?

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, ഒരു പുതിയ കാഴ്ചപ്പാട്... നല്ല ചിന്ത.

Typist | എഴുത്തുകാരി said...

വണ്ടി ഇടിച്ച വൃദ്ധനെ നോക്കാനൊക്കെ ആര്‍ക്കാ ഇപ്പോ സമയം? എല്ലാര്‍ക്കും തിരക്കല്ലേ?

ഹാരിസ്‌ എടവന said...

ശരിയാണു..നമ്മുടെ നാട്ടില്‍ മാത്രം റോഡ് ഡ്രൈവര്‍ മാരുടെ സ്വന്തമാണല്ലോ..അതുകൊണ്ടാവാം ഏറ്റവും മാന്യത കുറഞ്ഞ ജോലിയായി ഡ്രൈവര്‍ പ്പണി മാറിയത്.
പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി ഇത്രയെങ്കിലും എഴിതിയല്ലോ..
നന്ദി പറയട്ടെ.