Friday, September 3, 2010

പവിഴ മഴ പ്രകാശനം ചെയ്‌തു




പവിഴ മഴ പ്രകാശനം ചെയ്‌തു
ഗള്‍ഫ് മേഖലയിലെ 80 കവികളുടെ കവിതകള്‍ അടങ്ങിയ കവിതാസമാഹാരം “ പവിഴ മഴ “ ബഹറിന്‍ കേരളീയ സമാജത്തില്‍ വെച്ച് പ്രകാശനം ചെയ്‌തു. പ്രശസ്‌ത ചലച്ചിത്രകാരന്‍ ശ്രി. പി. ടി. കുഞ്ഞുമുഹമ്മദായിരുന്നു പ്രകാശകന്‍. ആദ്യ പ്രതി അദ്ദേഹത്തില്‍ നിന്നും സമാജം സെക്രട്ടറി ശ്രി. എന്‍. കെ. വീരമണി ഏറ്റുവാങ്ങി. സമാജം ആക്‌ടിങ്ങ് പ്രസിഡന്റ് ശ്രീ. സജു കുമാര്‍ കെ. എസ്. അദ്ധ്യക്ഷത വഹിച്ചു. ബിജു എം. സതീഷ്, ബാജി ഓടംവേലി, കമാല്‍ മൊഹിതീന്‍, ഒഴൂര്‍ രാധാകൃഷ്ണന്‍, മുരളീധര്‍ തമ്പാന്‍, കാമിന്‍ നസീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ബാജി ഓടംവേലി എഡിറ്ററായുള്ള ഈ കവിതാ സമാഹാരത്തില്‍ ദുബായ്, അബുദാബി, ഖത്തര്‍, സൌദി, ബഹറിന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ കവികളുടെ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 73 കവിതകള്‍ ബഹറിനില്‍ നിന്നു തന്നെയുള്ളതാണ്. ബഹറിന്റെ വിവിധ ഭാഗങ്ങളിലുള്ള ലേബര്‍ ക്യാമ്പുകളും മറ്റും സന്ദര്‍ശിച്ച് കവിതയില്‍ താത്‌പര്യമുള്ള മുഴുവന്‍ പേരുടേയും രചനകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ കവികളുടെ ഒരു ഡയറക്‌ടറിയായും ഈ കവിതാസമാഹാരം പ്രയോജനപ്പെടുത്താം. എഴുത്തുകാരുടെ ഫോട്ടോയും അവരേപ്പറ്റിയുള്ള വിവരണവും കൂടെ ചേര്‍ത്തിരിക്കുന്നത് എഴുത്തുകാരെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കും. ബഹറിനിലെ എഴുത്തുകാരുടെ കൂട്ടായ്‌മയായ തണല്‍ പബ്ലിഷേര്‍സാണ് പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പതിനൊന്നംഗ കമ്മറ്റിയാണ്‍ കവിതകള്‍ ശേഖരിച്ച് പുസ്തകരൂപത്തിലാക്കാന്‍ നേതൃത്വം നല്‍കിയത്. ശ്രീ. സോണി ജോര്‍ജ്ജാണ് കവര്‍പേജ് തയ്യാറാക്കിയിരിക്കുന്നത്.

ആഗസ്‌റ്റ് രണ്ടാം തീയതി വൈകിട്ട് 8 മണിക്ക് നടക്കുന്ന സാഹിത്യവേദി മീറ്റിംഗില്‍ ഇതില്‍ എഴിതിയിരിക്കുന്ന കവിതകള്‍ കവികള്‍ അവതരിപ്പിക്കുകയും കവികളെ അനുമോദിക്കുകയും ചെയ്യും.

“ആധുനീക കേരള നിര്‍മ്മിതിയില്‍ പ്രവാസികളുടെ പങ്ക് “ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ശ്രീ. പി. ടി. കുഞ്ഞുമുഹമ്മദ് വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും അദ്ദേഹവുമായി മുഖാമുഖവും ഉണ്ടായിരുന്നു.

No comments: