Thursday, October 4, 2007

പ്രവാസലോകം

ഗള്‍ഫ് മരുഭൂമിയുടെ ഉള്‍ഗ്രാമത്തില്‍ കുറെ കാട്ടറബികളും ഒട്ടകങ്ങളും താമസിക്കുന്നിടത്ത് ഒരു മലയാളിയൊ ?

വിദേശത്ത് കാണാതാവുന്നവരെ അന്വേഷിക്കുന്ന പ്രവാസലോകമെന്ന ടി.വി. പരിപാടിയില്‍ കഴിഞ്ഞ ആഴ്‌ച കണ്ട അതേ മുഖം.
ഇരുപത്തിരണ്ടു വര്‍ഷത്തിന്റേതായ വലിയ മാറ്റങ്ങളൊന്നും ആ മുഖത്ത് കാണാനില്ല.

ചോദ്യങ്ങള്‍‌ക്കൊന്നും അവന് ഉത്തരമില്ല. ചിലപ്പോള്‍ തലകുലുക്കും. ചില ചോദ്യങ്ങളുടെ ഉത്തരം ഒരു മൂളലായിരിക്കും.

ആ മുഖത്തെ ദൈന്യഭാവം ഉത്തരമാകുന്ന ചോദ്യം ഏതാണ് ?

ഒട്ടകങ്ങളെ മേയിച്ചു നടന്ന് അവയുടെ ഭാഷ മാത്രമേ മനസ്സിലാകൂ എന്നുണ്ടോ ?

ജീവിക്കുവാന്‍ വേണ്ടി അറിയാത്ത ദേശത്തേക്ക് കടലുതാണ്ടിയെത്തിയവന്‍.
ചരക്കു കപ്പലില്‍ ഒരായിരം പ്രതീക്ഷകളുമായി തീരമണഞ്ഞവന്‍.
സ്വന്തം അസ്‌തിത്വം തെളിയിക്കുന്ന പ്രധാന രേഖയായ പാസ്സ്‌പോര്‍ട്ടു പോലും കൈയ്യിലില്ലാതെ മരുഭുമിയില്‍ വര്‍ഷങ്ങളോളം ജീവിക്കാമെന്ന് തെളിയിക്കുന്നു.
കാലത്തിന്റെ കൊടുംചൂടും തണുപ്പുമേറ്റ് പ്രതീക്ഷകള്‍ മങ്ങി, മനസ്സിലെ ഓര്‍മ്മകള്‍ മരവിച്ചു.

ഒട്ടകങ്ങള്‍ക്ക് തീറ്റ കൊടുക്കുമ്പോള്‍ അവയുടെ ഒരു നോട്ടം, ആ കണ്ണുകളില്‍ കണ്ട തിളക്കമാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഒട്ടകങ്ങളുടെ ഉടമസ്‌ഥനായ അറബിയുടെ പീഢനങ്ങള്‍ സഹിക്കേണ്ടിവരുമ്പോള്‍
നിശ്ശബ്‌ദനായി കരയാന്‍ പഠിച്ചു.
എല്ലാം സഹിക്കാന്‍ ശീലിച്ചു.

ഗള്‍ഫിന്റെ പ്രൌഡിയും ആഡംബരവും വിളിച്ചോതുന്ന വലിയ വലിയ കെട്ടിടങ്ങള്‍ കൊണ്ടു നിറഞ്ഞ പട്ടണത്തിലേക്ക്, പട്ടണത്തിന്റെ ആധുനിക സൌകര്യങ്ങളിലേക്ക് അവനെ കൊണ്ടു പോകുവാന്‍ വേണ്ടി വണ്ടിയില്‍ കയറ്റാന്‍ അല്പം നിര്‍ബ്ബന്ധിക്കേണ്ടി വന്നു.

റെക്കോര്‍‌ഡു ചെയ്‌ത പ്രവാസലോകത്തിന്റെ കാസറ്റില്‍ നിന്നും അവനേപ്പറ്റിയുള്ള ഭാഗം കാണിച്ചു. വിങ്ങിപ്പൊട്ടുന്ന മനസ്സുമായാണ് ആദ്യാവസാനം അവനതു കണ്ടത്‌.
അവന്റെ അനുജനും അനുജന്റെ മകളുമാണ് ടി. വി. യില്‍ ജ്യേഷ്‌ഠനെത്തേടി എത്തിയിരിക്കുന്നത്‌.

നഷ്‌ടപ്പെട്ട മകനെകാത്തിരുന്ന്‌ മരണം വരിച്ച അച്‌ഛന്റെയും അമ്മയുടേയും ഫോട്ടോകള്‍ ടി. വി. യുടെ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അവന്റെ മനസ്സിലെന്തായിരുന്നു?

മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റം ഉണ്ടായി.
തന്റെ കുട്ടിക്കാലവും നാടും വീടും നാട്ടുകാരും അവന്റെ മനസ്സില്‍ കുളിരേകി.
തന്റെ യൌവ്വനകാലത്തിന്റെ ഓര്‍മ്മകള്‍ അവനെ അസ്വസ്‌ഥനാക്കി.

നാട്ടില്‍ പോകണമെന്നും തന്റെ കൂടെപ്പിറപ്പുകളെ കാണണമെന്നും അവന് തോന്നാതിരിക്കുമോ?

ഇവനെ നാട്ടിലേക്ക് അയയ്‌ക്കുവാനായി സന്നദ്ധ സംഘടനയുടെ ഭാരവാഹികളെ ഫോണ്‍ ചെയ്‌ത് അറിയിച്ചു , അവര്‍ ഉടന്‍ വരാമെന്നേറ്റു.

ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ലോകത്തിന്റെ മാറിയമുഖം കാണുവാനായി ടി. വി. അവന്നായി തുറന്നു വെച്ചു.
വാര്‍ത്തകളുടെ ഒരു നീണ്ട മണിക്കൂര്‍, അവന്‍ ടി. വി. യിലേക്കു തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

ഇന്നത്തെ ലോകത്തിന്റെ ഒരു നേര്‍ച്ചിത്രം ഒരു മണിക്കൂര്‍‌ക്കൊണ്ട് അവന്റെ മനസ്സില്‍ വരയ്‌ക്കപ്പെട്ടു.
ആഗോള ഭീകരതയുടേയും, അക്രമത്തിന്റെയും, ചതിയുടേയും, അറുംകൊലയുടേയും, പെണ്‍‌വാണിഭത്തിന്റെയും, പീഢനത്തിന്റെയും മറ്റും ലോകത്തില്‍ ഒരു മണിക്കൂര്‍ അവന്‍ ശ്വാസം മുട്ടിയാണിരുന്നത്‌.

മനസ്സിലെ ചിന്തകളുടെ ബഹിര്‍സ്‌ഫുരണങ്ങള്‍ മുഖത്തു വ്യക്‌തമാണ്.

അവനെ നാട്ടിലേക്ക് അയയ്‌ക്കുവാന്‍ സഹായിക്കുവാനായി സന്നദ്ധ സംഘടനയുടെ ഭാരവാഹികള്‍ വന്നു.

അവന്‍ എന്തോ ചിന്തിച്ചുറച്ച് ടി. വി. യുടെ മുന്നില്‍ നിന്നും എഴുന്നേറ്റു.
അവന്‍ ഇറങ്ങി ഓടുകയാണ്. മരുഭൂമിയുടെ ഉള്‍ഗ്രാമത്തിലേക്ക് തിരികെപ്പോകുകയാണ്.

അവന്‍ തിരികെ നോക്കി വിളിച്ചു പറഞ്ഞത് മലയാളത്തിലായിരുന്നു.
“ഒട്ടകങ്ങള്‍ മൃഗങ്ങളല്ല......... , ഒട്ടകങ്ങള്‍ മൃഗങ്ങളല്ല.......”

22 comments:

ബാജി ഓടംവേലി said...

വിദേശത്ത് കാണാതാവുന്നവരെ അന്വേഷിക്കുന്ന പ്രവാസലോകമെന്ന ടി.വി. പരിപാടിയില്‍ കഴിഞ്ഞ ആഴ്‌ച കണ്ട അതേ മുഖം.
ഇരുപത്തിരണ്ടു വര്‍ഷത്തിന്റേതായ വലിയ മാറ്റങ്ങളൊന്നും ആ മുഖത്ത് കാണാനില്ല.

കുഞ്ഞന്‍ said...

നന്നായിരിക്കുന്നു...
അറബിക്കഥ സിനിമയിലെ രംഗങ്ങളാണു മനസ്സിലോടിയെത്തിയത്..!

Sethunath UN said...

ആശ‌യ‌ം കൊ‌ള്ളാം ബാജീ. പക്ഷേ ഒരു മ‌ണിക്കൂ‌ര്‍ കൊണ്ട് ആധുനിക‌ലോകത്തിലെ കൊള്ളരുതായ്മക‌ള്‍ ടെലിവിഷനിലൂടെ കണ്ടു മ‌നസ്സിലാക്കി എന്നിടത്ത് ഒരു ചേരായ്ക .. പോരായ്മ.
പ്രത്യേകിച്ചും ഇരുപത്തിരണ്ടു വര്‍ഷത്തിനു ശേഷ‌ം ടെലിവിഷന്‍ കാണുന്ന ഒരാ‌ള്‍.

മെലോഡിയസ് said...

നല്ല ആശയം ബാജി. നല്ല എഴുത്തും.

മയൂര said...

നല്ല പോസ്റ്റ്..

ഗിരീഷ്‌ എ എസ്‌ said...

അഭിനന്ദനങ്ങള്‍

പ്രയാസി said...

മരുഭൂമിയിലെ പാറപ്പുറത്തെ ചൂടില്‍ ആഹാരം പാകം ചെയ്തു കഴിക്കുന്ന, AC ഇല്ലാത്ത ടെന്റില്‍ കിടന്നുറങ്ങുന്ന മലയാളിയെക്കുറിച്ചു ഒരിക്കല്‍ വായിച്ചിരുന്നു. 50 ഡിഗ്രി ചൂടില്‍ മെസ്സില്‍ പോകാനായി മാത്രം പുറത്തിറങ്ങുമ്പോള്‍ ഞാനനുഭവിക്കുന്ന വിഷമം!
ദൈവം ഈ മരുഭൂവില്‍ ഉരുകിയൊലിക്കുന്ന ആ പാവങ്ങളെ സഹായിക്കട്ടെ...

സഹയാത്രികന്‍ said...

ഇങ്ങനേയും എത്രയോപേര്‍ ഈ രാജ്യങ്ങളില്‍...
പുറത്തേയ്ക്ക് കാണുന്ന സമ്പന്നതയുടേയും പ്രൗഡഗാഭീരതയുടേയും ഇടയില്‍ ആരോരുമറിയാതെ...

നന്നായി മാഷേ.... നന്നായി...

സുജനിക said...

നല്ല രചന... അഭിനന്ദനം

ശ്രീ said...

ബാജി ഭായ്...
ആശയം കൊള്ളാം.
:)

Anonymous said...

ബാജിമാഷേ, കഥ നന്നായിട്ടുണ്ട്.

ഈ ഭാഗം ഇഷ്ടപ്പെട്ടില്ല. ഇതില്ലെങ്കിലും നന്നാവുമായിരുന്നു. പ്രത്യേകിച്ചും ആദ്യത്തെ വരി.

മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റം ഉണ്ടായി.
തന്റെ കുട്ടിക്കാലവും നാടും വീടും നാട്ടുകാരും അവന്റെ മനസ്സില്‍ കുളിരേകി.
തന്റെ യൌവ്വനകാലത്തിന്റെ ഓര്‍മ്മകള്‍ അവനെ അസ്വസ്‌ഥനാക്കി.

സ്നേഹത്തോടെ,
സിമി.

സജീവ് കടവനാട് said...

ഈ കഥയുടെ രണ്ടു ഭാഗങ്ങള്‍ രണ്ടു രീതിയിലാണ് സംവദിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. അവസാന ഭാഗത്തെ ബിംബങ്ങളും റൊമാന്റിസവുമൊക്കെ നന്നായെങ്കിലും...

chithrakaran ചിത്രകാരന്‍ said...

ബാജി,
വളരെ നന്നായിരിക്കുന്നു. ആദ്യം വിചാരിച്ചത് സത്യമായ സംഭവ വിവരണമെന്നാണ്. പിന്നെ ഒട്ടകങ്ങള്‍ മൃഗങ്ങളല്ലെന്ന ദാര്‍ശനിക മാനം കണ്ടപ്പോഴാണ് സംഗതി കഥയാണെന്നു മനസ്സിലായത്.(അറബിക്കഥ കണ്ടിരുന്നു)
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !
താങ്കളുടെ മറ്റൊരു ബ്ലൊഗ് റ്റെംബ്ലെറ്റിന്റെ പ്രത്യേകതകൊണ്ടാണെന്നു തോന്നുന്നു.ചിത്രകാരനു വായിക്കാനാകുന്നില്ല.നിറയ്യെ കുത്തും പുള്ളിയും മാത്രം.

ഹരിശ്രീ said...

ബാജി ഭായ്,
നന്നായിട്ടുണ്ട്. എന്റെ ആശംസകള്‍

Typist | എഴുത്തുകാരി said...

ബാജീ, കൊള്ളാം.

കുറുമാന്‍ said...

നല്ല ചിന്ത

ബാജി ഓടംവേലി said...
This comment has been removed by the author.
യാത്രിക / യാത്രികന്‍ said...

ഒട്ടകങ്ങള്‍ മൃഗങ്ങളല്ലെന്നുള്ള ദാര്‍ശനീക നന്നായിരിക്കുന്നു. നല്ല നിലവാരമുള്ള കഥ.
അഭിനന്ദനങ്ങള്‍.

ബാജി ഓടംവേലി said...

കുഞ്ഞന്‍,
അറബിക്കഥ കണ്ടില്ല. ഉടന്‍ തന്നെ കാണാന്‍ തീരുമാനിച്ചു

നിഷ്ക്കളങ്കന്‍,
ഒരു മണിക്കൂര്‍ ‘ന്യൂസ് അവര്‍‘ ആണ് കണ്ടത്.
നിങ്ങലൊന്ന് കണ്ടു നോക്ക് എന്നോക്കെ കൊള്ളരുതായ്‌മകള്‍ കാണാന്‍ പറ്റുമെന്ന്.
മൊലോഡിയസ്, മയൂര, ദ്രൌപതി,പ്രയാസി, സഹയാത്രികന്‍, രാമനുണ്ണി, ശ്രീ,
നല്ല വാക്കുകള്‍ക്ക് നന്ദി, നന്ദി.

സിമി,
ശ്രദ്ധിക്കാം.

കിനാവ്,
രണ്ടായിട്ടാണെങ്കിലും ആശയം സംവേദിച്ചല്ലോ അതുമതി.

ചിത്രകാരന്‍,
www.bajis-kurippukal.blogspot.com
വായിക്കാന്‍ ശ്രമിക്കുക പ്രശ്‌നം ഉണ്ടെങ്കില്‍ അറിയിക്കുക.

ഹരിശ്രീ, എഴുത്തുകാരി, കുറുമാന്‍, യാത്രികന്‍,
നല്ലവാക്കുകള്‍ക്ക് നന്ദി.
തുടക്കക്കാരനാണ് കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം
ബാജി ഓടംവേലി

ഏറനാടന്‍ said...

നല്ല കഥ. ഒന്നൂടെ ഇരുത്തി എഴുതിയിരുന്നെങ്കില്‍ ഒന്നൂടെ ഉഷാറാക്കാമായിരുന്നുവെന്ന് തോന്നി. റോബിന്‍സന്‍ ക്രൂസോ ഏറെ വറ്ഷക്കാലം ഏകാകിയായി ഒരു ദ്വീപില്‍ കഴിഞ്ഞ കഥ ഓറ്മ്മിച്ചുപോയി..

മന്‍സുര്‍ said...

ബാജിഭായ്‌..

.ഇഷ്ടമായി...

നല്ല പോസ്റ്റ്‌....ഒന്ന്‌ ചോദിചോട്ടെ.....രണ്ടു മനസ്സുകളില്‍ ഒരേ ആശയങ്ങളും...ചിന്തകളും വരുമെന്നതു ശരിയാണോ..??
അല്ല ഞാനും ഇത്‌ പോലെ ഒരു വിഷയം മാനസ്സില്‍ കണ്ടിരുന്നു....പക്ഷേ ഇതല്ലാ ട്ടോ...
ഉടനെ പോസ്റ്റ്‌ ചെയ്യാം...


അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു

മഴതുള്ളികിലുക്കം said...

ബാജിയുടെ

എല്ലാ കുറിപ്പുകളും അതിമനോഹരം


നന്‍മകല്‍ നേരുന്നു