Thursday, January 10, 2013

നല്ല കുട്ടിക്കാലം

"ങ്ങള്‍ക്കൊരു നല്ല കുട്ടിക്കാലം ഉണ്ടായിരുന്നു" അപ്പൂപ്പന്‍ പറഞ്ഞു.
ആ നല്ല കുട്ടിക്കാലത്തിന്റെ ഓര്‍മ്മയ്‌ക്കായ് തന്റെ കാല്‍പ്പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന അപ്പൂപ്പന്‍താടിയെടുത്ത് കുട്ടികളെക്കാണിച്ചു. ഒരുപാട് വേനലും മഴയും വന്നുപോയിട്ടും അതിന്റെ തിളക്കം ഇന്നും മങ്ങിയിട്ടില്ല, അത് കാറ്റില്‍ പറത്തിക്കാണിച്ചപ്പോള്‍ സൂര്യപ്രഭയില്‍ വെട്ടിത്തിളങ്ങി. അപ്പൂപ്പന്‍ പല്ലുപോയമോണകാട്ടിച്ചിരിച്ചു. കുട്ടികള്‍ അതൊന്നും ഗൌനിച്ചില്ല. അവര്‍ കാര്‍ട്ടൂണിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു.
ഓര്‍മ്മകളുടെ പുസ്‌തകത്താളില്‍ മാനം കാണിക്കാതെ ഒളിപ്പിച്ചു വെച്ചിരുന്ന മയില്‍പ്പീലിയെടുത്ത് അപ്പൂപ്പന്‍ കുട്ടികളെക്കാണിച്ചു. മയില്‍പ്പീലി ആകാശം കാണിക്കാതെ വെച്ചാല്‍ പെറ്റുപെരുകും പോലും. കുട്ടികള്‍ അതൊന്നും കേട്ടില്ല. അതിലൊന്നും അവര്‍ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അവര്‍ കമ്പ്യൂട്ടര്‍ ഗെയിമിലായിരുന്നു. അപ്പൂപ്പന്‍ കുപ്പിയില്‍ അടച്ചു വെച്ചിരിക്കുന്ന മഞ്ചാടിക്കുരു, വളപ്പൊട്ടുകള്‍, അങ്ങനെ ഓര്‍മ്മകളിലെ സമ്പാദ്യം എല്ലാം എടുത്തു കാണിച്ചു. കുട്ടികള്‍ക്ക് അതൊന്നും കാര്യമായി തോന്നിയില്ല. അതൊന്നും അവരെ സന്തോഷിപ്പിച്ചില്ല. അവര്‍ സൈബര്‍ ലോകത്തെവലയിലെ കണ്ണികളാവുകയായിരുന്നു. അപ്പൂപ്പന്‍താടിയുടെ ശല്യം സഹിക്കാതെ അതിനെ മൂന്നാം നിലയിലെ ജനാലയിലൂടെ താഴേക്കു പറത്തി, മയില്‍പ്പീലി മാനം കണ്ടു, മഞ്ചാടിക്കുരുവും വളപ്പൊട്ടുകളും തറയില്‍ വീണ് ചിന്നിച്ചിതറി.
ഭിത്തിയില്‍ തൂങ്ങുന്ന അപ്പൂപ്പന്റെ ഫോട്ടോയില്‍ നോക്കി കള്ളച്ചിരിയോടെ പാവം കുട്ടികള്‍ മനസ്സില്‍ പറഞ്ഞു "ഞങ്ങള്‍ക്കൊരു നല്ല കുട്ടിക്കാലം കിട്ടി "

2 comments:

ശ്രീ said...

ഇപ്പോള്‍ സൈബര്‍ യുഗമല്ലേ ബാജി ഭായ്...

ajith said...

ന്യൂജനറേഷന്‍സ്