മുത്തശ്ശിയുടെ നാവില്‍ നിന്ന് കഥകള്‍ കേട്ട് അനുഭവിച്ചൊരു ബാല്യകാലം ഉണ്ടായിരുന്നു. ഇന്ന് കഥ കഥപറയേണ്ടവരൊക്കെ വൃദ്ധസദനത്തില്‍ വിരുന്നു പോയിരിക്കുകയാണ്‍. ജനനത്തിനും മരണത്തിനും ഇടയിലുള്ള മൂന്നക്ഷരം ഓടിത്തീര്‍ക്കാന്‍ ബന്ധപ്പെടുന്ന തിരക്കുള്ള മനുഷ്യനെവിടെയാ കഥപറഞ്ഞു കൊടുക്കാന്‍ സമയം കിട്ടുക. കഥകളില്ലാതെ ഭാവന ഉണരാതെ ബാല്യങ്ങള്‍ മുരടിക്കുന്നു. കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കാമെന്നു വിചാരിച്ചാലും ദിവസവും പുതിയ കഥകളുണ്ടാക്കുന്ന മാന്ത്രികക്കുടുക്കയൊന്നും കൈവശമില്ലല്ലോ എന്ന തിരിച്ചറിവുണ്ടാകുന്നു.
ഇന്നത്തെ പല പ്രശസ്‌തരായ എഴുത്തുകാരും സത്യത്തില്‍ എഴുത്തുകാരല്ല. പിന്നയോ അവര്‍ കൊട്ടുകാരാണ്‍. അവര്‍ പേന ഉപയോഗിച്ച് പേപ്പറില്‍ ഒന്നും എഴുതാറില്ല. താളിയോലകളില്‍ ചിതലരിക്കാന്‍ തുടങ്ങിയ കാലത്ത് എഴുത്തോലയും നാരായവും ഉപേക്ഷിച്ചതുപോലെ പേനയും പേപ്പറും ഉപേക്ഷിച്ചിരിക്കുന്നു.
കീബോര്‍ഡില്‍ വിരലുകള്‍ക്കൊണ്ട് കൊട്ടി താളം പിടിച്ച് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ അക്ഷരപ്പൂക്കള്‍ കഥയായും കവിതയായും നോവലായും വിരിയിക്കുന്നവരാണവര്‍. അവരും എഴുത്തുകാരെന്നു തന്നെയാണ്‍ അറിയപ്പെടുന്നത്. എഴുത്തില്‍ അവര്‍ പുതിയ സാങ്കേതിക വിദ്യകള്‍ നന്നായി ഉപയോഗിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു. എഴുതുകയും വെട്ടിത്തിരുത്തുകയും പലപ്രാവശ്യം പകര്‍ത്തിയെഴുതുകയും മറ്റും നല്ല പരിശ്രമം ആവശ്യപ്പെടുന്നു. കമ്പ്യൂട്ടറിലെ എഴുത്തിന് ഒത്തിരി സൌകര്യങ്ങളുണ്ടെന്നത് തള്ളിക്കളയാനാവില്ല. പുതിയ കണ്ടുപിടിത്തങ്ങള്‍ മനുഷ്യനന്മയ്‌ക്കായി ഉപയോഗിക്കേണ്ടതു തന്നെയാണ്‍.
എഴുത്തുകാര്‍ക്കിടയിലും വായനയുടെ കുറവുണ്ടെന്ന് സമ്മതിക്കാതെ വയ്യ. നല്ലൊരു എഴുത്തുകാരന്‍ തീര്‍ച്ചയയും നല്ലൊരു വായനക്കാരനായിരിക്കണം. തനിക്കു മുന്‍പെ എഴുതിയവര്‍ എന്ത് എഴുതി എന്ന് മനസ്സിലാക്കണം. തനിക്കൊപ്പം എഴുതുന്നവര്‍ എന്താണ് എഴുതുന്നതെന്ന് അറിഞ്ഞിരിക്കണം. വായിച്ചു വളര്‍ന്നാല്‍ വിളയും അല്ലെങ്കില്‍ വളയും എന്ന് പൊക്കമില്ലാത്തൊരാള്‍ പറഞ്ഞുവെച്ചിട്ടുണ്ട്.
എഴുത്തില്‍ മറ്റാരെയും അനുകരിക്കാതെ നമുക്ക് നമ്മുടേതായ പാത വെട്ടിത്തുറക്കാനാവും. നമുക്ക നമ്മുടേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കണം. ആത്മാര്‍ത്ഥമായ് എഴുതിക്കൊള്ളുക നമ്മുടെ ശൈലി സ്വയം രൂപപ്പെട്ടുകൊള്ളും. ആദ്യവരിക്കവിത എഴിതുന്നതിനു മുന്‍പേ താനൊരു കവിയാകാന്‍ ജനിച്ചവാണെന്ന് ഉറപ്പുണ്ടായിരുന്ന പ്രതിഭാധനന്മാര്‍ നമുക്കുണ്ടായിരുന്നു.
ഈ മരുഭൂമിയില്‍ ഒത്തിരി ഒത്തിരി അനുഭവ സമ്പത്തുള്ളവര്‍ ആരും അറിയാതെ ജീവിച്ച് മരിക്കുന്നു. നാം അങ്ങനെ ജീവിച്ചു മരിക്കേണ്ടവരല്ല. അനുഭവങ്ങള്‍ വരും തലമുറയ്‌ക്കായ് എഴുതി വെയ്‌ക്കേണ്ട ചുമതല നമുക്കുണ്ട്. ഫോണും നെറ്റും കത്തെഴുത്തിന്റെ കഴുത്തിനു പിടിച്ചു. ഡയറിക്കുറിപ്പിന്റെ പേജുകള്‍ വലരു ചിലവ് കണക്കുകള്‍ അപഹരിച്ചു.
നമ്മുടെ ഓര്‍മ്മകളില്‍ നല്ല വായനയുടെ ഒരു വസന്തകാലം നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്തെങ്കിലും എഴുതണം എന്ന് ആഗ്രഹിക്കുന്ന ഒരു മനസ്സും ബാക്കിയുണ്ട്. ഇനിയും താമസിച്ചിട്ടില്ല ഇപ്പോള്‍ത്തന്നെ എഴുതിത്തുടങ്ങുക. നിന്റെ വാക്കുകള്‍ക്കായ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരൊക്കയോ ഉണ്ടെന്ന് അറിയുക.
സസ്‌നേഹം
ബാജി ഓടംവേലി
Wednesday, January 16, 2013
Subscribe to:
Post Comments (Atom)
2 comments:
നമ്മുടെ ഓര്‍മ്മകളില്‍ നല്ല വായനയുടെ ഒരു വസന്തകാലം നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്തെങ്കിലും എഴുതണം എന്ന് ആഗ്രഹിക്കുന്ന ഒരു മനസ്സും ബാക്കിയുണ്ട്. ഇനിയും താമസിച്ചിട്ടില്ല ഇപ്പോള്‍ത്തന്നെ എഴുതിത്തുടങ്ങുക. നിന്റെ വാക്കുകള്‍ക്കായ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരൊക്കയോ ഉണ്ടെന്ന് അറിയുക.
ഇപ്പോള്‍ എഴുത്തുകാര്‍ മാറി 'കൊട്ടുകാര്‍' ആയി എങ്കിലും എഴുത്ത് പുതു തലമുറയും കൈവിടുന്നില്ല എന്ന് സമാധാനിയ്ക്കാം...
Post a Comment